കപില്‍ ദേവിന്റെ പിന്‍ഗാമിയെന്ന വിശേഷണവുമായി ഇന്ത്യന്‍ ടീമിലെത്തിയ താരമായിരുന്നു ഇര്‍ഫാന്‍ പത്താന്‍. ദാദയുടെ കണ്ടെത്തലായിരുന്ന പത്താന്‍ റിവേഴ്‌സ് സ്വിങ് എന്ന ആയുധം കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ കുഴക്കിയ സ്വിങ് ബൗളറായിരുന്നു.
എന്നാല്‍ പത്താന്റെ കരിയര്‍ അധികകാലം നീണ്ടില്ല. പക്ഷേ 2006-ല്‍ പാകിസ്താനില്‍ കറാച്ചിയില്‍ ഇര്‍ഫാന്‍ കാഴ്ചവെച്ച ആ ഹാട്രിക് പ്രകടനം അത്ര പെട്ടെന്നൊന്നും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്ന് മായാനിടയില്ല. അതും ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ മൂന്നു പന്തുകളില്‍ തന്നെ. കറാച്ചിയില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ മൂന്നാം ടെസ്റ്റായിരുന്നു അത്.
ഇടംകൈയന്‍ സ്വിങ് ബൗളര്‍ ഇന്നിങ്‌സിന്റെ ആദ്യ മൂന്ന് പന്തുകളില്‍ സല്‍മാന്‍ ബട്ട്, യൂനിസ് ഖാന്‍, മുഹമ്മദ് യൂസഫ് എന്നിവരെ മടക്കി. ടെസ്റ്റിന്റെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നേടുന്ന ബൗളറെന്ന നേട്ടവും പത്താന്‍ സ്വന്തമാക്കി. ടെസ്റ്റില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും അന്ന് പത്താന്‍ സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പത്താന്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.
എന്നാല്‍ തിരിച്ചടിച്ച പാകിസ്താന്‍ മത്സരം 341 റണ്‍സിനാണ് മത്സരം ജയിച്ചത്.
Content Highlights: 29th january 2006 irfan pathan's hat trick against pakistan