പതിനെട്ട് വയസില്‍ ഞങ്ങളാരും പൃഥ്വി ഷായുടെ പത്ത് ശതമാനം പോലും ഉണ്ടായിരുന്നില്ല - കോലി


2 min read
Read later
Print
Share

യാതൊരു കൂസലുമില്ലാതെ ബോളര്‍മാരെ നേരിടുന്ന പൃഥ്വിയുടെ ആത്മവിശ്വാസം ഇന്ത്യന്‍ ടീമിനു മുതല്‍ക്കൂട്ടാണെന്നും കോലി വ്യക്തമാക്കി.

ഹൈദരാബാദ്: കുറച്ചു കാലമായി പരാജയം മാത്രം സമ്മാനിച്ച വിജയ്-ധവാന്‍ കൂട്ടുകെട്ടിനെ മാറ്റാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചിടത്തു നിന്നാണ് പൃഥ്വി ഷായ്ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നു കിട്ടുന്നത്. ടീമിലെത്തിയതോ വലിയ പ്രതീക്ഷകളുടെ ഭാരവുമായി.

എന്നാലിതാ അരങ്ങേറ്റ ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും അരങ്ങേറ്റ പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരവും സ്വന്തമാക്കി സെലക്ടര്‍മാരുടെ തീരുമാനത്തോട് നീതി പുലര്‍ത്തിയിരിക്കുകയാണ് പൃഥ്വി.

ഇപ്പോഴിതാ പൃഥ്വിയുടെ പ്രകടനത്തെ പ്രശംസിച്ച് നായകന്‍ കോലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പതിനെട്ട് വയസില്‍ ഞങ്ങളാരും പൃഥ്വി ഷായുടെ പത്ത് ശതമാനം പോലും ഉണ്ടായിരുന്നില്ലെന്നാണ് കോലി അഭിപ്രായപ്പെട്ടത്. പൃഥ്വി, അവന് ലഭിച്ച അവസരം നന്നായി ഉപയോഗിച്ചു. നമ്മള്‍ ആഗ്രഹിക്കുന്ന തുടക്കം നല്‍കാന്‍ കെല്‍പ്പുള്ള താരമാണ് അവന്‍. ഓരോ പരമ്പരയിലും തുടക്കം നിര്‍ണായകമാണ്. ഇക്കാരണത്താല്‍ തന്നെ ആരെയും കൂസാതെ കളിക്കുന്ന ഒരു താരം ടീമിലുള്ളത് എന്തുകൊണ്ടും നല്ലതാണെന്നും ഇന്ത്യന്‍ നായകന്‍ ചൂണ്ടിക്കാട്ടി.

കളിച്ച ആദ്യ പരമ്പരയില്‍ തന്നെ തന്റേതായ സാന്നിധ്യമറിയിക്കാന്‍ പൃഥ്വിക്കായി. സ്വന്തം കഴിവില്‍ പൃഥ്വിക്കുള്ള ആത്മവിശ്വാസവും എടുത്തുപറയേണ്ടതാണ്. യാതൊരു കൂസലുമില്ലാതെ ബോളര്‍മാരെ നേരിടുന്ന പൃഥ്വിയുടെ ആത്മവിശ്വാസം ഇന്ത്യന്‍ ടീമിനു മുതല്‍ക്കൂട്ടാണെന്നും കോലി വ്യക്തമാക്കി. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

പൃഥ്വി കളിക്കുന്നത് കാണുമ്പോള്‍ അവന്‍ ഇപ്പോള്‍ ഒരു പന്ത് എഡ്ജ് ചെയ്യുമെന്ന തോന്നലുണ്ടാകും. എന്നാല്‍ വളരെ അപൂര്‍വമായേ അങ്ങനെ സംഭവിക്കാറുള്ളൂ. ഇംഗ്ലണ്ടില്‍ നെറ്റ്‌സില്‍ പരിശീലിക്കുമ്പോഴും ഇക്കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ആക്രമണാത്മക ശൈലിയാണ് പൃഥ്വിയുടേതെങ്കിലും കളിയിലുള്ള നിയന്ത്രണവും എടുത്തുപറയേണ്ടതാണ്. പുതിയ പന്തു കളിക്കുന്നവരില്‍ ഈ മികവ് വളരെ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. മികച്ച നിയന്ത്രണത്തോടെ ഇതുപോലെ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നത് തീര്‍ച്ചയായും നല്ല സൂചനയാണെന്നും കോലി വ്യക്തമാക്കി.

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 154 പന്തില്‍ നിന്ന് 19 ബൗണ്ടറികളോടെ 134 റണ്‍സെടുത്ത പൃഥ്വി ഷാ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റില്‍ 70, പുറത്താകാതെ 33 എന്നിങ്ങനെ സ്‌കോര്‍ ചെയ്ത ഷാ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: at 18 none of us were even 10 per cent of the player prithvi shaw is virat kohli

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram