വെല്ലിങ്ടണ്‍: ആധുനിക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ന്യൂസീലന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സന്‍. ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന പാക് താരം ഷാഹിദ് അഫ്രിദിയുടെ റെക്കോഡ് കോറി ആന്‍ഡേഴ്‌സന്‍ മറികടന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുകയാണ്.
2014 പുതുവര്‍ഷ ദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു ആന്‍ഡേഴ്‌സന്റെ ഈ വെടിക്കെട്ട് പ്രകടനം. പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി ആന്‍ഡേഴ്‌സന്‍ 36 പന്തുകളില്‍ നിന്ന് സെഞ്ചുറിയിലെത്തി.
മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ക്വീന്‍സ്ടൗണില്‍ ആന്‍ഡേഴ്‌സന്‍ തകര്‍ത്താടിയപ്പോള്‍ 21 ഓവറില്‍ ന്യൂസീലന്‍ഡ് കുറിച്ചത് നാലിന് 283 റണ്‍സ്. ജെസി റൈഡര്‍ സെഞ്ചുറിയുമായി (104) മികച്ച അടിത്തറ പാകിയപ്പോള്‍ ആറു ഫോറുകളും 14 പടുകൂറ്റന്‍ സിക്‌സറുകളും സഹിതം 47 പന്തുകളില്‍ നിന്ന് ആന്‍ഡേഴ്‌സന്‍ അടിച്ചു കൂട്ടിയത് 131 റണ്‍സായിരുന്നു, 278.72 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. വിന്‍ഡീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും ആന്‍ഡേഴ്‌സന്‍ പറപ്പിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 21 ഓവറില്‍ 124 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ന്യൂസീലന്‍ഡിന് 159 റണ്‍സിന്റെ വമ്പന്‍ ജയവും.
എന്നാല്‍ ഈ റെക്കോഡ് അധികകാലം കൈയില്‍ വെക്കാന്‍ ആന്‍ഡേഴ്‌സന് സാധിച്ചില്ല. തൊട്ടടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സ് 31 പന്തുകളില്‍ നിന്ന് സെഞ്ചുറി നേടി ഈ റെക്കോഡ് സ്വന്തമാക്കി. വിന്‍ഡീസിനെതിരേ തന്നെയായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഈ പ്രകടനവും.
Content Highlights: 1st january 2014 when corey anderson slammed a 36 ball ton