വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്മണ്‍


By കെ.വിശ്വനാഥ്

8 min read
Read later
Print
Share

ലക്ഷ്മണിനെ പോലൊരു ബാറ്റ്‌സ്മാന്‍ ഏത് ലോകോത്തര ക്രിക്കറ്റ് ടീമിന്റേയും സ്വപ്നമാണ്. ഇനി അങ്ങനെയൊരാള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാവുവോ?

ടുത്ത നിരാശ തോന്നുന്ന ഘട്ടങ്ങളില്‍, അല്ലെങ്കില്‍ ദുഷ്‌ക്കരമായ ദൗത്യങ്ങള്‍ മുന്നില്‍ നില്‍ക്കുന്ന അവസ്ഥയില്‍ അതിനെയെല്ലാം മറികടക്കാന്‍ ഞാന്‍ പ്രയോഗിക്കുന്ന ഒരു മാര്‍ഗമുണ്ട്. പാപ്പിയോണോ ലൈഫ് ഓഫ് പൈയോ പോലെയുള്ള പ്രചോദനാത്മകമായ സിനിമകള്‍ കാണും. അല്ലെങ്കില്‍ എന്റെ ഇഷ്ടടീമുകളോ താരങ്ങളോ പരാജയം ഉറപ്പിച്ച ഘട്ടങ്ങളില്‍നിന്ന് പൊരുതിക്കയറി വിജയം നേടിയ കായിക മല്‍സരങ്ങളുടെ സിഡി എടുത്ത് കാണും. അങ്ങനെ ഏറ്റവും അധികം തവണ ആവര്‍ത്തിച്ചുകണ്ടത് 2001-ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയുടെ സംക്ഷിപ്ത വീഡിയോ ആണ്. മൂന്നു ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പര മൂന്നു മണിക്കൂറിലേക്ക് ഒതുക്കിയെടുത്ത ഈ സി ഡി ഒരു തവണ പ്ലേചെയ്ത് കണ്ടാല്‍ എത്ര വലിയ നിരാശയും അലസതയും നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിഞ്ഞെന്നു വരും.

2-1 എന്ന മാര്‍ജനില്‍ ഇന്ത്യ ജയിച്ച ഈ പരമ്പരയയില്‍ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഫോളോ ഓണ്‍ ചെയ്യുമ്പോള്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിവിഎസ് ലക്ഷ്മണും രാഹുല്‍ ദ്രാവിഡും ബാറ്റുചെയ്ത് ഇന്ത്യയെ കരകയറ്റുന്നത് എത്ര തവണ ഞാന്‍ കണ്ടിരിക്കുന്നു! കടുത്ത പനി പിടിച്ച് വീട്ടിലിരിക്കുമ്പോഴാണ് ടിവിയില്‍ ലൈവായി ഞാന്‍ ആ മത്സരം കണ്ടിരുന്നത്. ലക്ഷ്മണ്‍-ദ്രാവിഡ് സഖ്യത്തിന്റെ ബാറ്റിങ് കണുമ്പോള്‍ പനിയുടെ ക്ഷീണം മറന്ന് പലതവണ കസേരയില്‍ നിന്ന് എഴുന്നേറ്റ് ചാടിയതും ഓര്‍മയിലുണ്ട്.

2001 മാര്‍ച്ചില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ സര്‍വശക്തരായ ഓസ്‌ട്രേലിയക്കെതിരേ കളിച്ച ആ ഇന്നിങ്‌സിന് സമാനമായി ക്രിക്കറ്റില്‍ മറ്റൊന്നില്ല. ഫോളോ ഓണ്‍ ചെയ്യേണ്ടി വന്ന ഇന്ത്യയ്ക്ക് രണ്ടാമിന്നിങ്‌സില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഉള്‍പ്പെടെ നാല് ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റ് നഷ്ടമായിരിക്കുന്നു. അപ്പോഴും ഇന്നിങ്‌സ് പരാജയം ഒഴിവാക്കാന്‍ 42 റണ്‍സ് കൂടി വേണം. മരണം സംഭവിച്ചുകഴിഞ്ഞു, ഇനി അടക്കം ചെയ്താല്‍ മതി എന്ന അവസ്ഥ. പക്ഷെ ക്രീസിലുണ്ടായിരുന്ന ലക്ഷ്മണും രാഹുല്‍ ദ്രാവിഡും മാത്രം അങ്ങനെ ചിന്തിച്ചില്ല. പിന്നീടങ്ങോട്ട് സംഭവിച്ചത് ചരിത്രമാണ്. കൊല്‍ക്കത്ത ടെസ്റ്റിനെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടെസ്റ്റ് മാച്ചുകളിലൊന്നാക്കി ലക്ഷ്മണും രാഹുലും മാറ്റി.

നാലാം വിക്കറ്റില്‍ 376 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട്. മൂന്നു ദിവസങ്ങളിലായി പത്തര മണിക്കൂറിലധികം ക്രീസില്‍ നിന്ന ലക്ഷ്മണ്‍ 452 പന്തില്‍ 44 ബൗണ്ടറി ഉള്‍പ്പെടെ 281 റണ്‍സാണ് നേടിയത്. അന്നുവരെ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു ഇത്. രാഹുല്‍ 180 റണ്‍സെടുത്തു. രസകരമായ വസ്തുത ഈ മാരത്തോണ്‍ ഇന്നിങ്‌സുകള്‍ക്കിടയ്ക്ക് രണ്ടു ബാറ്റ്‌സ്മാന്‍മാരും ഒരു സിക്‌സര്‍ പോലും അടിച്ചില്ല എന്നതാണ്. പുറത്താവില്ല എന്ന ദൃഢനിശ്ചയത്തില്‍ ഇരുവരും ഗ്രൗണ്ട് ഷോട്ടുകള്‍ മാത്രമാണ് കളിച്ചത് എന്നതു കൊണ്ടാണിത്. ഫോളോ ഓണ്‍ ചെയ്ത ഇന്ത്യ 383 റണ്‍സ് ലീഡ് നേടിയാണ് രണ്ടാമിന്നിങ്‌സ് അവസാനിപ്പിച്ചത്. ടെസ്റ്റ് ഇന്ത്യ 171 റണ്‍സിന് ജയിക്കുകയും ചെയ്തു. ഫോളോഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരായ ടീം പാരാജയമുഖത്ത് നിന്ന് തിരിച്ചുവന്ന് ജയം നേടിയ അത്യപൂര്‍വമായ സന്ദര്‍ഭമായിരുന്നു ഇത്. അതിനുമുപരി തുടര്‍ച്ചയായ ടെസ്റ്റ് വിജയങ്ങളിലൂടെ ലോക റെക്കോഡ് സൃഷ്ടിച്ച് മുന്നേറുകയായിരുന്ന സ്റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ഓസീസ് ടീമിന്റെ കുതിപ്പിന് വിരാമമിട്ട മത്സരവുമായി.

പറഞ്ഞു വരുന്നത് ഈഡന്‍ ഗാര്‍ഡന്‍സിലെ ഐതിഹാസികമായ ആ പ്രകടനം ഉള്‍പ്പടെയുള്ള മികച്ച മാരത്തോണ്‍ ഇന്നിങ്‌സിലൂടെ എന്റെ മനസ്സില്‍ ഒരു അതികായനായി വളര്‍ന്ന വിവിഎസ് ലക്ഷ്മണെ കുറിച്ചാണ്. സത്യത്തില്‍ ലക്ഷ്മണിനോടുള്ള ആദരവും ആരാധനയും പ്രകടിപ്പിക്കാന്‍ എന്റെ ഹൃദയത്തിന്റെ നിഘണ്ടുവിലുള്ള വാഴ്ത്തുമൊഴികള്‍ അപര്യാപ്തമാണ്. അതെ, ഞങ്ങള്‍ ക്രിക്കറ്റ് പ്രാന്തന്‍മാര്‍ക്ക് വിവിഎസ് അങ്ങനെയാണ്.

വിവിഎസിനെ കുറിച്ച് ആദ്യം കേള്‍ക്കുന്നത് തൊണ്ണൂറുകളുടെ മധ്യത്തിലാണ്. രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും നിരന്തരം ഉയര്‍ന്ന സ്‌കോറുകള്‍ കണ്ടെത്തിയിരുന്ന ലക്ഷ്മണ്‍ മറ്റൊരു യുവതാരമായ രാഹുല്‍ ദ്രാവിഡിനൊപ്പം ക്രിക്കറ്റ് വൃത്തങ്ങളില്‍ പ്രശസ്തി നേടിക്കൊണ്ടിരുന്നു. ഇന്ത്യന്‍ ടീമിന്റെ മധ്യനിരയ്ക്ക് കരുത്തേകാന്‍ കെല്‍പുള്ള രണ്ട് യുവതാരങ്ങള്‍ എന്ന നിലയില്‍ ക്രിക്കറ്റ് നിരൂപകരും മുന്‍താരങ്ങളുമെല്ലാം അവരെ വിലയിരുത്തി തുടങ്ങിയിരുന്നു. ഒടുവില്‍ 1996 ജൂണില്‍ ഇംഗ്ലണ്ടിനെതിരേ രാഹുലും നവംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിവിഎസും ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലായിരുന്നു ലക്ഷ്മണിന്റെ അരങ്ങേറ്റടെസ്റ്റ്. പേസ് ബൗളര്‍മാരുടെ പറുദീസയായി മാറിയ മൊട്ടേരയിലെ വിക്കറ്റില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കാന്‍ ലക്ഷ്മണ് കഴിഞ്ഞു. സഞ്ജയ് മഞ്ച്‌രേക്കറും സച്ചിന്‍ തെണ്ടുല്‍ക്കറും മുഹമദ് അസ്ഹറുദ്ദീനും രാഹുല്‍ ദ്രാവിഡും ഉള്‍പ്പെട്ട ഇന്ത്യന്‍ ബാറ്റിങ്‌നിരയില്‍ ലക്ഷ്മണ്‍ മാത്രമാണ് ഈ ടെസ്റ്റില്‍ ഒരു അര്‍ധസെഞ്ചുറി നേടിയത്. ആറാമാനായി ഇറങ്ങിയ ലക്ഷ്മണ്‍ ആദ്യ ഇന്നിങ്‌സില്‍ പതിനൊന്നും രണ്ടാമിന്നിങ്‌സില്‍ 51-ഉം റണ്‍സ് നേടി. ഓഫ്‌സൈഡില്‍ ശക്തമായ ആധിപത്യം പുലര്‍ത്തി മികച്ച സ്‌ട്രോക്ക് പ്ലേയിലൂടെ ഒട്ടേറെ ആരാധകരെ സമ്പാദിച്ച ലക്ഷ്മണ് ഒരു ടെസ്റ്റ് സെഞ്ച്വറി നേടാന്‍ പക്ഷേ, മൂന്നു വര്‍ഷത്തിലധികം വേണ്ടി വന്നു. അത്യുജ്വലമായ ഒരിന്നിങ്‌സായിരുന്നു അത്. ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഫോളോഓണ്‍ ചെയ്യേണ്ടിവന്ന ഇന്ത്യക്ക് വേണ്ടി രണ്ടാമിന്നിങ്‌സില്‍ ഓപ്പണറായി ഇറങ്ങിയ ലക്ഷ്മണ്‍ 198 പന്തില്‍ 27 ബൗണ്ടറി ഉള്‍പ്പെടെ 167 റണ്‍സെടുത്തു. മറ്റു ബാറ്റ്‌സ്മാന്‍മാരെല്ലാം പൂര്‍ണമായി പരാജയപ്പെട്ടപ്പോഴായിരുന്നു ലക്ഷ്മണിന്റെ ഈ ഇന്നിങ്‌സ്. ലക്ഷ്മണ്‍ കഴിഞ്ഞാല്‍ സൗരവ് ഗാംഗുലി (25), അനില്‍ കുംബ്ലെ (15), ജവഗല്‍ ശ്രീനാഥ് (15) എന്നിവര്‍ മാത്രമായിരുന്നു രണ്ടക്കം കണ്ടത്. ഓസ്‌ട്രേലിയക്കെതിരേ ലക്ഷ്മണിന്റെ ഒരു തുടക്കം മാത്രമായിരുന്നു അത്. പിന്നീടങ്ങോട്ട് അവര്‍ക്കെതിരേ കളിച്ച ഓരോ മാച്ചിലും കത്തിക്കയറുകയായിരുന്നു ലക്ഷ്മണ്‍.

ഓസ്‌ട്രേലിയന്‍ ടീം ലോകക്രിക്കറ്റില്‍ സമഗ്രാധിപത്യം പുലര്‍ത്തിയ 2000 തൊട്ട് 2015 വരെയുള്ള കാലഘട്ടത്തില്‍ അവരുടെ ബൗളര്‍മാര്‍ ഏറ്റവും ഭയപ്പെട്ടിരുന്ന ബാറ്റ്‌സ്മാന്‍ തീര്‍ച്ചയായും ലക്ഷ്മണായിരുന്നു. പ്രതികൂല സാഹചര്യത്തില്‍ ഇന്ത്യയെ വിജയത്തിലേക്കോ സമനിലയിലേക്കോ നയിച്ച ഇന്നിങ്‌സുകള്‍ ഓസീസിനെതിരേ ലക്ഷ്മണ്‍ പലതവണ കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ലക്ഷ്മണ്‍ റിട്ടയര്‍ ചെയ്തപ്പോള്‍, ഇനി ഓസ്‌ട്രേലിയക്കാര്‍ക്ക് ഭയപ്പെടാതെ ക്രിക്കറ്റ് കളിക്കാമെന്ന് ഓസീസ് പേസ് ബൗളര്‍ നഥാന്‍ ബ്രാക്കണ്‍ പറഞ്ഞത്. ലക്ഷ്മണിന്റെ ആറു ടെസ്റ്റ് സെഞ്ച്വറികള്‍ ഓസീസിനെതിരെയാണ്. ഏകദിനത്തില്‍ നേടിയ ആറു സെഞ്ച്വറികളില്‍ നാലും അവര്‍ക്കെതിരെ തന്നെ. കൊല്‍ക്കത്തയിലേതല്ലാതെ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പുകളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ലക്ഷ്മണ്‍ പങ്കാളിയായിട്ടുണ്ട്. അതും ഓസീസിനെതിരെ തന്നെ ! 2003 ഡിസംബറില്‍ അഡ്‌ലെയ്ഡില്‍ രാഹുലിനൊപ്പം നാലാം വിക്കറ്റില്‍ 303 റണ്‍സും 2004 ജനുവരിയില്‍ സിഡ്‌നിയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം നാലാം വിക്കറ്റില്‍ തന്നെ 353 റണ്‍സും നേടുകയുണ്ടായി. രാഹുല്‍ ദ്രാവിഡിനൊപ്പം ഒട്ടേറെ മികച്ച ഇന്നിങ്‌സുകള്‍ ലക്ഷ്മണ്‍ കളിച്ചിരുന്നു. ഈ രണ്ടു ബാറ്റ്‌സ്മാന്‍മാര്‍ക്കിടയിലെ പരസ്പരധാരണയും ബഹുമാനവും യുവതലമുറയിലെ ഏത് ബാറ്റ്‌സ്മാനും മാതൃകയാക്കാവുന്നതുമാണ്.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ അവിസ്മരണീയമായ ഇന്ന്ങ്‌സ് കളിച്ച് ഏഴ് മാസത്തിനുശേഷം 2001 ഡിസംബറില്‍ മൊഹാലിയില്‍ വെച്ചാണ് ഞാന്‍ ലക്ഷ്മണിനെ ആദ്യമായി നേരില്‍ കണ്ട് ഇന്റര്‍വ്യൂ ചെയ്യുന്നത്. എന്റെ ആദ്യത്തെ ചോദ്യം തന്നെ ആ ഇന്നിങ്‌സിനെ കുറിച്ചായിരുന്നു. 'അത് എന്റെ കരിയറിലെ വലിയ ടേണിങ് പോയന്റായിരുന്നു. ടീമില്‍ എന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്ന സമയത്താണ് ആ ഇന്നിങ്‌സ് പിറന്നത്. ഇന്ത്യ ഓസീസിനെതിരേ ഫോളോഓണ്‍ ചെയ്ത് മുന്നൂറോളം റണ്‍സ് പിറകില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ഇറങ്ങിയത്. എങ്കിലും തികച്ചും ക്രിയാത്മകമായ സമീപനത്തോടെയായിരുന്നു ഞാനും രാഹുലും ബാറ്റ്‌ചെയ്തത്. ഒരു ദിവസം മുഴുവന്‍ വിക്കറ്റ് വീഴാതെ ഞങ്ങള്‍ ബാറ്റുചെയ്തു. ആ കൂട്ടുകെട്ട് സ്ഥിതിഗതികള്‍ മുഴുവന്‍ മാറ്റിമറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനേയും എന്നെയും സംബന്ധിച്ചിടത്തോളം വഴിത്തിരിവായ ബാറ്റിങ് കൂട്ടുകെട്ടായിരുന്നു അത്. തോല്‍വിയുടെ വക്കില്‍ നിന്ന് പൊരുതിക്കയറി നേടിയ ആ വിജയം ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റങ്ങളുണ്ടാക്കിയെന്ന് നിങ്ങളെപ്പോലെ ഞാനും വിശ്വസിക്കുന്നു. നമ്മള്‍ ബാറ്റ്‌ചെയ്ത ശൈലി, മല്‍സരം ജയിച്ച രീതി, ടീമിന്റെ മൈന്‍ഡ്‌സെറ്റില്‍ തന്നെ മാറ്റമുണ്ടാക്കി. എത്ര ദയനീയമായ സ്ഥിതിയിലും പ്രതീക്ഷ കൈവിടാതെ പോരാടിയാല്‍ ക്രിക്കറ്റില്‍ ഫലമുണ്ടാവുമെന്ന് ഞങ്ങളെയൊക്കെ ബോധ്യപ്പെടുത്തിയ മാച്ചായിരുന്നു അത്. അവസാന റണ്‍ നേടുംവരെ, അവസാന വിക്കറ്റ് വീഴും വരെ ആരും തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യില്ലെന്ന് ബോധ്യപ്പെടുത്തിത്തന്ന മാച്ച്.'-ഈഡന്‍ ഗാര്‍ഡന്‍സിലെ ഈ ഇന്നിങ്‌സിനെ കുറിച്ച് പറയുമ്പോള്‍ ലക്ഷ്മണിന്റെ മുഖത്ത് സവിശേഷമായ തിളക്കമുണ്ടായിരുന്നു.

ഹൈദരാബാദിലെ ഡോക്ടര്‍മാരായ മാതാപിതാക്കളുടെ മകനായിരുന്ന താന്‍ ക്രിക്കറ്റ് താരമായി മാറിയതിന്റെ പിന്നിലെ കഥ ലക്ഷ്മണ്‍ പങ്കുവെച്ചു. 'അച്ഛനും അമ്മയും ഡോക്ടര്‍മാരായിരുന്നു. അവരുടെ സ്വാധീനം കൊണ്ടുതന്നെ മെഡിസിന് ചേര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം ചെറുപ്പത്തിലേ മനസ്സിലുണ്ടായിരുന്നു. സ്‌കൂള്‍കാലം തൊട്ടേ ക്ലാസില്‍ ഒന്നാമനായിരുന്നു. ക്രിക്കറ്റ് അന്നെനിക്ക് ഹോബി മാത്രമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ ശേഷം പ്ലസ് ടുവിന് സയന്‍സ് എടുത്തത് മെഡിസിന് ചേരണമെന്ന ലക്ഷ്യം വെച്ചാണ്. എന്നാല്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജൂനിയര്‍ ലെവലില്‍ ഹൈദരാബാദിനും സൗത്ത് സോണിനും കളിക്കാന്‍ അവസരം കിട്ടി. പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോഴേക്ക് ഹൈദരാബാദിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുന്നതിന് അരികില്‍ എത്തിക്കഴിഞ്ഞിരുന്നു. ആ സമയത്ത് എന്റെ പരിശീലകരും സീനിയര്‍ കളിക്കാരുമായി ആലോചിച്ചു. അവരെല്ലാം ഉപദേശിച്ചത് ക്രിക്കറ്റില്‍ ഉറച്ചുനില്‍ക്കാനാണ്. ഒപ്പം എന്റെ അമ്മാവനായ ബാബാ കൃഷ്ണമോഹനും പിന്തുണച്ചു. ക്രിക്കറ്റിനെക്കുറിച്ച് നല്ല അറിവുള്ളയാളാണ് അമ്മാവന്‍. അമ്മാവന്‍ പറഞ്ഞു, ക്രിക്കറ്റില്‍ നിനക്ക് നല്ല ഭാവിയുണ്ട്. കഠിനാധ്വാനം ചെയ്യണം. അച്ഛനും അമ്മയുമാവട്ടെ എന്റെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നു. അക്കാലത്ത് പല മാതാപിതാക്കളും അനുവദിക്കാത്ത കാര്യമായിരുന്നു അത്. ഏറെ പ്രതിഭയുണ്ടായിരുന്ന പല യുവക്രിക്കറ്റര്‍മാരും ഇങ്ങനെ വീട്ടില്‍ നിന്നുള്ള പിന്തുണ കിട്ടാത്തതു കാരണം മുന്നോട്ട് പോവാതിരുന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഞാന്‍ സ്വയം അഞ്ചു വര്‍ഷത്തെ കാലാവധി നിര്‍ണയിച്ചു. ആ സമയം കൊണ്ട് ക്രിക്കറ്റില്‍ എന്തെങ്കിലും ആയിത്തീരുക അല്ലെങ്കില്‍ തിരിച്ച് പഠനത്തില്‍ തന്നെ ശ്രദ്ധിച്ച് മെഡിസിന് അഡ്മിഷന്‍ നേടുക, അതായിരുന്നു പദ്ധതി. പിന്നെ കഠിനാധ്വാനമായിരുന്നു. വിവിധ ഏജ ്ഗ്രൂപ്പുകളില്‍ സ്റ്റേറ്റിനും സോണിനും വേണ്ടി കളിച്ചുകൊണ്ടിരുന്നു. 17 മുതല്‍ 22 വയസ്സു വരെയുള്ള ഈ കാലഘട്ടത്തില്‍ എനിക്ക് മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞു. 22-ാം വയസ്സില്‍ തന്നെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം കിട്ടി. അതോടെ ഡോക്ടറാവുക എന്ന സാധ്യത പൂര്‍ണമായും ഉപേക്ഷിച്ചു. മുഴുവന്‍ ശ്രദ്ധയും ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടു.'-ലക്ഷ്മണ്‍ പറഞ്ഞു.


പിന്നീട് എട്ട് വര്‍ഷത്തിന് ശേഷമാണ് ഒരിക്കല്‍ കൂടി ലക്ഷ്മണുമായി അഭിമുഖത്തിന് അവസരം ലഭിച്ചത്. ഇത്തവണ ചാലഞ്ചര്‍ ട്രോഫി മത്സരത്തില്‍ ഇന്ത്യ സീനിയേഴ്‌സിന് വേണ്ടി കളിക്കാന്‍ ബാംഗ്ലൂരിലെത്തിയതായിരുന്നു ലക്ഷമണ്‍. അവിടുത്തെ ചാന്‍സ്‌റേ ഹോട്ടലില്‍ വെച്ചായിരുന്നു അഭിമുഖം. കംഗാരുഫ്രൈ ലക്ഷ്മണ്‍ ഏറെ ഇഷ്ടപ്പെടുന്നുവല്ലേയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ലക്ഷ്മണ്‍ പറഞ്ഞു, ' അണ്ടര്‍ 19 ലെവല്‍ തൊട്ടേ ഓസീസിനെതിരെ കളിക്കുന്നത് ഞാന്‍ പ്രത്യേകം ആസ്വദിച്ചിരുന്നു. അതിനു കാരണം അവരുടെ കേളീശൈലിയും അഗ്രഷനുമാണ്. അവരെ നേരിടുക ആര്‍ക്കും വലിയ വെല്ലുവിളിയാണ്. ഏത് പന്തിലും നിങ്ങളുടെ വിക്കറ്റെടുക്കുമെന്ന പ്രതീതി ജനിപ്പിക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും കഴിയുന്നു. ഈ അവസ്ഥ എന്നെ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുന്നു. കരുത്തന്‍മാര്‍ക്കെതിരെ കളിക്കുമ്പോള്‍ നമ്മളും കൂടുതല്‍ കരുത്തരാവും. ലോകത്തെ ഏറ്റവും മികച്ച ടീമിനെതിരേ, ഏറ്റവും മികച്ച ബൗളിങ്‌നിരക്കെതിരേ മികവ് കാട്ടുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി ഒന്നു വേറെ തന്നെയാണ്.'

ഇന്ത്യയ്ക്കു വേണ്ടി ഒട്ടേറെ നിര്‍ണായകമായ ഇന്നിങ്‌സുകള്‍ കളിച്ചിട്ടും ഒരിക്കല്‍ പോലും ടീമിന്റെ ക്യാപ്റ്റനാവാന്‍ കഴിയാതെ പോയതിലുള്ള നിരാശ ലക്ഷ്മണ്‍ മറച്ചുവെച്ചില്ല. 'ഏത് ക്രിക്കറ്ററുടേയും വലിയ സ്വപ്‌നമായിരിക്കും സ്വന്തം രാജ്യത്തിന്റെ ക്യാപ്റ്റനാവുക എന്ന്. ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റന്‍സി ഞാനേറെ ആസ്വദിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ കഴിയാത്തതില്‍ അങ്ങനെ വിഷമിക്കേണ്ട കാര്യമില്ലെന്ന് പിന്നീട് തോന്നി. രാജ്യത്തെ നൂറിലധികം ടെസ്റ്റുകളില്‍ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞില്ലേ? അതുതന്നെ വലിയ കാര്യം.' അതേപോലെ ഇന്ത്യയ്ക്കുവേണ്ടി അധികം ഏകദിന മത്സരങ്ങളില്‍ കളിക്കാന്‍ കഴിയാത്തതും തന്റെ സ്വകാര്യദു:ഖമാണെന്ന് ലക്ഷ്മണ്‍ പറഞ്ഞു.' എനിക്ക് നിരാശയുണ്ടാക്കുന്ന ഒരു ഘടകമാണത്. കുറേക്കൂടി ഏകദിന മാച്ചുകള്‍ രാജ്യത്തിനു വേണ്ടി കളിക്കാന്‍ കഴിഞ്ഞേനേ എന്നു തോന്നിയിട്ടുണ്ട്. ഏതായാലും കളിച്ച മാച്ചുകളില്‍ എന്റെ പ്രകടനം മോശമായിരുന്നില്ല. എന്നാല്‍ എന്നെ കീഴടക്കാന്‍ ഈ നിരാശയെ ഞാനനുവദിച്ചിട്ടില്ല. കരിയറിനെ കുറേക്കൂടി പോസിറ്റീവായി സമീപിക്കുന്ന സ്‌പോര്‍ട്‌സ്മാനാണ്. ഏകദിന മത്സരങ്ങള്‍ ഇനി കളിക്കാന്‍ അവസരം കിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഞാന്‍ ചെയ്തത്.' അഭിമുഖം കഴിഞ്ഞിറങ്ങുമ്പോള്‍ ലക്ഷ്മണ്‍ ഒന്നുകൂടി പറഞ്ഞു, നമുക്കുള്ളതെല്ലാം നമ്മളില്‍ വന്നുചേരും. നമുക്കുളതല്ലെങ്കില്‍ അങ്ങനെ സംഭവിക്കുകയുമില്ല. സംഭവിക്കുന്നത് എല്ലാം നല്ലതിനെന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.

ലക്ഷ്മണ്‍ പിന്നെയും ഇന്ത്യയ്ക്കു വേണ്ടി മനോഹരമായ ഇന്നിങ്‌സുകള്‍ കളിച്ചുകൊണ്ടേയിരുന്നു. മികച്ച ബാറ്റ്‌സ്മാനും തീര്‍ത്തും മാന്യനായ മനുഷ്യനുമെന്ന നിലയില്‍ സര്‍വരുടേയും ആദരവ് പിടിച്ചുപറ്റി. പക്ഷേ, തനിക്കൊപ്പം ടീമില്‍ കളിച്ച സച്ചിന്‍, ദ്രാവിഡ്, സൗരവ്, സെവാഗ് (ഇവരും ലക്ഷ്മണും ചേര്‍ന്ന ബാറ്റിങ് നിരയെ ഫാബുലസ് ഫൈവ് എന്നാണ് ക്രിക്കറ്റ് നിരൂപകര്‍ വിശേഷിപ്പിച്ചിരുന്നത്.) എന്നിവര്രർക്ക് ലഭിച്ചതു പോലുള്ള സൂപ്പര്‍ താരപരിവേഷം പലപ്പോഴും ലക്ഷ്മണിന് ഉണ്ടായിരുന്നില്ല. ഇവരില്‍ ഏറ്റവും കുറച്ച് ഏകദിന മത്സരങ്ങള്‍ (86) കളിച്ചതും ലക്ഷ്മണാണ്. മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏകദിന ടീമില്‍ നിന്ന് പുറത്തു പോവേണ്ടി വന്നത്. ഒടുവില്‍ 2012-ല്‍ തന്റെ 37-ാം വയസ്സില്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ച് റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചതും പൂര്‍ണമനസ്സോടെ ആയിരുന്നില്ല. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കേണ്ടി വരുന്നുവെന്നായിരുന്നു അന്നത്തെ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോനിയുള്‍പ്പെട്ട ടീം മാനേജ്‌മെന്റിന്റെ ഭാഷ്യം. സത്യസന്ധമായി മാത്രം പ്രതികരിച്ച് ശിലമുള്ള ലക്ഷ്മണ്‍ അക്കാര്യത്തിലും തനിക്കുള്ള അതൃപ്തി മറച്ചുവെച്ചില്ല. ലക്ഷ്മണ്‍ ടെസ്റ്റ് ടീമില്‍ നിന്നും വിടവാങ്ങി ഇത്ര കാലം കഴിഞ്ഞിട്ടും അദ്ദേഹത്തിനൊത്ത ഒരു പകരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ഒരു വസ്തുതയായി തന്നെ അവശേഷിക്കുകയും ചെയ്യുന്നു.

സ്ഥിതിവിവര കണക്കുകള്‍ക്കുകള്‍ക്കും മറ്റ് റെക്കോഡുകള്‍ക്കും അപ്പുറത്താണ് ലക്ഷ്മണിന്റെ പ്രസക്തി. 134 ടെസ്റ്റില്‍ 45.97 ശരാശരിയില്‍ 17 സെഞ്ച്വറിയും 56 ഹാഫ് സെഞ്ച്വറിയും ഉള്‍പ്പെടെ 8781 റണ്‍സ് എന്ന കണക്ക് ലക്ഷ്മണിന്റെ കളി മികവിനോട് പൂര്‍ണമായും നീതിപുലര്‍ത്തുന്നില്ല. ടീമിന് അനിവാര്യമായ ഘട്ടങ്ങളിലായിരുന്നു ലക്ഷ്മണിന്റെ മികച്ച ഇന്നിങ്‌സുകള്‍ പിറന്നിരുന്നത്. മറ്റു ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെടുമ്പോള്‍ വിലയേറിയ ഒരു ഹാഫ് സെഞ്ച്വറിയോ സുന്ദര ഷോട്ടുകള്‍ നിറഞ്ഞ ഒരു സെഞ്ച്വറിയോ ആയി ലക്ഷ്മണ്‍ അവതരിച്ചിരുന്നു. തോല്‍വിയുടെ വക്കില്‍ നിന്ന് ടീമിനെ സമനിലയിലേക്കോ വിജത്തിലേക്ക് തന്നെയോ നയിക്കാന്‍ ഈ ഇന്നിങ്‌സുകള്‍ പര്യാപ്തമായിരുന്നു. ലക്ഷ്മണിനെ പോലൊരു ബാറ്റ്‌സ്മാന്‍ ഏത് ലോകോത്തര ക്രിക്കറ്റ് ടീമിന്റേയും സ്വപ്നമാണ്. ഇനി അങ്ങനെയൊരാള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാവുവോ?

Content Highlights: VVS Laxman Cricket Rahul Dravid Australia

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram