അഡ്ലെയ്ഡ്: പാകിസ്താനെതിരായ പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി. താരത്തിന്റെ ആദ്യ ട്രിപ്പിളും. ടെസ്റ്റില്‍ ട്രിപ്പിള്‍ നേടുന്ന ഏഴാമത്തെ ഓസീസ് താരമാണ് വാര്‍ണര്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ടെസ്റ്റില്‍ പിറക്കുന്ന ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയുമാണിത്.
തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി പിന്നിട്ടിരുന്ന വാര്‍ണര്‍, രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ ഇരട്ട സെഞ്ചുറി തികയ്ക്കുകയും ചെയ്തു. പിന്നാലെ ട്രിപ്പിളും.
2015 നവംബറില്‍ കിവീസിനെതിരെ 253 റണ്‍സ് നേടിയ ശേഷമുള്ള വാര്‍ണറുടെ മികച്ച ഇന്നിങ്‌സാണിത്. വാര്‍ണറുടെ ട്രിപ്പിള്‍ മികവില്‍ ഓസീസ് കൂറ്റര്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 559 റണ്‍സെന്ന നിലയിലാണ് ഓസീസ്. വാര്‍ണര്‍ (314), മാത്യു വെയ്ഡ് (29) എന്നിവരാണ് ക്രീസില്‍.
നേരത്തെ 238 പന്തില്‍ നിന്ന് 22 ബൗണ്ടറികളടക്കം 162 റണ്‍സെടുത്ത ലബുഷെയ്നിനിനെ ഷഹീന്‍ അഫ്രിദി പുറത്താക്കിയിരുന്നു. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍ - ലബുഷെയ്ന്‍ സഖ്യം 361 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. രണ്ടാം വിക്കറ്റില്‍ ഓസീസിന്റെ ഉയര്‍ന്ന കൂട്ടുകെട്ടും അഡ്ലെയ്ഡിലെ മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമാണിത്.
2019 ടെസ്റ്റിലെ റണ്‍വേട്ടക്കാരില്‍ മുന്നിലാണ് ലബുഷെയ്ന്‍. സ്റ്റീവ് സ്മിത്ത്, മായങ്ക് അഗര്‍വാള്‍, ബെന്‍ സ്റ്റോക്ക്സ് എന്നിവരെ പിന്നിലാക്കിയാണ് ലബുഷെയ്നിന്റെ മുന്നേറ്റം. ജോ ബേണ്‍സ് (4), സ്റ്റീവ് സ്മിത്ത് (36) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയ പാകിസ്താന് പരമ്പരയില്‍ പിടിച്ചുനില്‍ക്കാന്‍ വിജയം അനിവാര്യമാണ്.
Content Highlights: Australia vs Pakistan, 2nd Test david warner hits double