സത്യാനന്തര കാലത്ത് മിത്തുകള്‍ നിര്‍മിക്കപ്പെടുന്നതും അപനിര്‍മിക്കപ്പെടുന്നതും ക്ഷണവേഗത്തിലാണ്. ശരാശരിക്കാര്‍ മികച്ചവരെന്ന് പുകഴ്ത്തപ്പെടും. മികച്ചവ ഐതിഹാസികമെന്ന് ആഘോഷിക്കപ്പെടും. മികവില്‍ മികച്ചവ, കാലാതീതം എന്ന് ഉദ്‌ഘോഷിക്കപ്പെടും. അപ്പോള്‍ മുന്‍പ് പുകഴ്ത്തപ്പെടുകയും ആഘോഷിക്കപ്പെടുകയും ഉദ്‌ഘോഷിക്കപ്പെടുകയും ചെയ്തവയൊക്കെ അപ്രസക്തമാകും. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഇതിഹാസവത്കരണവും വിരാട് കോലി എന്ന പുതിയ മിത്തിന്റെ നിര്‍മാണവും സത്യാന്തര കാലത്ത് രസകരമായ ഒരു താരതമ്യമാണ്.
സച്ചിന്‍ തെണ്ടുല്‍ക്കറുടെ നേട്ടങ്ങളും റൊക്കോഡുകളും ക്രിക്കറ്റ് ഉള്ളയിടത്തോളം കാലം നിലനില്‍ക്കും എന്ന് ആറു വര്‍ഷം മുന്‍പ് അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ അടിവരയിട്ടുപറയാത്തതായ ഒരു ക്രിക്കറ്റ് വിദഗ്ധര്‍ വിരളമാണ്. എന്നാല്‍, ഇപ്പോഴിതാ വിരാട് കോലിക്കു മുന്നില്‍ സച്ചിന്റെ റെക്കോഡുകളില്‍ ഏറെയും തകര്‍ന്നുകൊണ്ടിരിക്കുന്നു.
സച്ചിനോ, കോലിയോ ആരാണ് കേമന്‍ എന്ന് പരിശോധിക്കുകയല്ല ഈ എഴുത്തിന്റെ ലക്ഷ്യം. സത്യാനന്തരകാലത്തിനും മുന്‍പ് നാം നിര്‍മിച്ച ഒരു മിത്തിനെ പുന:പരിശോധിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ. സാക്ഷാല്‍ സുനില്‍ ഗാവസ്‌കറാണ് കഥാപാത്രം. ആദ്യമേ പറയട്ടെ മിത്ത് എന്ന കേവലമായ ഇംഗ്ലീഷ് പദത്തില്‍ ഊന്നി ഗാവസ്‌കര്‍ അത്ര കേമായിരുന്നില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയല്ല ഇവിടെ. ഇന്ത്യ കണ്ട ആദ്യ പ്രൊഫഷണല്‍ ക്രിക്കറ്ററാണ് സുനില്‍ ഗാവസ്‌കര്‍. യുദ്ധാനന്തര ക്രിക്കറ്റില്‍ ലോകത്തെതന്നെ ഏറ്റവും തികവുറ്റ ഓപ്പണര്‍മാരില്‍ ഒരാളാണ് ഗാവസ്‌കര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരില്‍ ഒരാളാണ് ഗാവസ്‌കര്‍.
ഇതിനൊന്നും ഒരു സംശയവുമില്ല. എന്നാല്‍ സ്ഥാനത്തും അസ്ഥാനത്തും പ്രകീര്‍ത്തിക്കപ്പെടുന്നതുപോലെ ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം എന്ന സ്തുതി എത്രത്തോളം ശരിയാണെന്ന് വിലയിരുത്താന്‍ ശ്രമിക്കുകയാണിവിടെ. എഴുപതുകളിലും എണ്‍പതുകളുടെ മധ്യംവരയെയും നീണ്ടുനിന്ന ഗാവസ്‌കറിന്റെ കരിയര്‍ അറിയപ്പെടുന്നത്, അദ്ദേഹം ഫാസ്റ്റ് ബൗളിങ്ങിനെ തന്മയത്വത്തോടെ നേരിട്ടു എന്നതാണ്.
ഗംഭീരന്മാരായ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ അത്ര ഗരിമയോടെ അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നോ? അദ്ദേഹം റണ്ണുകള്‍ വാരിക്കൂട്ടിയ പരമ്പരകളില്‍ ലോകോത്തര ഫാസ്റ്റ് ബൗളര്‍മാര്‍ ഉണ്ടായിരുന്നോ? ഈ കാലയളവില്‍ ലോകക്രിക്കറ്റിലെ അപകടകാരികളായ ഫാസ്റ്റ് ബൗളര്‍മാര്‍ വെസറ്റിന്‍ഡീസിലും ഓസ്‌ട്രേലിയയിലുമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ക്കെതിരെ ഗാവസ്‌കര്‍ ആധികാരികതയോടെ ബാറ്റ് ചെയ്തിരുന്നോ? അദ്ദേഹം റണ്ണുകള്‍ വാരിക്കൂട്ടിയതും അല്ലാത്തതുമായി ചില പരമ്പരകള്‍ പരിശോധിക്കാം.
ഗാവസ്‌കര്‍ റണ്‍സ് വാരിക്കൂട്ടിയ രണ്ടു പരമ്പരകളാണ് 1970-71-ല്‍ വെസ്റ്റിന്‍ഡീസിലെ തന്റെ അരങ്ങേറ്റവും 1978-79-ല്‍ വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനവും. 1970-71-ല്‍ വെസ്റ്റിന്‍ഡീസില്‍വെച്ച് ഗാവസ്‌കര്‍ നേടിയത് 774 റണ്‍സ്. 1978-79-ല്‍ ഇന്ത്യയിലെത്തിയ വിന്‍ഡീസ് ടീമിനെതിരെയും ഗാവസ്‌കര്‍ അടിച്ചുകൂട്ടിയത് 732 റണ്‍സ്. ഇവ രണ്ടും ചേര്‍ത്താല്‍ 1,506 റണ്‍സ്. വെസ്റ്റിന്‍ഡീസിനെതിരെ ഗാവസ്‌കര്‍ നേടിയ ആകെ റണ്‍സിന്റെ (2,749) 55 ശതമാനം. അതായത്, തന്റെ കരിയറില്‍ നേടിയ 10,122 റണ്‍സിന്റെ 15 ശതമാനം.
എന്നാല്‍ ഈ രണ്ടു പരമ്പകളിലും വെസ്റ്റിന്ത്യന്‍ ടീമില്‍ അപകടകാരികളായ ബൗളര്‍മാര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ഓര്‍ക്കുക. 70-71ലെ പരമ്പരയില്‍ വിന്‍ഡീസിസ് ടീമിലെ പ്രമുഖര്‍ ജാക്ക് നൊറീഗിയയും ജോണ്‍ ഷെപ്പേര്‍ഡും ഷില്ലിങ്‌ഫോര്‍ഡും പോലുള്ള അപ്രകസക്തരായ ബൗളര്‍മാരായിരുന്നു. നല്ല കാലം പിന്നിടുന്ന ഗ്യാരി സോബേഴ്‌സ് ഉണ്ടായിരുന്നു എന്ന് സാങ്കേതികത്വത്തിനു വേണ്ടി സമ്മതിക്കാം.
1978-79-ലോ? തന്റെ പ്രതിഭയുടെ ഉത്തുംഗങ്ങളില്‍ നിന്ന മൈക്കിള്‍ ഹോള്‍ഡിങ്ങോ ആന്റി റോബ്ട്ട്‌സോ ജോയല്‍ ഗാര്‍ണറോ ഈ ടീമില്‍ ഉണ്ടായിരുന്നില്ല. പകരമുണ്ടായിരുന്ന പ്രമുഖന്‍ സില്‍വസ്റ്റര്‍ ക്ലാര്‍ക്കും തന്റെ അരേങ്ങറ്റം കുറിച്ച മാല്‍ക്കം മാര്‍ഷലും മാത്രം. ഈ ദുര്‍ബലമായ പേസ് ബൗളിങ് നിരകള്‍ക്കെതിരെ കളിച്ച് പുഷ്ടപ്പെടത്തിയതാണ് 27 ടെസ്റ്റുകളില്‍ ''സാക്ഷാല്‍ വെസ്റ്റിന്‍ഡീസിനെതിരെ'' ഗാവസ്‌കര്‍ സ്ഥാപിച്ച 65 റണ്‍സ് എന്ന ബാറ്റിങ് ശരാശരി എന്നും ഓര്‍ക്കുക.
അതേസമയം വെസ്റ്റിന്‍ഡീസില്‍ വെച്ച് അവരുടെ മുനിര ഫാസ്റ്റ് ബൗളര്‍മാരെല്ലാം (ആന്റി റോബട്ട്‌സ്, മൈക്കിള്‍ ഹോള്‍ഡിങ്, മാര്‍ക്കം മാര്‍ഷല്‍, ജോയല്‍ ഗാര്‍ണര്‍, വിന്‍സ്റ്റണ്‍ ഡേവിസ്) അണിനിരന്ന 1982-82-ലെ പരമ്പരയില്‍ ഗാവസ്‌കര്‍ റണ്‍വേട്ടയില്‍ മൊഹീന്ദര്‍ അമര്‍നാഥിനും വെങ്‌സര്‍ക്കാറിനും കപില്‍ദേവിനും യശ്പാല്‍ ശര്‍മയ്ക്കും പിന്നില്‍ അഞ്ചാമതായി തീരുന്നത് നാം കണ്ടു.
രണ്ട് സെഞ്ചുറികളും രണ്ട് ഗംഭീര അര്‍ധസെഞ്ചുറികളുമായി തീപാറുന്ന പേസ് ആക്രമണത്തെ ചെറുത്ത അമര്‍നാഥ് 598 റണ്‍സ് നേടിയപ്പോള്‍ ഗാവസ്‌കര്‍ക്ക് അതിന്റെ പകുതിപോലും (240) പോലും നേടാന്‍ കഴിഞ്ഞില്ല. അതിനു മുന്‍പ് നടന്ന വെസ്റ്റിന്ത്യന്‍ പര്യടനത്തില്‍ (1975-76) ഗാവസ്‌കര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഹോള്‍ഡിങ്ങും ആന്റി റോബട്ട്‌സും കളിച്ച ആ പരമ്പരയില്‍ ഗാവസ്‌കര്‍ 390 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍, മൊഹീന്ദര്‍ അമര്‍നാഥ് 279 റണ്‍സും വെങ്‌സര്‍ക്കാര്‍ 255 റണ്‍സും നേടി. അതിനു മുന്‍പത്തെ വര്‍ഷം വിന്‍ഡീസ് ഇന്ത്യയില്‍ പര്യടനം (1974-75) നടത്തിയപ്പോള്‍, ഗുണ്ടപ്പ് വിശ്വനാഥായിരുന്നു താരം. അഞ്ച് ടെസ്റ്റുകളില്‍ നിന്ന് വിശ്വനാഥ് ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളുമടക്കം 568 റണ്‍സ് നേടിയപ്പോള്‍ രണ്ട് ടെസ്റ്റില്‍ 108 റണ്‍സായിരുന്നു ഗാവസ്‌കറുടെ സമ്പാദ്യം.
ഗാവസ്‌കര്‍ 505 റണ്‍സ് സ്‌കോര്‍ ചെയ്ത 1983-84ലെ വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മാല്‍ക്കം മാര്‍ഷല്‍ മികച്ച ഫോമിലായിരുന്നു. എന്നാല്‍ ഹോള്‍ഡിങ് തന്റെ കരിയറിന്റെ ഉച്ചസ്ഥായി പിന്നിട്ടുകഴിഞ്ഞിരുന്നു. ആന്റി റോബട്ട്‌സാവട്ടെ തന്റെ നല്ലകാലം പിന്നിടുകയും ആ പരമ്പരയിലെ ചെന്നൈ ടെസ്റ്റോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു. ആ പരമ്പരയില്‍ വെങ്‌സര്‍ക്കാര്‍ 425 റണ്‍സ് സ്‌കോര്‍ ചെയ്ത് റണ്‍വേട്ടയില്‍ ഗാവസ്‌കറിനു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തുയും ചെയ്തു.
കണക്കുകള്‍ സഹിതം ഇത്രയും വിശദമായി എഴുതിയത് സുനില്‍ ഗാവസ്‌കര്‍ അത്ര കേമനല്ലെന്ന് സ്ഥാപിക്കാനല്ല. ഗാവസ്‌കര്‍ കേമന്‍ തന്നെയാണ്. ഇന്ത്യ കണ്ട ഏറ്റവും സാങ്കേതികത്തികവുറ്റ ബാറ്റ്‌സ്മാനാണ്. ഒരുപക്ഷേ സച്ചിന്‍ തെണ്ടുല്‍ക്കറേക്കാള്‍ മികച്ചത്. പക്ഷേ ഫാസ്റ്റ് ബൗളിങ് നേരിടാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന മിടുക്ക് വല്ലാതെ ഊതിപെരുപ്പിച്ച സ്തുതിയാണ്. നിലവാരം കുറഞ്ഞ ഫാസ്റ്റ് ബൗളിങ്ങിനെതിരെയാണ് പലപ്പോഴും ഗാവസ്‌കര്‍ റണ്ണുകളും സെഞ്ചുറികളും വാരിക്കൂട്ടിയതും ബാറ്റിങ് ശരാശരി മിനുക്കിയെടുത്തതും. ഗാവസ്‌കറോക്കാള്‍ ആധികാരികമായി ഫാസ്റ്റ് ബൗളിങ്ങിനെ നേരിട്ടയാളാണ് മൊഹീന്ദര്‍ അമര്‍നാഥ്. ഗാവസ്‌കറേക്കാള്‍ മനോഹരമായി ഫാസ്റ്റ് ബൗളിങ്ങിനെ നേരിട്ടയാളാണ് ഗുണ്ടപ്പ വിശ്വനാഥ്. ഇവരെയൊക്കെ മറികടന്നാണ് പലപ്പോഴും ഗാവസ്‌കര്‍ ആഘോഷിക്കപ്പെടുന്നത് എന്നതാണ് ''ഗ്രൗണ്ട് റിയാലിറ്റി''. ഇന്നത്തെ ആഘോഷങ്ങളും നാളെ പുനര്‍വിചാരണ ചെയ്യപ്പെടും.
Content Highlights: Sunil Gavaskar and Fast Bowlers Indian Cricket