മുംബൈ: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജക്ക് പകരം ഇടങ്കയ്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഇടംനേടി. ഓഗസ്റ്റ് 12 മുതല്‍ പല്ലെകെലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് നടക്കുക.
രണ്ടാം ടെസ്റ്റിനിടെ ലങ്കന്‍ ബാറ്റ്‌സ്മാന്‍ മലിന്ദ പുഷ്പകുമാരയെ അപകടകരമായ രീതിയിൽ പന്ത് കൊണ്ട് എറിഞ്ഞതിന് ഐ.സി.സി ഒരു ടെസ്റ്റില്‍ നിന്ന് ജഡേജയെ വിലക്കുകയായിരുന്നു. ഒപ്പം മാച്ച് ഫീയുടെ അമ്പത് ശതമാനം പിഴയും ചുമത്തി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര കളിക്കാന്‍ വരുമ്പോള്‍ തന്നെ മൂന്ന് ഡി മെറിറ്റ് പോയിന്റുകളുണ്ടായിരുന്നു ജഡേജയ്ക്ക്. 2016 ഒക്ടോബറില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ പിച്ചില്‍ ഓടിയതിന് ലഭിച്ച പിഴയായിരുന്നു ഇത്.
പുഷ്പകുമാരക്കെതിരെ അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതോടെ മൂന്ന് പിഴപ്പോയിന്റുകള്‍ കൂടി ലഭിച്ച് മൊത്തം ആറ് ഡി മെറിറ്റ് പോയിന്റുകളായതിനെ തുടർന്നാണ് ജഡേജയ്ക്ക് ഒരു മത്സരത്തിൽ വിലക്ക് വന്നത്. കളിക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 2.2.8 അനുച്ഛേദത്തിന്റെ ലംഘനമാണിതെന്ന് അമ്പയര്‍മാരായ റോഡ് ടക്കറും ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൊളംബോയിലെ രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റെടുക്കുകയും പുറത്താകാതെ 70 റണ്‍സ് നേടുകയും ചെയ്തിരുന്നു ജഡേജ. തുടര്‍ന്ന മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിനൊപ്പം ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തുകയും ചെയ്തു.
മൂന്നാം ടെസ്റ്റിന്റെ അവസാന ഇലവനില്‍ ഇടം പിടിക്കുകയാണെങ്കില്‍ 23കാരനായ അക്‌സറിന് അത് ടെസ്റ്റ് അരങ്ങേറ്റമാകും. നേരത്തെ ഇന്ത്യക്കായി 30 ഏകദിനങ്ങളും ഏഴു ടിട്വന്റിയും അക്‌സര്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക എയെ തോല്‍പ്പിച്ച് ഇന്ത്യന്‍ എ ടീം കിരീടം നേടിയപ്പോള്‍ ആ ടീമില്‍ അക്‌സറുമുണ്ടായിരുന്നു. ലങ്കക്കെതിരെ 2-0ത്തിന് മുന്നിലുള്ള ഇന്ത്യ മൂന്നാം ടെസ്റ്റിലും ജയിച്ച് പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്.