ലണ്ടന്‍: ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള അഞ്ചാം ഏകദിനത്തിന് ഇടയില്‍ കാണികള്‍ സാക്ഷിയായത് മനോഹരമായൊരു റണ്‍ ഔട്ടിന്. ഇംഗ്ലണ്ട് താരം ആദില്‍ റാഷിദ് പാക് താരം ബാബര്‍ അസമിനെ റണ്‍ ഔട്ടാക്കിയതാണ് ആരാധകര്‍ അമ്പരപ്പോടെ കണ്ടത്. പാക് ഇന്നിങ്സിന്റെ 27-ാം ഓവറിലായിരുന്നു സംഭവം.
27-ാം ഓവറിലെ രണ്ടാം പന്ത് ആദില്‍ എറിയുമ്പോള്‍ 61 റണ്‍സുമായി സര്‍ഫറാസ് ആയിരുന്നു ക്രീസില്‍. ആദിലിന്റെ പന്ത് സര്‍ഫറാസ് ഫ്ളിക്ക് ചെയ്തു. ഇത് ലെഗ് സൈഡിലേക്ക് പോയി. അപ്പോഴേക്കും നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുള്ള ബാബര്‍ അസം സിംഗിളിനായി ശ്രമം തുടങ്ങിയിരുന്നു. ബാബര്‍ അസം ക്രീസിന്റെ പകുതി വരെ ഓടിയെത്തി.
ഈ സമയത്തിനുള്ള വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര് പന്ത് കൈയിലെടുത്തതോടെ സര്‍ഫറാസ് ഓട്ടത്തില്‍ നിന്ന് പിന്തിരിഞ്ഞു. ഇതോടെ ബാബര്‍ അസം തിരിച്ചോടി. എന്നാല്‍ ബട്ലര് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെ വിക്കറ്റ് ലക്ഷ്യമാക്കി പന്ത് എറിഞ്ഞു. പക്ഷേ പന്ത് സ്റ്റമ്പില്‍ കൊണ്ടില്ല.
ആ പന്ത് വിക്കറ്റിന് പിന്നില്‍ നിന്നിരുന്ന ആദില്‍ റാഷിദ് പിടിച്ചു. തിരിഞ്ഞു നിന്നിരുന്ന താരം സ്റ്റമ്പ് നോക്കാതെ പന്ത് എറിഞ്ഞുകൊള്ളിക്കുകയും ചെയ്തു. മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചു. ബാബര്‍ അസമിന് സെഞ്ചുറി നഷ്ടം.
ഈ റണ്‍ഔട്ടിനെ അഭിനന്ദിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഇതിന്റെ വീഡിയോ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തു. നിങ്ങള്‍ ചെയ്യുന്ന പണി നിര്‍ത്തി ഇതു കാണൂ എന്ന കുറിപ്പോടെയായിരുന്നു വീഡിയോ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് താഴെ ഇന്ത്യന്‍ ആരാധകരുടെ കമന്റുകള്‍ കൊണ്ടുനിറഞ്ഞു. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ധോനി ഈ സീന്‍ നേരത്തെ വിട്ടതാണെന്ന് ഓര്‍മിപ്പിച്ചായിരുന്നു ഇന്ത്യന്‍ ആരാധകരുടെ കമന്റ്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇന്ത്യന്‍ ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2016-ലായിരുന്നു ധോനി ഈ റണ്‍ഔട്ട് രീതി പരീക്ഷിച്ചത്.
Content Highlights: Adil Rashid Run Out England vs Pakistan Fifth ODI