ബര്‍മിങ്ങാം: ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍ക്കും സ്റ്റീവ് സ്മിത്തിനും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനും ഒന്നാം ആഷസ് ടെസ്റ്റില്‍ കാണികള്‍ സമ്മാനിച്ചത് അത്ര സുഖകരമായ ഓര്‍മകളല്ല. പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട മൂവരേയും കൂവി വിളിച്ചാണ് കാണികള്‍ വരവേറ്റത്. ഒപ്പം സസ്‌പെന്‍ഷനിലായ സമയത്ത് വാര്‍ത്താസമ്മേളനത്തിനിടയില്‍ സ്മിത്ത് കരയുന്ന ചിത്രം കൊണ്ടുണ്ടാക്കിയ പോസ്റ്റര്‍ മുഖത്ത് വെച്ചും ഇംഗ്ലീഷ് ആരാധകര്‍ പരിഹസിച്ചു.
എന്നാല്‍ ഇതിനെല്ലാം മനോഹരമായ രീതിയിലാണ് ഓസീസ് താരങ്ങള്‍ മറുപടി നല്‍കിയത്. ഒന്നാമിന്നിങ്‌സില്‍ തന്നെ സെഞ്ചുറി നേടി സ്മിത്ത് തികിച്ചുവരവ് ആഘോഷിച്ചു. ഇതിലും രസകരം വാര്‍ണര്‍ നല്‍കിയ മറുപടിയായിരുന്നു. പാന്റിന്റെ കീശകള്‍ തുറന്നുകാട്ടി സാന്‍ഡ് പേപ്പര്‍ തന്റെ കൈയിലില്ലെന്ന് ഒരു ചിരിയോടെ വാര്‍ണര്‍ തെളിയിച്ചു. ബൗണ്ടറി ലൈനിന് അരികെ ഫീല്‍ഡ് ചെയ്യുകയായിരുന്ന വാര്‍ണറെ സാന്‍ഡ് പേപ്പറുകൾ ഉയർത്തിക്കാട്ടി കാണികള്‍ കൂവി വിളിച്ചപ്പോഴായിരുന്നു ഈ സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എന്നാല്‍ സ്മിത്തിനെപ്പോലെ ബാറ്റിങ്ങില്‍ തിളങ്ങാന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞില്ല. ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ എട്ടു റണ്‍സുമാണ് വാര്‍ണര്‍ നേടിയത്. രണ്ടിന്നിങ്‌സിലും സ്റ്റുവര്‍ട്ട് ബ്രോഡിനായിരുന്നു ഓസീസ് ഓപ്പണറുടെ വിക്കറ്റ്.
Content Highlights: Ashes Test David Warner Rresponse to Sandpaper chants