മുംബൈ: നീണ്ട ഒമ്പത് സീസണുകള്‍ക്ക് ശേഷം ഐ.പി.എല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനോട് വിടപറഞ്ഞ് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. വരുന്ന സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് രഹാനെയുടെ പുതിയ ടീം.
വ്യാഴാഴ്ച ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിനു മുമ്പ് ഇതി സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. നാലു കോടി രൂപയ്ക്കാണ് താരത്തിന്റെ കൈമാറ്റം നടന്നത്.
2011 മുതല്‍ രാജസ്ഥാനൊപ്പമുള്ള രഹാനെ 2018-ല്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. നേരത്തെ മുംബൈ ഇന്ത്യന്‍സ്, റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുള്ള രഹാനെയുടെ നാലാമത്തെ ഐ.പി.എല്‍ ടീമാണിത്.
ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹനുമ വിഹാരി എന്നിവരടങ്ങുന്ന ബാറ്റിങ് നിരയിലേക്കാണ് രഹാനെയുടെ വരവ്.
പോയ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രഹാനെയെ ടൂര്‍ണമെന്റിനിടയ്ക്കുവെച്ച് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പിന്നീട് സ്റ്റീവ് സ്മിത്തിനായിരുന്നു ക്യാപ്റ്റന്റെ ചുമതല.
ഐ.പി.എല്ലില്‍ 140 മത്സരങ്ങളില്‍ നിന്ന് 32.93 ശരാശരിയില്‍ 3820 റണ്‍സ് രഹാനെ നേടിയിട്ടുണ്ട്. രണ്ടു സെഞ്ചുറികളും 27 അര്‍ധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്.
Content Highlights: Ajinkya Rahane to leave Rajasthan Royals after 9 seasons