അഡ്‌ലെയ്ഡില്‍ പാകിസ്താന് ഇന്നിങ്‌സ് തോല്‍വി; ഓസീസിന് പരമ്പര


2 min read
Read later
Print
Share

അഞ്ചു വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണും മൂന്നു വിക്കറ്റെടുത്ത ജോഷ് ഹെയ്‌സല്‍വുഡും പാക് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു

അഡ്‌ലെയ്ഡ്: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 48 റണ്‍സിനും പാകിസ്താന്‍ തകര്‍ന്നു. ഫോളോ ഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 239 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണും മൂന്നു വിക്കറ്റെടുത്ത ജോഷ് ഹെയ്‌സല്‍വുഡും പാക് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു. ഇതോടെ ടെസ്റ്റിന്റെ നാലാം ദിനം ഓസീസ് അനായാസ ജയം സ്വന്തമാക്കി.

മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ പാകിസ്താന് 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റ് നഷ്ടമായി. 68 റണ്‍സെടുത്ത ഓപ്പണര്‍ ഷാന്‍ മസൂദും 57 റണ്‍സ് നേടിയ ആസാദ് ഷഫീഖും 45 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനുമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്.

നേരത്തെ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ യാസിര്‍ ഷായുടെ പ്രകടനമാണ് പാകിസ്താന്റെ സ്‌കോര്‍ 300 കടത്തിയത്. എട്ടു വിക്കറ്റിന് 194 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലായിരുന്നു പാകിസ്താന്‍. ഒമ്പതാം വിക്കറ്റില്‍ യാസിര്‍ ഷായും മുഹമ്മദ് അബ്ബാസും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഏഴാം വിക്കറ്റിലാണ് പാകിസ്താന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടുണ്ടായത്. യാസിര്‍ ഷായും ബാബര്‍ അസമും ചേര്‍ന്ന് 105 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

213 പന്തില്‍ 13 ഫോറിന്റെ സഹായത്തോടെ 113 റണ്‍സാണ് യാസിര്‍ ഷാ നേടിയത്. ബാബര്‍ അസം 97 റണ്‍സ് അടിച്ചു. മറ്റുള്ളവര്‍ക്കൊന്നും 30 റണ്‍സിനപ്പുറം സ്‌കോര്‍ ചെയ്യാനായില്ല. ആറു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും മൂന്നു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സും പാക് ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു.

നേരത്തെ ആദ്യ ഇന്നിങ്സില്‍ ഡേവിഡ് വാര്‍ണറുടെ ട്രിപ്പിള്‍ സെഞ്ചുറിയില്‍ ഓസീസ് മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു. മൂന്നു വിക്കറ്റിന് 589 റണ്‍സ് എന്ന നിലയില്‍ ഓസീസ് ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Content Highlights: Australia vs Pakistan Test Cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram