ബാറ്റിങ് നിര അമ്പേ പരാജയം; മായങ്ക് അഗര്‍വാളും പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക്?


2 min read
Read later
Print
Share

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ അധ്യക്ഷന്‍ എം.എസ്.കെ പ്രസാധിന്റെ നേതൃത്വത്തില്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റി അടുത്തയാഴ്ച യോഗം ചേരാനിരിക്കുകയാണ്.

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റു നില്‍ക്കുകയാണ് ടീം ഇന്ത്യ. ബൗളിങ് നിര ആദ്യ മത്സരത്തിലെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ബാറ്റിങ് നിര രണ്ടു ടെസ്റ്റുകളിലും തീര്‍ത്തും പരാജയമായിരുന്നു.

ഇംഗ്ലീഷ് ബൗളര്‍മാരുടെ സ്വിങ്ങിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. നായകന്‍ കോലി ഒഴികെയുള്ള ബാറ്റിങ് നിര ഇംഗ്ലണ്ടില്‍ അമ്പേ പരാജയമാകുമ്പോള്‍ പുതിയ ചില മുഖങ്ങള്‍ ടീമിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മായങ്ക് അഗര്‍വാളിന്റെയും പൃഥ്വി ഷായുടെയും പേരുകളാണ് ഈ പട്ടികയിലേക്ക് പറഞ്ഞികേള്‍ക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റിലെ ഇരുവരുടെയും മികച്ച പ്രകടനമാണ് ഇത്തരമൊരു നീക്കത്തിനു കാരണം. കഴിഞ്ഞ ഏതാനും സീസണുകളിലായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് കര്‍ണാടകയുടെ താരമായ മായങ്ക് അഗര്‍വാള്‍. 105.45 റണ്‍സ് ശരാശരിയില്‍ 1160 റണ്‍സാണ് മായങ്ക് കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണില്‍ രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും മായങ്ക് തന്നെയായിരുന്നു.

ഇന്ത്യ എ ടീമിനൊപ്പമുള്ള ഇംഗ്ലണ്ട് പര്യടനത്തിലും താരതമ്യേന മികച്ച പ്രകടനമാണ് മായങ്ക് പുറത്തെടുത്തത്. കൂടാതെ കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ പ്രകടനവും മായങ്കിന്റെ സാധ്യതകളെ വര്‍ധിപ്പിക്കുന്നു.

ഇക്കഴിഞ്ഞ ജനുവരിയില്‍ അണ്ടര്‍-19 ലോകകപ്പ് നേടിയ ടീമിനെ നയിച്ച 19-കാരന്‍ പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്കുള്ള സാധ്യതാ പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. മികവില്‍ നിന്നും മികവിലേക്കുയരുകയാണെന്ന് ദ്രാവിഡ് അടക്കമുള്ള മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ വിലയിരുത്തിയ താരമാണ് ഈ മുംബൈ ഓപ്പണര്‍. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പൃഥ്വി ഷായുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ മായങ്ക് ഇരട്ട സെഞ്ചുറി നേടിയ മത്സരത്തില്‍ പൃഥ്വി ഷാ സെഞ്ചുറി കണ്ടെത്തിയിരുന്നു.

ഇംഗ്ലണ്ടില്‍ വിരാട് കോലി ഒഴികെയുള്ള ബാറ്റ്‌സ്മാന്മാർക്ക് ആര്‍ക്കും തന്നെ സ്വന്തം സ്‌കോര്‍ മുപ്പതിനപ്പുറമെത്തിക്കാന്‍ കൂടി സാധിക്കുന്നില്ല. കോലി ഒഴികെ ബാറ്റിങ് നിരയില്‍ ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയാണിപ്പോള്‍. മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, ലോകേഷ് രാഹുല്‍, രഹാനെ എന്നിവരെല്ലാം തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെടുകയാണ്.

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ അധ്യക്ഷന്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തില്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റി അടുത്തയാഴ്ച യോഗം ചേരാനിരിക്കുകയാണ്. മായങ്കും പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക് വിമാനം കയറുമോ? കാത്തിരുന്ന് കാണാം.

Content Highlights: Mayank agarwal prithvi shaw likely additions for final two tests

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram