കോലിയുമായി ഭിന്നത, പരിശീലക സ്ഥാനം കുംബ്ലെ രാജിവെച്ചു


വിന്‍ഡീസ് പര്യടനത്തിന് തൊട്ടുമുമ്പാണ് കുംബ്ലെയുടെ രാജി

മുംബൈ: ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ രാജിവെച്ചു. ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായഭിന്നത മുറുകിയതിനെ തുടര്‍ന്നാണ് രാജി. വിന്‍ഡീസ് പര്യടനത്തിനായി അനില്‍ കുംബ്ലെയില്ലാതെയാണ് ഇന്ത്യന്‍ ടീം യാത്ര തിരിച്ചത്. ഐ.സി.സിയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനുള്ളതിനാല്‍ കുംബ്ലെ ലണ്ടനില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.

ചാമ്പ്യന്‍സ് ട്രോഫിയോടെ കാലാവധി അവസാനിച്ച കുംബ്ലെക്ക് വിന്‍ഡീസ് പര്യടനം വരെ തുടരാന്‍ ബി.സി.സി.ഐ അനുമതി നല്‍കിയിരുന്നു. ജൂണ്‍ 23നാണ് വിന്‍ഡീസിനെതിരായ പരമ്പര തുടങ്ങുന്നത്.

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ബി.സി.സി.ഐയുമായും സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ കോലി തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. കുംബ്ലെയുമായി ഒരു തരത്തിലും ഒത്തുപോകാനാകില്ലെന്നും കുംബ്ലെയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്നും കോലി വ്യക്തമാക്കിയിരുന്നു. വിന്‍ഡീസ് പര്യടനത്തില്‍ കുംബ്ലെ പരിശീലകനായി വരുന്നത് അംഗീകരിക്കാനാകില്ലെന്നും കോലി നിലപാടെടുത്തിരുന്നു.

ഓസ്ട്രേലിയക്കെതിരെ ധര്‍മ്മശാലയില്‍ നടന്ന ടെസ്റ്റിന് ശേഷമാണ് കുംബ്ലെയും കോലിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. പരിക്കേറ്റ കോലിക്ക് പകരം കുംബ്ലെയുടെ താത്പര്യത്തില്‍ കുല്‍ദീപ് യാദവിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് കോലി ഇക്കാര്യം അറിയുന്നത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്‌.

തുടര്‍ന്ന് കുംബ്ലെയുടെ പരിശീലന രീതിയോട് യോജിച്ചു പോകാനാകില്ലെന്ന് അറിയിച്ച് വിരാട് കോലി സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതിയെ സമീപിക്കുകയായിരുന്നു. കുംബ്ലെയുടെ ഒട്ടും ദയയില്ലാത്ത രീതിയിലുള്ള പരിശീലന രീതിയോട് യോജിച്ചു പോകാനാകില്ലെന്നും പരിക്കേല്‍ക്കുന്ന തരത്തിലുള്ളതാണ് കുംബ്ലെയുടെ പരിശീലന രീതിയെന്നും സീനിയര്‍ താരങ്ങള്‍ ആരോപിച്ചിരുന്നു.

കളിക്കാരെ കൂടി വിശ്വാസത്തിലെടുക്കുന്ന രവി ശാസ്ത്രിയുടെ പരിശീലന രീതിയോടാണ് തങ്ങള്‍ക്ക് താത്പര്യമെന്നും കോലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഇടക്കാല ഭരണസമിതിയെ അറിയിച്ചിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കിടയില്‍ കുംബ്ലെ വന്നപ്പോള്‍ കോലി പരിശീലനം നിര്‍ത്തി ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

കുംബ്ലെയുടെ കാലാവധി നീട്ടാനുദ്ദേശമില്ലെന്ന് വ്യക്തമാക്കിയ ബി.സി.സി.ഐ പുതിയ പരിശീലകനുള്ള അപേക്ഷ ക്ഷണിച്ചിരുന്നു. വീരേന്ദര്‍ സെവാഗ്, മുന്‍ ടീം മാനേജര്‍ ലാല്‍ചന്ദ് രജ്പുത്, ദോഡാ ഗണേഷ്, ടോം മൂഡി, റിച്ചാര്‍ പെബസ് എന്നിവര്‍ പരിശീലകനാകാന്‍ ബി.സി.സി.ഐയ്ക്ക് അപേക്ഷ അയിച്ചിട്ടുണ്ട്. ലക്ഷ്മണും സച്ചിനും ഗാംഗുലിയുമടങ്ങുന്ന ഉപദേശക സമിതി അഭിമുഖം നടത്തിയാകും ഇവരില്‍ നിന്ന് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുക.

ജൂലായ് ഒമ്പതിന് വിന്‍ഡീസ് പര്യടനം അവസാനിക്കുമ്പോഴേക്കും പുതിയ പരിശീലകനെ ബി.സി.സി.ഐ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അഞ്ചു ഏകദിനങ്ങളും ഒരു ടിട്വന്റിയുമാണ് പരമ്പരയിലുള്ളത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി കുംബ്ലെ ചുമതലയേറ്റത്. കുംബ്ലെയുടെ കീഴില്‍ 17 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ 12 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ് തോറ്റത്. ബാക്കിയുള്ളവ സമനിലയിലായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram