മെല്‍ബണ്‍: ഐ.പി.എല്‍ പുതിയ സീസണിലേക്കുള്ള താരലേലത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരങ്ങളിലൊരാളാണ് ഓസീസ് പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ്. 15.50 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കമ്മിന്‍സിനെ തട്ടകത്തിലെത്തിച്ചത്. അതു ഏതായാലും വെറുതെയാകില്ല. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഓസീസ് പേസറുടെ ബൗളിങ് പ്രകടനം അത്രയക്ക് മികവുറ്റതായിരുന്നു.
ന്യൂസീലന്‍ഡിനെ ഒന്നാമിന്നിങ്‌സില്‍ 148 റണ്‍സിന് ഓസീസ് ചുരുട്ടിക്കൂട്ടിയപ്പോള്‍ നിര്‍ണായകമായത് കമ്മിന്‍സിന്റെ ബൗളിങ് പ്രകടനമായിരുന്നു. 17 ഓവറില്‍ അഞ്ചു മെയ്ഡന്‍ അടക്കം 28 റണ്‍സ് മാത്രം വഴങ്ങി കമ്മിന്‍സ് വീഴ്ത്തിയത് അഞ്ചു വിക്കറ്റ്. ഇതോടെ ഓസീസ് ഒന്നാമിന്നിങ്‌സില്‍ 319 റണ്‍സ് ലീഡ് നേടി.
ഈ പ്രകടനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കമ്മിന്‍സിനുള്ള അഭിനന്ദനപ്രവാഹമാണ്. കമ്മിന്‍സിനെ ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയാക്കണം എന്നാണ് ഒരു ആരാധകന്റെ കമന്റ്. ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞു പരിക്കേല്‍പ്പിക്കുകയല്ല,മറിച്ച് ക്ലാസ് ബൗളിങ് പുറത്തെടുക്കുന്നതാണ് പേസ് ബൗളര്‍മാരുടെ കഴിവെന്നും അതാണ് കമ്മിന്‍സിനുള്ളതെന്നുമാണ് മറ്റൊരു കമന്റ്. ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഈ കലണ്ടര്‍ വര്‍ഷം കമ്മിന്‍സ് 100 വിക്കറ്റ് പൂര്‍ത്തിയാക്കും.
Content Highlights: Australian Fans Pat Cummins Dismantles New Zealand