കണ്ടപാടെ യുവി ചോദിച്ചു: 'ടെല്‍ മി അങ്കിള്‍ വാട്ട് കാന്‍ ഐ ഡു ഫോര്‍ യു?', ഞാൻ ഞെട്ടിത്തരിച്ചുപോയി


By കെ.വിശ്വനാഥ്

8 min read
Read later
Print
Share

യഥാര്‍ത്ഥ പോരാളികള്‍ അങ്ങിനെയാണ്. ക്രിക്കറ്റ് എന്ന ഗെയിം നിലനില്‍ക്കുവോളം കാലം യുവ്‌രാജ് സിങ്ങിന്റെ പേരും സ്മരിക്കപ്പെടും

യുവ്‌രാജ് സിങ്ങ് എന്ന പേരു കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ തെളിയുന്നത് ഗ്യാലറിയിലേക്ക് പറക്കുന്ന സിക്‌സറുകളാണ്. ഫാസ്റ്റ് ബൗളര്‍മാരെ സ്പിന്നര്‍മാരാക്കി മാറ്റുന്ന രീതിയിലുള്ള ക്ലീന്‍ ഹിറ്റുകളില്‍ നിന്ന് പിറക്കുന്ന സിക്‌സറുകള്‍. 2007 ജനുവരിയില്‍ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ ഒരു ഏകദിന മല്‍സരം കളിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പരിശീലനത്തിനിറങ്ങിയ യുവി ഇന്ത്യന്‍ ബൗളര്‍മാര്‍ മാറി മാറി എറിഞ്ഞ പന്തുകള്‍ തുടരെ ഗ്യാലറിയിലേക്ക് അടിച്ചിടുന്നത് കണ്ടുനില്‍ക്കുകയായിരുന്ന വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ഉറക്കെ 'യുവീ, ഹിറ്റ് ഹിയര്‍ മാന്‍ ' എന്നു വിളിച്ചു പറഞ്ഞതും അടുത്ത പന്ത് ഗെയ്‌ലിന്റെ തലയ്ക്ക് മുകളിലൂടെ തന്നെ പറന്നതും ഓര്‍മയിലുണ്ട്.

2000-ല്‍ ശ്രീലങ്കയില്‍ നടന്ന 19 വയസ്സിന് താഴെയുള്ളവരുടെ ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായപ്പോഴാണ് യുവ്‌രാജ് സിങ്ങ് എന്ന ക്രിക്കറ്ററെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. മികച്ച ഓള്‍റൗണ്ട് പ്രകടനത്തോടെ ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച യുവിയായിരുന്നു ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദ സീരിസ്. ആ വിജയത്തിന് ശേഷം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചെന്നാണ് യുവിയെ ആദ്യമായി കാണുന്നത്. മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികക്ക് വേണ്ടി ഫീച്ചര്‍ തയ്യാറാക്കുന്നതിനായി ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയില്‍ ചെന്ന എനിക്ക് യുവിയെ ചൂണ്ടികാണിച്ചു തന്നത് അവിടുത്തെ പരിശീലകനായ റോജര്‍ ബിന്നിയാണ്. വെളുത്ത് മെലിഞ്ഞ് കിളരം കൂടിയ പയ്യന്‍ കൂട്ടുകാരോട് തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. അരികിലേക്ക് ചെന്ന് പരിചയപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി എന്നെ തകര്‍ത്തു കളഞ്ഞു. 'ടെല്‍ മി അങ്കിള്‍ വാട്ട് കാന്‍ ഐ ഡു ഫോര്‍ യു?'

അന്ന് 29 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഞാന്‍ ഞെട്ടിത്തരിച്ചു നിന്നു. എന്റെ അവസ്ഥ കണ്ട് അവിടെയുണ്ടായിരുന്ന എല്ലാവരും ചിരിച്ചുപോയി. ചമ്മല്‍ പുറത്തു കാണിക്കാതെ ഞാന്‍ യുവിയോട് സംസാരിച്ചു. പ്രധാനമായും രണ്ട് ആഗ്രഹങ്ങളാണ് ഹ്രസ്വമായ അഭിമുഖത്തില്‍ യുവി പങ്കുവെച്ചത്. തന്റെ ആരാധനാപാത്രമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം ഇന്ത്യയ്ക്കു വേണ്ടി കളിക്കണം, ലോകകപ്പ് നേടണം. 1983-ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ കപില്‍ദേവ് തന്റെ അച്ഛന്റെ സുഹൃത്താണെന്നതും സംഭാഷണത്തിനിടെ ഓര്‍മിപ്പിച്ചു. യുവിയുടെ അച്ഛന്‍ യോഗ്‌രാജ് സിങ്ങ് ഇന്ത്യയ്ക്കു വേണ്ടി ഒരു ടെസ്റ്റും ആറ് ഏകദിന മത്സരങ്ങളിലും കളിച്ചിരുന്നു. കപിലിനേക്കാള്‍ ഒരു വയസ്സ് മാത്രം മുതിര്‍ന്ന പേസ്ബൗളറായ യോഗ്‌രാജ് അദ്ദേഹത്തോടൊപ്പം ഹരിയാനക്കും ഇന്ത്യയ്ക്കും വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്തിട്ടുമുണ്ട്.

ആ അഭിമുഖം കഴിഞ്ഞ് മാസങ്ങള്‍ക്കകം തന്നെ സച്ചിനൊപ്പം ഇന്ത്യയ്ക്കു വേണ്ടി കളിക്കുകയെന്ന യുവിയുടെ സ്വപ്‌നം സഫലമായി. നെയ്‌റോബിയില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ കെനിയക്കെതിരായ മത്സരത്തില്‍ 19-കാരനായ യുവി ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ചു. ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ച ഈ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ലെങ്കിലും നാല് ഓവര്‍ ബൗള്‍ചെയ്തു. ടൂര്‍ണമെന്റിലെ അടുത്ത മത്സരം ഓസ്‌ട്രേലിയക്കെതിരെയായിരുന്നു. കരുത്തരായ ഓസീസിനെതിരേ ടോസ് നേടി ബാറ്റുചെയ്ത ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ അഞ്ചാമനായിറങ്ങി 80 പന്തില്‍ 84 റണ്‍സെടുത്ത യുവ്‌രാജായിരുന്നു. ഇന്ത്യ 20 റണ്‍സിന് മത്സരം ജയിച്ചപ്പോള്‍ മാന്‍ ഓഫ് ദ മാച്ചായി യുവി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ യുവരാജാവിന്റെ പട്ടാഭിഷേകമായിരുന്നു അത്.

ഇന്ത്യയുടെ ഏകദിന ടീമിന്റെ മധ്യനിരയില്‍ യുവി സ്ഥിരസാന്നിധ്യമായി. സച്ചിന്‍, സൗരവ്, ദ്രാവിഡ്, സെവാഗ് എന്നിവരുള്‍പ്പെട്ട താരനിബിഡമായ ടീമില്‍ അഞ്ചാമനും ആറാമനുമായൊക്കെയായി ബാറ്റുചെയ്യാനിറങ്ങിയ യുവിക്ക് മിക്ക മത്സരങ്ങളിലും കുറഞ്ഞ ഓവറുകളേ കളിക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളു. ആ ഓവറുകളില്‍ മികച്ച സട്രോക്കുകള്‍ കളിച്ച് ടീമിന്റെ റണ്‍റേറ്റ് ഉയര്‍ത്തിയ യുവരാജ് മികച്ച ഫിനിഷറെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടു. പെട്ടെന്നു തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ സൂപ്പര്‍താര പരിവേഷം ലഭിച്ച യുവിയെ സ്‌പോര്‍ട്‌സ് മാസികയ്ക്ക് വേണ്ടി ഒരിക്കല്‍ കൂടി നേരില്‍ കണ്ട് അഭിമുഖം തയ്യാറാക്കാന്‍ തീരുമാനിച്ചു. നിരന്തര മത്സരങ്ങളുടേയും കഠിനപരിശീലനത്തിന്റേയും തിരക്കിനിടയിലെ ഒരിടവേളയില്‍ ഡല്‍ഹിയിലെ താജ് ഹോട്ടലില്‍ വച്ചാണ് യുവ്‌രാജിനെ കണ്ടുമുട്ടിയത്. റിപ്പോര്‍ട്ടര്‍മാരുടെയും ആരാധകരുടേയും ഇടയില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു അപ്പോള്‍ യുവി. ചണ്ഡീഗഡിലെ വീട്ടില്‍ അന്വേഷിച്ചുചെന്നപ്പോള്‍ അമ്മ ശബ്നംസിങ്ങ് പറഞ്ഞു: ''യുവി സ്ഥലത്തില്ല, ഡല്‍ഹിയിലാണ്. അവന്‍ ഇവിടുത്തെ ക്രിക്കറ്റ് റിപ്പോര്‍ട്ടര്‍മാരെ ഭയന്ന് നാട് വിട്ടതാണ്. ഡല്‍ഹിയിലെ താജ് ഹോട്ടലിലുണ്ട്. നിങ്ങള്‍ ചെന്നോളൂ. ഞാന്‍ ഫോണില്‍ വിളിച്ച് പറയാം.'' ഞങ്ങള്‍ ചെല്ലുമ്പോള്‍ യുവി ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റതേയുള്ളൂ. അമ്മയുടെ ശുപാര്‍ശ കാരണമാവാം, ഞങ്ങളെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചിരുത്തി. അഞ്ചു മിനിറ്റിനകം ഇന്റര്‍വ്യൂവിന് തയ്യാറെടുത്ത് ഒരുങ്ങിവന്നു. റൂംബോയിയെ വിളിച്ച് ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തു. മൂന്നു വര്‍ഷം മുമ്പ് ഞാന്‍ കണ്ടിരുന്ന പയ്യന്‍ ആകെ മാറിയിരുന്നു. കുറേകൂടി പക്വതയും ഗൗരവവുമുണ്ട്. മുമ്പത്തെ കൂടികാഴ്ച്ചക്കിടെ എന്നെ അങ്കില്‍ എന്നു വിളിച്ച കാര്യം ഞാന്‍ ഓര്‍മിപ്പിച്ചപ്പോള്‍ ഉടനെ മറുപടി കിട്ടി. 'ഇനി ഭായ്‌സാബ് എന്നു വിളിക്കാം.' തന്റെ ബാല്യകാലത്തേയും ക്രിക്കറ്റ് പശ്ചാത്തലത്തേയും കുറിച്ചാണ് യുവി സംസാരിച്ചു തുടങ്ങിയത്.

ചെറുപ്പത്തില്‍ താല്‍പര്യം ടെന്നീസിലും റോളര്‍ സ്‌കേറ്റിങ്ങിലുമായിരുന്നു. എന്നാല്‍ ക്രിക്കറ്റ് താരമായിരുന്ന അച്ഛന്‍ ആഗ്രഹിച്ചത് മകനെയും ക്രിക്കറ്ററാക്കാനാണ്. മറ്റുള്ളവര്‍ മക്കളെ പഠിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ യോഗ്‌രാജ് ക്രിക്കറ്റ് കളിക്കാനാണ് നിര്‍ബന്ധിച്ചിരുന്നത്. പത്ത് വയസ്സ് തൊട്ടേ യുവി ക്രിക്കറ്റ് കാര്യമായി എടുത്തുതുടങ്ങി. വീട്ടില്‍ തന്നെ അച്ഛന്‍ നെറ്റ് പ്രാക്ടീസിന് സൗകര്യം ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് ദിവസം 12 മണിക്കൂര്‍ വരെയൊക്കെ ക്രിക്കറ്റ് പരിശീലിച്ചിരുന്നു. 13-ാം വയസ്സില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദിയുടെ ക്യാമ്പില്‍ ചേര്‍ന്നു. ക്രിക്കറ്റ് എന്താണെന്നും എങ്ങനെ കളിക്കണമെന്നും യുവി പഠിച്ചത് ആ ക്യാമ്പില്‍ വെച്ചാണ്. ക്യാമ്പില്‍ ആയിരുന്നപ്പോള്‍ത്തന്നെ പഞ്ചാബ് അണ്ടര്‍-16 ടീമില്‍ സെലക്ഷന്‍ കിട്ടി. 16-ാം വയസ്സില്‍ അണ്ടര്‍-19 ടീമിലെത്തി. ആ വര്‍ഷം തന്നെ രഞ്ജി ടീമിലും കളിച്ചു. രഞ്ജിയില്‍ ആദ്യ സീസണില്‍ തിളങ്ങാനായില്ലെങ്കിലും അണ്ടര്‍-19 ടീമിലെ മികച്ച പ്രകടനം അണ്ടര്‍-19 ദേശീയ ടീമിലേക്ക് സെലക്ഷന്‍ നേടിക്കൊടുത്തു. അണ്ടര്‍-19 ലോകകപ്പിലെ ഉജ്വല പ്രകടനം യുവിയുടെ കരിയറിന്റെ ഗതി മാറ്റുകയായിരുന്നു.


യുവരാജ് വളരെ ദേഷ്യക്കാരനാണെന്ന് കേട്ടിട്ടുണ്ടല്ലോയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ദേഷ്യമോ എനിക്കോയെന്ന് ചോദിച്ച് യുവി കണ്ണുരുട്ടി കാണിച്ചു. മുഷ്ടി ചുരുട്ടി എന്നെ ഇടിക്കാനോങ്ങി. പിന്നെ ഉറക്കെ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. 'ചെറുപ്പത്തില്‍ പെട്ടെന്ന് ക്ഷുഭിതനാവാറുണ്ടായിരുന്നു, ശരിയാണ്. പക്ഷേ ഇന്ന് ഏറെ മാറിയിട്ടുണ്ട്. വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. മത്സരത്തിനിടെ വികാരങ്ങള്‍ക്ക് അടിപ്പെടുന്നത് നമ്മുടെ കളിയെ ബാധിക്കുമെന്ന് മനസ്സിലായി. പഴയപോലെ ഇപ്പോള്‍ ക്ഷോഭിക്കാറില്ല. നിങ്ങള്‍ എന്നെ ദേഷ്യം പിടിപ്പിക്കാതിരുന്നാല്‍ മതി.'

ഒട്ടേറെ ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചുവെങ്കിലും ഒരു ടെസ്റ്റ് മത്സരത്തില്‍ കളിക്കാന്‍ കഴിയാത്തതിന്റെ ദു:ഖവും അഭിമുഖത്തിനിടെ യുവ്‌രാജ് പങ്കുവെച്ചു. സച്ചിനും സൗരവും ലക്ഷ്മണും ദ്രാവിഡും സെവാഗും നിറഞ്ഞു നില്‍ക്കുന്ന ടെസ്റ്റ് ടീമിന്റെ ബാറ്റിങ് ഓഡറില്‍ യുവിക്ക് ഒരു സ്ഥാനം കണ്ടെത്താന്‍ കഴിയാതെ പോവുന്നത് സ്വാഭാവികമായിരുന്നു. പിന്നെയും മാസങ്ങള്‍ കഴിഞ്ഞ് 2003 ഒക്ടോബറില്‍ മൊഹാലിയില്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു യുവിയുടെ ടെസ്റ്റ് അരങ്ങേറ്റം. ആ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ മാത്രം ബാറ്റുചെയ്ത യുവി 20 റണ്‍സ് നേടി. രണ്ടാമതൊരു ടെസ്റ്റ് കളിച്ചതാവട്ടെ പിന്നെയും അഞ്ചു മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു. 2004 മാര്‍ച്ചില്‍ മുള്‍ട്ടാനില്‍ പാകിസ്താനെതിരെയായിരുന്നു ആ മത്സരം. വീരേന്ദര്‍ സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറി നേടി ചരിത്രം കുറിച്ച മുള്‍ട്ടാന്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ആറാമനായി ബാറ്റുചെയ്ത യുവി 66 പന്തില്‍ 59 റണ്‍സെടുത്തു. മല്‍സരത്തില്‍ ഇന്ത്യ ഇന്നിങ്‌സ് ജയം നേടി.

17 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനിടെ 40 ടെസ്റ്റുകളേ യുവ്‌രാജ് കളിച്ചുള്ളൂ. മൂന്നു സെഞ്ച്വറിയുള്‍പ്പെടെ 1900 റണ്‍സും ഒന്‍പത് വിക്കറ്റുമാണ് ഈ ടെസ്റ്റുകളില്‍ നിന്ന് യുവി നേടിയത്. സത്യത്തില്‍ യുവ്‌രാജിന്റെ പ്രതിഭ ഇതിലും എത്രയോ അധികം അര്‍ഹിച്ചിരുന്നുവെന്നതാണ് വാസ്തവം. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്... വന്‍മരങ്ങള്‍ക്കിടയില്‍ മുളച്ചതു കാരണം വളര്‍ച്ച മുരടിച്ചു പോയ കായ്ഫലമുള്ള ഇളയമരമായിരുന്നു യുവി.

മൂന്ന് ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായ ക്രിക്കറ്ററാണ് യുവരാജ്. 2000-ല്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജയിച്ചപ്പോള്‍ 18-കാരനായ യുവരാജ് ആയിരുന്നു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. 2007-ല്‍ ട്വന്റി 20 ലോകകപ്പിലും ഇന്ത്യയുടെ കിരീടനേട്ടത്തില്‍ യുവി നിര്‍ണായക പങ്കുവഹിച്ചു. 2011-ല്‍ ധോനിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏകദിന ലോകകപ്പ് ജയിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് യുവി തന്നെയായിരുന്നു. യുവരാജ് സിങ്ങ് ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ വിലയിരുത്തുമ്പോള്‍ ആദ്യം പരിഗണിക്കേണ്ട വസ്തുതകളാണിത്.

2007-ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഒരു ഓവറില്‍ ആറു സിക്‌സറുകളടിച്ച യുവി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ച് പ്രതിയോഗികള്‍ക്കുണ്ടായിരുന്ന മുന്‍ധാരണകളെയെല്ലാം തിരുത്തിയെഴുതുകയായിരുന്നു. ആ ഒറ്റ ഓവര്‍ കൊണ്ടു തന്നെ ഇന്ത്യ ലോകകപ്പ് ജയിച്ചുകഴിഞ്ഞിരുന്നു. പിന്നീട് സെമി ഫൈനലില്‍ ഓസീസിനേയും ഫൈനലില്‍ പാകിസ്താനേയും കീഴടക്കാന്‍ ടീമിന്ത്യക്ക് കരുത്തും ഊര്‍ജവും നല്‍കിയത് യുവിയുടെ മഴവില്ലഴകുള്ള ആ ആറ് സിക്‌സറുകളാണ്.

ദീര്‍ഘകാലത്തേക്ക് തന്നെ ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യം ഇരട്ടിപ്പിക്കാനും പ്രതിയോഗികളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കാനും വഴിവെച്ച ഓവറായിരുന്നു അത്. 2007-ലെ ആ അടിയാണ് 2011-ലെ ഏകദിന ലോകകപ്പിലെ വിജയത്തോളം ഇന്ത്യന്‍ ടീമിനേയും യുവരാജിനേയും എത്തിച്ചതെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ആ ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവിയുടെ പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്നതായിരുന്നു. സച്ചിനൊപ്പം കളിക്കാനും ലോകകപ്പ് നേടാനും ആഗ്രഹിച്ചിരുന്ന പയ്യന്‍ വളര്‍ന്നു വലുതായി സച്ചിനൊപ്പം തന്നെ ലോകകപ്പ് കളിക്കുകയും ടീമിനെ ജേതാക്കളാക്കുകയും ചെയ്തു! ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസ് പുരസ്‌കാരം യുവി സമര്‍പ്പിച്ചത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കായിരുന്നു.

ലോകകപ്പ് വിജയത്തിന് ശേഷമാണ് വലിയ ദുരന്തം സംഭവിച്ചത്. യുവിയുടെ ശ്വാസകോശത്തില്‍ കണ്ടെത്തിയ ട്യൂമര്‍ കാന്‍സര്‍ രോഗമാണെന്ന് സ്ഥിരീകരിച്ചു. ആ മുപ്പതുകാരനായ ക്രിക്കറ്ററുടെ കരിയര്‍ അതിന്റെ ഔന്നിത്യത്തില്‍ നില്‍ക്കുമ്പോഴുള്ള ഈ രോഗബാധ വലിയ തിരിച്ചടിയായി. യുവിയുടെ അസുഖമെന്താണെന്ന് കൃത്യമായി നിര്‍ണയിക്കുന്നതില്‍ സംഭവിച്ച താമസവും വിനയായി. ശ്വാസകോശത്തിന് സമീപം മുഴയുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ത്തന്നെ ഇന്ത്യയിലെ ആസ്പത്രിയില്‍ അര്‍ബുദനിര്‍ണയത്തിന് ബയോപ്സി പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം രണ്ടുതവണ കാണാതെ പോയെന്നും രോഗനിര്‍ണയത്തില്‍ ഇന്ത്യയിലെ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്ക് പിഴവുപറ്റിയെന്നും അന്ന് ആരോപണമുയര്‍ന്നിരുന്നു. അര്‍ബുദമാണെന്ന് ബോധ്യംവന്നതിനുശേഷം ചിലരുടെ ഉപദേശപ്രകാരം ആയുര്‍വേദ ചികിത്സയ്ക്കാണത്രെ യുവി തുനിഞ്ഞത്.

പക്ഷേ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് എത്തുംമുമ്പ് അമേരിക്കയിലെ പ്രശസ്തനായ കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോക്ടര്‍ ലോറന്‍സ് ഇയിന്‍ഹോണിന്റെ ചികിത്സതേടി. സൈക്ലിങ് ഇതിഹാസം ലാന്‍സ് ആംസ്ട്രോങ്ങിന്റെ ജീവന്‍ രക്ഷിച്ച ഡോക്ടറാണ് ലോറന്‍സ്. 25-ാം വയസ്സില്‍ പ്രോസ്ട്രേറ്റ് കാന്‍സര്‍ ബാധിച്ചിരുന്ന ആംസ്ട്രോങ് ഗുരുതരാവസ്ഥയിലാണ് ലോറന്‍സിനരികിലെത്തുന്നത്. കാന്‍സര്‍ അപ്പോഴേക്കും ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വ്യാപിച്ചിരുന്നു. മൂന്ന് ശസ്ത്രക്രിയയും നാലു റൗണ്ട് കീമോ തെറാപ്പിയും നടത്തിയാണ് ആംസ്ട്രോങ്ങിനെ ഡോക്ടര്‍ മരണത്തിന്റെ വായില്‍നിന്ന് തിരിച്ചെടുത്തത്. അതിനുശേഷം തുടരെ ഏഴുതവണ സൈക്ലിങ്ങിലെ അവസാനവാക്കായ ടൂര്‍ ഡെ ഫ്രാന്‍സ് ചാമ്പ്യന്‍ഷിപ്പ് ജയിച്ച് ആംസ്ട്രോങ് ലോകറെക്കോഡ് സൃഷ്ടിച്ചു. ആംസ്ട്രോങ്ങിന്റെ ആത്മകഥയാണ് രോഗത്തോട് പൊരുതാന്‍ തനിക്ക് ഉത്തേജനമായതെന്ന് യുവി വെളിപ്പെടുത്തിയിരുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടമായിരുന്നു കാന്‍സറിനെതിരേ നടത്തിയതെന്നും ഒരു കായികതാരമാണെന്നത്, അല്ലെങ്കില്‍ കാര്യങ്ങളെ പോസിറ്റീവായി കാണുന്ന കായികതാരത്തിന്റെ മാനസികാവസ്ഥ, രോഗത്തിനെതിരായ പോരാട്ടത്തില്‍ തനിക്ക് ഗുണം ചെയ്തുവെന്നും യുവരാജ് പറഞ്ഞിരുന്നു. രോഗമുക്തി നേടിയ ശേഷം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവന്നെങ്കിലും ഒരിക്കലും പഴയ ഫോമിലേക്കെത്താന്‍ കഴിഞ്ഞില്ല.

2014-ലെ ഐപിഎല്‍ സീസണിനിടെ ബാംഗ്ലൂരില്‍ വെച്ച് ഒരിക്കല്‍ കൂടി യുവിയെ കണ്ട് അഭിമുഖം നടത്തി. മുമ്പ് ഞാന്‍ കണ്ടിരുന്ന യുവി അപ്പോഴേക്കും ഏറെ മാറിക്കഴിഞ്ഞിരുന്നു. സംസാരത്തിലും ഇടപെടലുകളിലും ശരീരഭാഷയിലുമെല്ലാം വലിയ മാറ്റം. 'ഞാന്‍ കാന്‍സറിനെതിരായ യുദ്ധത്തില്‍ ജയിച്ചുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് അമ്മയ്ക്കും സുഹൃത്തുക്കള്‍ക്കും കൂടിയുള്ളതാണ്. അവരാണ് ഈ പോരാട്ടത്തില്‍ എന്നോട് ചേര്‍ന്നുനിന്നത്. ചികിത്സിച്ച ഡോക്ടര്‍ ഒരു വലിയ മനുഷ്യനാണ്. അദ്ദേഹം ആദ്യമേ ഉറപ്പുതന്നു, ജീവന്‍ രക്ഷിക്കുക മാത്രമല്ല, പഴയ പോലെത്തന്നെ ജീവിക്കാനും കളിക്കാനും എന്നെ പ്രാപ്തനാക്കുമെന്ന്. ആ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നു. എന്നാല്‍ അതൊരു കടുത്ത പോരാട്ടമായിരുന്നു. അത് അതിജീവിച്ചതോടെ ജീവിതത്തോടും ക്രിക്കറ്റിനോടുമുള്ള എന്റെ സമീപനത്തിലും വലിയ മാറ്റം വന്നു. രോഗ വിമുക്തി നേടിയ ശേഷം ഞാന്‍ ജീവിതം കൂടുതല്‍ ആസ്വദിക്കാന്‍ പഠിച്ചു. കാരണം ജീവിതത്തിന്റെ യഥാര്‍ഥ വില തിരിച്ചറിഞ്ഞു.'-യുവരാജിന്റെ മുഖത്ത് വലിയ ഒരു യുദ്ധം ജയിച്ച പടയാളിയുടെ ആത്മവിശ്വാസമാണ് അപ്പോള്‍ കണ്ടത്.

ഒന്നുറപ്പാണ്, 304 ഏകദിന മത്സരങ്ങളില്‍ നിന്ന് നേടിയ 8701 റണ്‍സ് കൊണ്ട് യുവിയുടെ പ്രതിഭയെ അളക്കാനാവില്ല. അതിനപ്പുറം ഇന്ത്യയ്ക്ക് വേണ്ടി യുവി നേടിയ വിജയങ്ങളും കളിയോടുള്ള സമീപനത്തില്‍ യുവി സൃഷ്ടിച്ച മാറ്റങ്ങളുമായിരിക്കണം അദ്ദേഹത്തിന്റെ പ്രതിഭയെ അളക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍. അപാരമായ റിഫ്ലക്ഷൻ (പന്തിനോട് പ്രതികരിക്കാനുള്ള ശേഷി) ആയിരുന്നു യുവിയുടെ പ്രധാന കരുത്ത്. ആ റിഫഌക്ഷനും ടൈമിങ്ങും വീണ്ടെടുക്കാന്‍ രോഗമുക്തനായ ശേഷം യുവിക്ക് കഴിഞ്ഞില്ല. മികച്ച ബൗളറൊന്നുമായിരുന്നില്ല യുവരാജ്. പക്ഷേ, പന്തു കൊണ്ടും മത്സരങ്ങള്‍ ജയിക്കാനും ഒരു ഓള്‍റൗണ്ടര്‍ എന്ന് മറ്റുള്ളവരെ കൊണ്ട് അംഗീകരിപ്പിക്കാനും കഴിഞ്ഞു. ബൗളിങ് മികവിനേക്കാള്‍ ബൗളിങ്ങിനോടുള്ള സമീപനമാണ് യുവിക്ക് വിക്കറ്റുകള്‍ കിട്ടാന്‍ കാരണം. ഫ്്‌ളൈറ്റിലും വേഗത്തിലും ലൈനിലും പരീക്ഷണങ്ങള്‍ നടത്തി ബാറ്റ്‌സ്മാന്‍മാരുടെ കണക്കുകള്‍ തെറ്റിച്ച് വിക്കറ്റെടുത്തു കൊണ്ടിരുന്ന ബൗളര്‍.

മുഹമദ് അസ്ഹറുദ്ദീനായിരുന്നു ഫീല്‍ഡിങ് മികവു കൊണ്ട് മാത്രം പ്ലെയിങ്ങ് ഇലവനില്‍ ഇലവനില്‍ സ്ഥാനം കണ്ടെത്താനുള്ള മിടുക്കുണ്ടായിരുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റര്‍. രണ്ടാമന്‍ തീര്‍ച്ചയായും യുവിയായിരുന്നു. അസ്ഹറിനേക്കാള്‍ വേഗതയും റിഫ്ലക്ഷനും ഫീല്‍ഡില്‍ യുവി പുലര്‍ത്തി. യുവി ഫീല്‍ഡിലുള്ളപ്പോള്‍ പോയന്റിലൂടെ ഷോട്ടു കളിക്കുകയെന്നത് എതിര്‍ ടീമിലെ ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ചിടത്തോളം മിക്കവാറും അചിന്ത്യമായിരുന്നു.
കളിക്കളത്തില്‍ തികച്ചും ആക്രമണകാരിയായിരുന്നു യുവരാജ്. പക്ഷേ, ഗ്രൗണ്ടിന് പുറത്ത് തമാശകള്‍ പറയാനും ആസ്വദിക്കാനും ഇഷ്ടപ്പെട്ടിരുന്ന ഉത്സാഹിയായ മനുഷ്യന്‍. ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍, സൂപ്പര്‍താര പരിവേഷത്തോടെ ക്രിക്കറ്റ് ലോകത്ത് പരിലസിക്കുമ്പോള്‍ പോലും അഭിമുഖങ്ങള്‍ക്കും മറ്റുമായി തേടിയെത്തുന്ന മാധ്യമ പ്രവര്‍ത്തകരോടും ഓട്ടോഗ്രാഫിനായി പിന്നാലെ കൂടുന്ന ആരാധകരോടുമെല്ലാം ക്രിയാത്മകമായാണ് ഇടപെട്ടിരുന്നത്. പക്ഷേ അപരിചിതരോട് പോലും താമശകള്‍ പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിക്കുന്ന പ്രകൃതം പലപ്പോഴും തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കിയെന്ന് തോന്നുന്നു. അഹങ്കാരിയെന്ന പരിവേഷം ചാര്‍ത്തപ്പെട്ടു. ഏതായാലും ഒരുകാര്യം ഉറപ്പിച്ച് പറയാം. കാന്‍സര്‍ രോഗ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ യുവരാജ് ഏറെ മാറിയിരുന്നു. കുറേകൂടി സൗമ്യനും മിതഭാഷിയുമായിരുന്നു. പക്ഷെ സഹജമായിരുന്ന പോരാട്ടവീര്യം വര്‍ധിച്ചതേയുള്ളൂ. ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടുത്താതെ പൊരുതികൊണ്ടിരിക്കുകയായിരുന്നു യുവരാജ്. 2019-ലെ ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാനാവുമെന്ന ഒരു വിദൂര പ്രതീക്ഷ യുവരാജിനുണ്ടായിരുന്നു. കുറഞ്ഞ പക്ഷം ഒരു വിരമിക്കല്‍ മല്‍സരമെങ്കിലും തനിക്കായി ഒരുക്കിത്തരുമെന്ന് യുവി പ്രതീക്ഷിച്ചു. പക്ഷെ എല്ലാ പ്രതീക്ഷകളും അവസാനിച്ചപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു, ആരെയും കുറ്റപ്പെടുത്താതെ, എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട്. അതെ, യഥാര്‍ഥ പോരാളികള്‍ അങ്ങിനെയാണ്. ക്രിക്കറ്റ് എന്ന ഗെയിം നിലനില്‍ക്കുവോളം കാലം യുവ്‌രാജ് സിങ്ങിന്റെ പേരും സ്മരിക്കപ്പെടും.

Content Highlights: Yuvraj Singh Yograj Singh Kapil Dev Indian Cricket Team World Cup Sixes

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram