കളിക്കാനായി ജനിച്ച കോലോത്തുംപാടത്തുകാരന്‍


കെ. വിശ്വനാഥ്‌

13 min read
Read later
Print
Share

കളിയുടെ അവസാന മിനുറ്റില്‍ നേടിയ ഗോളിലൂടെ ഉസ്‌ബെക്കുകാര്‍ ഇന്ത്യയുടേയും വിജയന്റേയും സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി. മുഖംപൊത്തിപ്പിടിച്ച് എല്ലാം തകര്‍ന്നവനെ പോലെ ഗ്രൗണ്ടില്‍ നിന്ന് കയറിവരുന്ന വിജയനെ കണ്ടപ്പോള്‍ ദു:ഖം തോന്നി

1983-ലെ ലോകകപ്പില്‍ കപില്‍ദേവിന്റെ ഇന്ത്യ ചാമ്പ്യന്‍മാരായത് എന്റെ ജീവിതത്തിന്റെ അജണ്ടകള്‍ മാറ്റിമറിച്ച മഹാസംഭവമായിരുന്നു. അന്നുതൊട്ട് ഞാന്‍ ക്രിക്കറ്റ് എന്ന ലഹരിക്ക് അടിമയായി മാറിയെങ്കില്‍ തൊട്ടടുത്ത വര്‍ഷം തന്നെ ഫുട്‌ബോളിന്റെ കാറ്റും എന്റെ ഹൃദയത്തിലേക്ക് ആഞ്ഞു വീശാന്‍ തുടങ്ങിയിരുന്നു. അതിനു കാരണമായത് അക്കാലത്ത് ഞങ്ങള്‍ കോഴിക്കോട്ടുകാരുടെ പൊതുവികാരമായിരുന്ന സേട്ട് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തന്നെ.

കോഴിക്കോട് മൊഫ്യൂസില്‍ ബസ്റ്റാന്‍ഡിന് സമീപം ഇപ്പോള്‍ കാണുന്ന കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് ഒരു ഭാഗത്തേ അന്ന് കോണ്‍ക്രീറ്റ് ഗ്യാലറിയുള്ളൂ. മറുഭാഗത്ത് മുളഗ്യാലറി കെട്ടിയുയര്‍ത്തിയാണ് നാഗ്ജി ടൂര്‍ണമെന്റ് നടത്തുക. കൊല്‍ക്കത്തയില്‍ നിന്നുള്ള ടീമുകള്‍ ബഗാനും ഈസ്റ്റ് ബംഗാളും മുഹമദന്‍സുമൊക്കെയാണ് കാണികളുടെ ഹരം. ഒപ്പം ഗോവ സാല്‍ഗോക്കറിലും മുംബൈ മഫത്‌ലാലിനുമെല്ലാം കോഴിക്കോട്ട് ആരാധകസംഘങ്ങളുണ്ടായിരുന്നു. പത്രം കൈയ്യില്‍ കിട്ടിയാല്‍ സ്‌പോര്‍ട്‌സ് പേജില്‍ നിന്ന് വായന തുടങ്ങിയിരുന്ന ഞാന്‍ മാതൃഭൂമിയുടെ പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനായിരുന്ന വിംസീ എഴുതിയ ഒരു ലേഖനം വായിച്ചാണ് ബഗാന്റെ കട്ടഫാനായി മാറുന്നത്.

1984-ലെ നാഗ്ജി ഫൈനലില്‍ ബാഗാനും മുഹമദന്‍സും ഏറ്റുമുട്ടുന്നു. കളി കാണണമെന്ന മോഹം കലശലായി. ഫുട്‌ബോള്‍ കമ്പക്കാരനായ ഇളയച്ഛന്‍ എന്റെ അപേക്ഷ അനുവദിച്ചു തന്നു. അങ്ങിനെ പടിഞ്ഞാറെ ഗ്യാലറിയില്‍ ടിക്കറ്റെടുത്ത് ഇരിപ്പുറപ്പിച്ചു. ഗ്യാലറി ഉത്സവ പറമ്പുപോലെയായിരുന്നു. ഒരിഞ്ച് സ്ഥലം ഒഴിവില്ലാതെ തിക്കിതിരക്കിയിരിക്കുന്ന മനുഷ്യര്‍. ഗ്യാലറിയില്‍ ഇടമില്ലാതെ വന്നപ്പോള്‍ ഗ്രൗണ്ടിലറിറങ്ങി ഗ്രൗണ്ടിന്റെ അതിര്‍ത്തിയിലെ കുമ്മായ വരയോട് തൊട്ടും കാണികള്‍ ഇരിക്കുന്നു. പന്തൊന്ന് ആഞ്ഞടിച്ചാല്‍ കാണികളുടെ ശരിരത്തില്‍ മുട്ടും. ആ ആള്‍ക്കുട്ടത്തിനിടയിലൂടെ കടലയും സോഡയും വത്തക്ക കഷ്ണവും വില്‍ക്കുന്ന പയ്യന്‍മാര്‍. ആരാധക സംഘങ്ങള്‍ 'കുന്നമംഗലം ചാത്തമംഗലം ഹൊയ്, ഹൊയ്,ഹൊയ് ...' എന്ന ഈരടികളുള്ള പാട്ടിനൊപ്പിച്ച് പീപ്പി വിളിക്കുന്നു, ഡ്രമ്മടിക്കുന്നു.

അതിനിടെ ഗ്രൗണ്ടിലേക്ക് മെറൂണ്‍ ജഴ്‌സിയണിഞ്ഞ് ബഗാന്റേയും കറുപ്പും വെളുപ്പും ജഴ്‌സിയണിഞ്ഞ് മുഹമദന്‍സിന്റേയും കളിക്കാര്‍ എത്തി. ബഗാന്റെ സ്‌ട്രൈക്കര്‍ ബാബുമണിയിലാണ് എന്റെ കണ്ണുകള്‍. ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ കമന്ററിയില്‍ ഞാന്‍ നിരന്തരം കേള്‍ക്കുന്ന പേരാണത്. കമന്ററി ഏകദേശം ഇങ്ങനെയാണ്. 'സുബ്രതോ നീട്ടിക്കൊടുത്ത പന്തുമായി അതാ ബാബുമണി മുന്നോട്ടു കുതിക്കുന്നു..ബാബുമണി, ബാബുമണി, ബാാബുമണീീീ......' പിന്നെ നാഗ്ജിയുടേയും സന്തോഷ്‌ട്രോഫിയുടേയും പത്രവാര്‍ത്തകള്‍ക്കിടയില്‍ ആ പേര് ഞാന്‍ തിരയുമായിരുന്നു.
കളി തുടങ്ങി. എന്റെ പ്രതീക്ഷക്കൊത്ത് ബാബുമണി ഉയരുന്നില്ല. ഇടക്ക് ഒന്നു രണ്ടു തവണ ബാബുമണിയും ഞങ്ങള്‍ ബഗാന്‍ ആരാധകരുടെ മറ്റൊരു പ്രതീക്ഷയായിരുന്ന ബികാസ് പാഞ്ചിയും ഗോള്‍ മുഖത്ത് പന്തെത്തിച്ചെങ്കിലും മുഹമദന്‍സിന്റെ കരുത്തനായ ഗോള്‍കീപ്പര്‍ അതാനു ഭട്ടാചാര്യ പുഷ്പം പോലെ (അന്ന് അങ്ങിനെയാണ് പറയുക) കൈയ്യിലൊതുക്കി. അപ്പോഴെല്ലാം ഞങ്ങളിരിക്കുന്ന ഗ്യാലറിയില്‍ എഴുന്നേറ്റ് നിന്ന് തലയില്‍ തൂവാല കെട്ടിയ ഒരു മുഹമദന്‍സ് ആരാധകന്‍ 'അതാണ് ഭട്ടാചാര്യ, അതാണ് ഭട്ടാചാര്യ' എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു.

മുഹമദന്‍സിന്റെ മുന്നേറ്റങ്ങളുടെ കുന്തമുന ജാംഷദ് നസ്സീരിയെന്ന സുന്ദരനായ ഇറാനി ആയിരുന്നു. രൂപം കൊണ്ടും വേഗത കൊണ്ടും നസ്സീരി ഇന്ത്യന്‍ കളിക്കാരില്‍ നിന്ന് വേറിട്ടു നിന്നു. ഇടക്ക് നസ്സീരിയുടെ ഒരു സോളോ റണ്‍ ഗോളിനരികെ വരെയെത്തി. ആരും ഗോളടിക്കാതെ കളി അന്ത്യഘട്ടത്തിലെത്തിയപ്പോള്‍, സര്‍വ്വരും എക്‌സ്ട്രാടൈമിനായി കാത്തിരിക്കുമ്പോള്‍ മല്‍സരത്തിന്റെ 88-ാം മിനുട്ടില്‍ നസ്സീരിയുടെ ഹെഡ്ഡര്‍ പണി പറ്റിച്ചു. ഗോള്‍... ഗ്യാലറികള്‍ പൊട്ടിത്തെറിച്ചു. എന്റെ ഹൃദയം നിലച്ചു. എനിക്കൊരു കാര്യം മനസ്സിലായി ഞങ്ങള്‍ ബഗാന്‍കാര്‍ ഇവിടെ ന്യൂനപക്ഷമാണ്. മുഹമദന്‍സ് ആരാധകരാണ് കോഴിക്കോട്ട് കൂടുതല്‍. ഇഷ്ടടീം തോറ്റുവെങ്കിലും അതാനു ഭട്ടാചാര്യയും നസ്സീരിയും എന്റെ ആരാധനാപാത്രങ്ങളായി.

പിന്നീടും നാഗ്ജി ട്രോഫിയിലേയും 1987-ല്‍ കോഴിക്കോട് വിരുന്നെത്തിയ നെഹ്‌റുകപ്പ് അന്താരാഷ്ട്ര ടൂര്‍ണമെന്റിലേയും മല്‍സരങ്ങള്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇരുന്ന് കണ്ടെങ്കിലും 1995-ലെ സിസേഴ്‌സ് കപ്പാണ് ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നത്. ആ ടൂര്‍ണമെന്റിലൂടെയാണ് ഐ.എം വിജയന്‍ എന്ന 'എവര്‍ഗ്രീന്‍ ഹീറോ'യെ ഞാന്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചത്. വിജയന്റെ കളി ഞാന്‍ ആദ്യമായി നേരില്‍ കാണുന്നത് അന്നായിരുന്നു. അത് ഒരു ഒന്നൊന്നര കളിയായിരുന്നു താനും!

നേരത്തെ കേരളാ പോലീസിലും ബഗാനിലുമായി മാറി മാറി കളിച്ചിരുന്ന വിജയന്‍ ഇത്തവണ ഫഗ്വാരയിലെ ജെ.സി.ടി മില്‍സിനു വേണ്ടിയായിരുന്നു ജഴ്‌സയണിഞ്ഞത്. വിജയനും കൂട്ടുകാരനായ ജോപോള്‍ അഞ്ചേരിയും ഉള്‍പ്പെട്ട ജെ.സി.ടി, സിസേഴ്‌സ് കപ്പിന്റെ ഫൈനലില്‍ എത്തി. കലാശപ്പോരാട്ടത്തില്‍ പ്രതിയോഗികള്‍ മലേഷ്യയില്‍ നിന്നുള്ള കരുത്തരായ പെര്‍ലിസ് ക്ലബ്ബായിരുന്നു. വിജയന്റെ സിസര്‍ (കത്രിക) കിക്കില്‍ നിന്ന് ജേതാക്കളെ നിര്‍ണയിച്ച നിര്‍ണായകമായ ഗോള്‍ പിറക്കുന്നത് നേരില്‍ കാണാനുള്ള സൗഭാഗ്യവും എനിക്കുണ്ടായി.

പത്രപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ച് അധികനാള്‍ കഴിയും മുമ്പായിരുന്നു സിസേഴ്‌സ് കപ്പ്. പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂര്‍ണമെന്റ് കവര്‍ ചെയ്യാനൊന്നും അവസരം കിട്ടിതുടങ്ങിയിരുന്നില്ല. പക്ഷെ, സ്‌പോര്‍ട്‌സ് ജേണലിസത്തിലെ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മീഡിയാ ഗ്യാലറിയില്‍ ഒരു ഇരിപ്പിടം എനിക്കും കിട്ടി. വിജയന്റെ ഗോള്‍ ഒരു മാജിക്കായിരുന്നു. ആ ഗോള്‍ വീണപ്പോള്‍ ജടപിടിച്ച തലമുടി കാറ്റിലിളക്കി പൊട്ടിച്ചിരിക്കുന്ന ഉന്‍മാദിയെ പോലെ ഗ്യാലറികള്‍ ഇളകിയാടുന്നത് ഞാനവിടെയിരുന്നു കണ്ടു. വായുവില്‍ സമാന്തരമായി തങ്ങിക്കിടന്ന് കാലുകൊണ്ട് പിറകോട്ട് ഗോള്‍പോസ്റ്റിനകത്തേക്ക് വിജയന്‍ പന്തടിച്ചു കയറ്റിയ നിമിഷം, ആ ഗോളിന്റെ സൗന്ദര്യം മുഴുവനായങ്ങ് ആസ്വദിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതായിരുന്നു എന്റെ ദു:ഖം. പക്ഷെ, അടുത്ത ദിവസത്തെ മാതൃഭൂമി പത്രത്തില്‍ കെ വല്‍സകുമാര്‍ എന്ന ഫോട്ടോഗ്രാഫര്‍ തന്റെ ക്യാമറയില്‍ ഒപ്പിയെടുത്ത ദൃശ്യം അച്ചടിച്ചത് കണ്ടപ്പോള്‍ അത് പകുതി മാറി. വായുവില്‍ മലര്‍ന്ന് കിടന്ന് പന്ത് കാലുകൊണ്ട് അടിച്ച് നിലത്തേക്ക് കൈകുത്തി പതിക്കുന്ന കൃത്യസമയത്തായിരുന്നു വല്‍സകുമാറിന്റെ ക്ലിക്ക്. വിജയന്‍ ആരാണെന്ന് ശരിക്കും മനസ്സിലാക്കി തന്ന ഫോട്ടോ ആയിരുന്നു അത്. പിന്നെ എന്റെ ലക്ഷ്യം വിജയന്റെ കളി കവര്‍ ചെയ്യുകയും നേരില്‍ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. അതിനൊന്നും അധികം കാത്തിരിക്കേണ്ടിയും വന്നില്ല.

1997-ല്‍ ബാംഗ്ലൂരില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളത്തിനു വേണ്ടി കളിക്കാനെത്തിയ വിജയനുമായി പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചു. ഗെയിംസിലെ ഫുട്‌ബോള്‍ ഫൈനല്‍ ഇന്നും ഓര്‍മയില്‍ നില്‍ക്കുന്ന മല്‍സരമാണ്. കേരളത്തിന് ഗോവയായിരുന്നു ഫൈനലിലെ പ്രതിയോഗികള്‍. കനത്ത മഴ കാരണം വൈകുന്നേരം നടക്കേണ്ടിയിരുന്ന മല്‍സരം ഏറെ വൈകി രാത്രി ഒന്‍പത് മണിക്കാണ് തുടങ്ങിയത്. വിജയനൊപ്പം ജോപോള്‍ അഞ്ചേരി, ജിജു ജേക്കബ്, കെ വി ധനേഷ്, എഡിസന്‍ തുടങ്ങിയവരുള്‍പ്പെട്ട താരനിബിഡമായ ടീമായിരുന്നു കേരളത്തിന്റേത്. ഗ്യാലറിയില്‍ ആര്‍പ്പുവുളികളുമായി വലിയൊരു സംഘം മലയാളികളുണ്ട്. മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടില്‍ ഇടക്കിടെ വഴുതി വീഴുന്നുവെങ്കിലും പന്തുമായി വിജയന്‍ ഗോവന്‍ ഗോള്‍മുഖത്തേക്ക് മാനിനെ പോലെ ചാടി ചാടി ഓടുന്നു (വിജയന്‍ ഗ്രൗണ്ടില്‍ ഓടുന്നത് ഒരു പ്രത്യേക താളത്തില്‍ ഉയര്‍ന്നും താണും ചലിച്ചു കൊണ്ടാണ്. വിജയന് കാലോ ഹരിണ്‍ അഥവാ കറുത്തമാന്‍ എന്ന് പേര് നല്‍കിയതിന് കാരണമതാവണം).

വിജയന്‍-അഞ്ചേരി സഖ്യത്തിന്റെ മുന്നേറ്റങ്ങളൊന്നും ലക്ഷ്യം കാണുന്നില്ല. മല്‍സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ട് കാണാന്‍ ഞാന്‍ ഗ്രൗണ്ടിലേക്കിറങ്ങി. ത്രോലൈനിന് പുറത്ത് ഇരിക്കുന്ന വിജയനരികില്‍ ഞാനും ചെന്നിരുന്നു. കേരളത്തിന്റെ ഗോള്‍കീപ്പര്‍ രാജീവാണ്. പക്ഷെ, പെനാല്‍ട്ടി തടയാന്‍ നല്ലത് ഫിറോസ് ഷെരീഫാണെന്ന് വിജയന്‍ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി പലതവണ ഗോള്‍വല കാത്തിട്ടുള്ള ഫിറോസിനെ ചെറിയ പരിക്കുള്ളതു കൊണ്ടാണ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത്. ഷൂട്ടൗട്ടിലെ പെനാല്‍ട്ടികളൊന്നും ഇരുടീമിന്റേയും ഗോളികള്‍ക്ക് തടയാനാവുന്നില്ല.

ഗോള്‍പോസ്റ്റിനരികില്‍ നില്‍ക്കുന്ന കോച്ച് എസ്.കെ ഭരതനോട് വിജയന്‍ വിളിച്ചു പറയുന്നു.' സാറേ ഫിറോസിനെ ഇറക്ക്.' ഷൂട്ടൗട്ടിലെ അഞ്ചു പെനാല്‍ട്ടികളും സഡന്‍ ഡെത്തിലെ ആദ്യ കിക്കും ഇരുടീമുകളും ഗോളാക്കി മാറ്റി. ഇങ്ങനെ സ്‌കോര്‍ 6-6 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ഭരതന്‍ രാജീവിനെ മാറ്റി ഫിറോസിനെ ഇറക്കി. ഫിറോസ് താന്‍ നേരിട്ട ആദ്യ കിക്ക് തന്നെ തടുത്തിട്ട് കേരളത്തിന് ജയം സമ്മാനിച്ചു. ടീമിന്റെ ജയമാഘോഷിക്കാന്‍ ആര്‍ത്തു വിളിച്ചു കൊണ്ട് വിജയന്‍ മൈതാനത്തേക്ക് കുതിക്കുന്നു. അടുത്ത ദിവസം കണ്ടപ്പോള്‍ വിജയനോട് ചോദിച്ചു, ഫിറോസ് കിക്ക് തടുക്കുമെന്ന് വിജയന്‍ പ്രവചിച്ചുവല്ലോ? 'രാജീവ് നല്ല ഗോള്യാ. പക്ഷെ പെനാല്‍ട്ടിക്ക് ഫിറോസാ നല്ലത്. നമ്മള് ചെറുപ്പത്തിലേ കളിക്കാന്‍ തൊടങ്ങ്യേതല്ലേ. അതൊക്കെ മനസ്സില്‍ തെളിയും.' വിജയന്റെ മറുപടി അതായിരുന്നു.

ബാഗ്ലൂര്‍ ദേശീയ ഗെയിംസിന് ശേഷം വിജയനുമായി നല്ല ചങ്ങാത്തമുണ്ടായി. ഞാന്‍ അഭിമാനത്തോടെ സലകലരോടും പറയാന്‍ തുടങ്ങി.' ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ എന്റെ സുഹൃത്താണ്.' വിജയന്‍ എവിടെ പോവുമ്പോഴും സുഹൃത്തുക്കളുടെ ഒരു സംഘം കൂടെയുണ്ടാവും. തന്റെ സൗകര്യങ്ങളേക്കാള്‍ അവരുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കുന്ന നാട്ടുനന്‍മകളുള്ള പച്ചമനുഷ്യനാണ് വിജയനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എത്ര ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും തലക്കനം തീണ്ടാതെ, തന്റെ അരികില്‍ വരുന്നവര്‍ക്ക് ഇത്രക്ക് ബഹുമാനം നല്‍കുന്ന മറ്റൊരു സെലിബ്രിറ്റിയേയും ഞാന്‍ കണ്ടിട്ടില്ല. പലപ്പോഴും തന്നേക്കാള്‍ ഇളയവരെ പോലും ചേട്ടാ, ചേച്ചിയെന്നൊക്കെ വിളിക്കും. വിനയം വിജയന് അലങ്കാരമല്ല അത് ഉള്ളില്‍ ഉള്ളതാണ്.

1998-ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ബാംഗ്ലൂരിലെ കെങ്കേരി സായി സെന്ററില്‍ ഇന്ത്യയുടെ വിവിധ ടീമുകളുടെ പരിശീലന ക്യാമ്പ് നടക്കുന്നു. മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയ്ക്കായി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ വേണ്ടി ക്യാമ്പില്‍ ചെന്നപ്പോള്‍ വിജയനായിരുന്നു അവിടെ എന്റെ ആതിഥേയനും വഴികാട്ടിയും. ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍ മുന്‍ ഇന്ത്യന്‍ താരവും ഒളിമ്പ്യനുമായ നയീമുദ്ദീനാണ്. കര്‍ക്കശക്കാരനായ കോച്ച് തന്റെ കളിക്കാരെ വരച്ചവരയില്‍ നിര്‍ത്തിയാണ് പരിശീലിപ്പിക്കുന്നത്. കോച്ചിന്റെ അനുവാദമില്ലാതെ പുറത്ത് പോവരുത്, പത്രക്കാരോട് സംസാരിക്കരുത്, ഭക്ഷണത്തിന്റെ മെനു പോലും കോച്ചിന്റെ നിര്‍ദേശമനുസരിച്ചാണ്. പരിശീലനവും വ്യായമവുമാണെങ്കില്‍ അതികഠിനവും. 'ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ നമ്മള്‍ ബാക്കിവേണ്ടേ? ഇയാള്‍ നമ്മളെ കൊല്ലും.' - ക്യാമ്പിലുണ്ടായിരുന്ന ഒരു മലയാളി താരം കളിയായും കാര്യമായും പറയുന്നത് കേട്ടു. പക്ഷെ വിജയന് ഇതൊന്നും പ്രശ്‌നമല്ല. കാരണം നയീമുദ്ദീന് വിജയനോട് കര്‍ശനമായി പെരുമാറാന്‍ കഴിയില്ല. 'അവന്‍ അല്‍പം വികൃതിയാണ്. പക്ഷെ അസാധ്യ പ്രതിഭയുള്ള കളിക്കാരന്‍. സ്‌നേഹമുള്ള ചെറുപ്പക്കാരന്‍.' - നയീമുദ്ദീന്‍ പറഞ്ഞു. നയീമുദ്ദീന് വിജയനോട് പ്രത്യേക വാല്‍സല്യമുണ്ട്.

ഇന്ത്യന്‍ ഹോക്കി ടീമും അപ്പോള്‍ സായി സെന്ററിലുണ്ട്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഹോക്കി താരങ്ങളില്‍ ഒരാളായ ധന്‍രാജ് പിള്ളയാണ് ടീമിന്റെ ക്യാപ്റ്റന്‍. പിള്ളയെ ഇന്റര്‍വ്യൂ ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വിജയനത് ഏറ്റെടുത്തു. 'ധന്‍രാജ് നമ്മുടെ ക്ലോസ് ഘടിയണ്. വാ കാണിച്ചു തരാം.' ഞങ്ങള്‍ ഹോക്കി ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനരികിലെത്തിയപ്പോള്‍ ധന്‍രാജ് മറ്റു കളിക്കാരോട് സംസാരിച്ച് നില്‍ക്കുന്നുണ്ട്. വിജയന്‍ ഉറക്കെ വിളിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു. പിന്നെ വിജയന്റെ കിടിലന്‍ ഹിന്ദി പ്രയോഗങ്ങളായിരുന്നു. പൊതുവേ ഗൗരവപ്രകൃതിയായ ധന്‍രാജ് പൊട്ടിച്ചിരിച്ചും തമാശകള്‍ പറഞ്ഞും വിജയനോട് ഇടപെടുന്നു.അഭിമുഖത്തിനിടെ ധന്‍രാജിനോട് ചോദിച്ചു, വിജയനില്‍ കാണുന്ന ഏറ്റവും വലിയ ഗുണമെന്താണെന്ന്. പെട്ടന്ന് മറുപടി വന്നു.- ' വിനയം. സ്‌നേഹം കൊണ്ട് ഇവന്‍ ആരെയും കീഴടക്കി കളയും.'

1999-2000 സീസണിലെ ദേശീയ ഫുട്‌ബോള്‍ ലീഗ് മല്‍സരങ്ങള്‍ മാതൃഭൂമിക്ക് വേണ്ടി കവര്‍ ചെയ്യാന്‍ എന്നെയും ഫോട്ടോഗ്രാഫര്‍ ബി. ചന്ദ്രകുമാറിനേയുമായിരുന്നു നിയോഗിച്ചത്. കേരളത്തില്‍ നിന്ന് രണ്ടു ടീമുകള്‍ നാഷണല്‍ ലീഗില്‍ കളിക്കുന്നു.- എഫ്.സി കൊച്ചിനും എസ്.ബി.ടിയും. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ഗോവ തുടങ്ങിയ നഗരങ്ങളില്‍ ചെന്ന് ഈ രണ്ട് ടീമുകളുടേയും എവേ മാച്ചുകള്‍ കവര്‍ ചെയ്യണം. അതിനായി എഫ്.സി കൊച്ചിനും എസ്.ബി.ടിക്കുമൊപ്പം നിരന്തരം യാത്രചെയ്യണം. എഫ്.സി കൊച്ചിന് വേണ്ടിയാണ് വിജയന്‍ കളിക്കുന്നത്. ഓരോ മല്‍സരത്തിന് മുമ്പും ശേഷവും വിജയനെ കാണും. കളി കഴിഞ്ഞാല്‍ ജയിച്ചാലും തോറ്റാലും കളിയ കുറിച്ച് വിജയന്റെ രസകരമായ ചില നിരീക്ഷണങ്ങളുണ്ടാവും. ഉദാഹരണത്തിന് എതിര്‍ ടീമിലെ ആഫ്രിക്കന്‍ കളിക്കാരെ കുറിച്ച് വിജയന്റെ കമന്റ്.- ' ചെറുപ്പത്തിലേ ദിവസവും ഒന്നും രണ്ടും കിലോ ബീഫ് തിന്ന് ഉണ്ടാക്കിയ തട്യാ അവരേത്. നമ്മക്ക് അന്നൊക്കെ രണ്ട് കഷ്ണം കപ്പ കിട്ട്യാലായി. അവരോയൊക്കെ നമ്മള് എങ്ങനെ മുട്ടാനാ. പിന്നെ ഒറ്റ വഴ്യേള്ളൂ. അവര്‍ക്ക് പന്ത് തൊടാന്‍ കൊടുക്കരുത്.' ശാരീരികമായി ഏറെ കരുത്തരായ പ്രതിയോഗികളെ ഗ്രൗണ്ടില്‍ നേരിടേണ്ടി വരുമ്പോള്‍ സ്വീകരിക്കേണ്ട സ്ട്രാറ്റജിയാണ് വിജയന്‍ പറയുന്നത്. ചില കളികളില്‍ വിജയന്റെ പ്രകടനം മോശമാവുമ്പോള്‍ അത് ഞാന്‍ പത്രത്തിലേക്ക് അയക്കുന്ന റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നു. മാതൃഭൂമിയില്‍ അങ്ങനെ അടിച്ചു വന്നിട്ടുണ്ടെന്ന് വിജയനോട് ആരെങ്കിലും വിളിച്ചു പറയും. അടുത്ത ദിവസം കാണുമ്പോള്‍ ഒരു പരിഭവവുമില്ലാതെ പെരുമാറും. ഒരിക്കല്‍ മാത്രം എന്നോട് ചോദിച്ചു.- 'അത്രയ്ക്ക് മോശമായിരുന്നോ എന്റെ ഇന്നലത്തെ കളി?' സത്യത്തില്‍ വിജയന്റെ കളി മോശമായതായിരുന്നില്ല കാരണം. മറിച്ച് വിജയനില്‍ നിന്ന് നമ്മള്‍ ഏറെ പ്രതീക്ഷിച്ചിരുന്നു എന്നതായിരുന്നു. സച്ചിന്‍ കളിച്ചിരുന്ന എല്ലാ മാച്ചിലും സെഞ്ച്വറിയടിക്കണമെന്ന് നമ്മള്‍ ആഗ്രഹിച്ചിരുന്നത് പോലെ തന്നെ അതും.

ഒരു സിനിമാക്കഥ പോലെ നാടകീയത നിറഞ്ഞതാണ് വിജയന്റെ ജീവിതം. ചെറുപ്പത്തിലേ വണ്ടിയിടിച്ച് അച്ഛന്‍ മരിച്ചു. അമ്മ കൂലി വേല ചെയ്താണ് മക്കളെ പോറ്റിയത്. ചോര്‍ന്നൊലിക്കുന്ന വീട്ടിനകത്ത് പട്ടിണി കിടന്നിട്ടുണ്ട്. പഠനത്തില്‍ വലിയ മികവൊന്നുമുണ്ടായിരുന്നില്ല. വിശക്കുന്ന വയറുമായി പന്തുകളിച്ച് വളര്‍ന്നു. ആ പന്തു കളികൊണ്ട് നാടിനേയും നാട്ടാരേയും കീഴടക്കി. വലിയ താരമായി വളര്‍ന്നു. സത്യത്തില്‍ വിജയനിലെ പ്രതിഭ ഇതിനേക്കാളൊക്കെ വലിയ നേട്ടങ്ങളും അംഗീകാരങ്ങളും അര്‍ഹിച്ചിരുന്നുവെന്ന് തോന്നിപ്പോവുന്നു. ഇന്ത്യ പോലെ ഫുട്‌ബോളില്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യത്തല്ല ജനിച്ചതെങ്കില്‍!

വിജയനെ വിജയനാക്കി മാറ്റിയതില്‍ വലിയൊരു പങ്ക് കൊല്‍ക്കത്തയെന്ന നഗരത്തിനുണ്ട്. 1991-ല്‍ കേരളാ പോലീസ് വീട്ട് മോഹന്‍ ബഗാനിലേക്ക് ചേക്കേറിയതോടെയാണ് ആ ബന്ധം തുടങ്ങുന്നത്. പിന്നീട് പല ഘട്ടങ്ങളിലായി ബഗാനു വേണ്ടിയും രണ്ട് സീസണില്‍ ഈസ്റ്റ്ബംഗാളിനു വേണ്ടിയും വിജയന്‍ ബൂട്ടണിഞ്ഞു. ആ കാലത്തിനിടയില്‍ കൊല്‍ക്കത്തക്കാര്‍ക്ക് വിജയന്‍ പ്രിയപ്പെട്ടവനായി. അവര്‍ അവനെ ബംഗാളി തന്നെയാക്കി, 'ബിജോയന്‍ ' എന്നു വിളിച്ചു.
വിജയന്‍ കൊല്‍ക്കത്തയിലുള്ളപ്പോള്‍ രണ്ടു തവണ അവിടെ പോയിരുന്നു. കൊല്‍ക്കത്തക്കാര്‍ക്ക് ബിജോയന്‍ ആരാണെന്ന് നേരിട്ടുകണ്ടു മനസ്സിലാക്കാന്‍ അതുകൊണ്ട് കഴിഞ്ഞു. ഒരു ഒഴിവു ദിവസത്തില്‍ വിജയനൊപ്പം നഗരത്തില്‍ കറങ്ങാന്‍ പോയത് ഓര്‍മ വരുന്നു. പോകുന്നിടത്തെല്ലാം ബിജോയനെ കണ്ട് ആരാധകര്‍ കൂടുന്നു. അതിനിടെ ഞങ്ങള്‍ ഒരു ഷോപ്പിങ് കോംപ്ലക്‌സില്‍ കയറി. ഞാന്‍ കുറച്ച് ടീം ജഴ്‌സികളും ടീഷര്‍ട്ടുകളും വാങ്ങി. ബില്ല് ചോദിച്ചപ്പോള്‍ തരുന്നില്ല. ബിജോയന്റെ സുഹൃത്ത് കാശ് തരേണ്ടെന്നായിരുന്നു കടയുടമയുടെ മറുപടി. എത്ര നിര്‍ബന്ധിച്ചിട്ടും അയാള്‍ പണം വാങ്ങാന്‍ കൂട്ടാക്കിയില്ല. അത്രത്തോളമുണ്ട് കൊല്‍ക്കത്തയിലെ ബിജോയന്‍ ഇഫ്ക്ട്.

ലോക്കല്‍ ടൂര്‍ണമെന്റ് മുതല്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വരെ ഗ്രൗണ്ടില്‍ വിജയന്‍ സൃഷ്ടിച്ചിരുന്ന മാജിക്ക് പലതവണ കണ്ട് മനം നിറച്ചിട്ടുണ്. 2001 ഏപ്രിലില്‍ ബാംഗ്ലൂരില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ യു.എ.ഇക്കെതിരെ ഇന്ത്യ ജയം നേടിയ മല്‍സരം ഒരിക്കലും മറക്കാനാവില്ല. മല്‍സരത്തിന് രണ്ടു ദിവസം മുമ്പു തന്നെ ബാംഗ്ലൂരില്‍ ചെന്നിരുന്നു. ബൈചുങ് ബൂട്ടിയയാണ് ടീമിന്റെ ക്യാപ്റ്റന്‍. ജോപോളും ധനേഷും റനഡി സിങ്ങും വെങ്കടേഷും സുര്‍കുമാര്‍ സിങ്ങും ജൂള്‍സ് ആല്‍ബര്‍ട്ടോയും അബ്ദുള്‍ ഹക്കീമുമെല്ലാം ടീമിലുണ്ടായിരുന്നു. വിജയനേയും ബൂട്ടിയേയും ഒരുമിച്ചിരുത്തി സ്‌പോര്‍ട്‌സ് മാസികക്കായി ഒരു അഭിമുഖം നടത്തണമെന്ന ലക്ഷ്യത്തോടെ ടീം താമസിക്കുന്ന ഹോട്ടലില്‍ ചെന്നു. വിജയനോട് കാര്യം പറഞ്ഞു. ഇംഗ്ലീഷ് ലീഗില്‍ ബറി ക്ലബ്ബിന് വേണ്ടി കളിക്കാന്‍ പോയി തിരിച്ചെത്തിയ ബൈചുങ്ങ് പൊതുവേ മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ്. പക്ഷെ വിജയനൊപ്പം ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറാന്‍ നിര്‍വാഹമില്ലാതായി. ഹോട്ടലിലെ സ്വിമ്മിങ് പൂളിനടുത്ത് വെച്ചായിരുന്നു അഭിമുഖവും ഫോട്ടോഷൂട്ടും.

വിജയന്‍ നായകനായി അഭിനയിച്ച ശാന്തം സിനിമയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയതിനെ കുറിച്ചായി ബൈചുങ്ങിന്റെ ചോദ്യം? ' നിനക്ക് അഭിനയിക്കാനൊക്കെ അറിയുമോ?' അഭിനയം മാത്രമല്ല ഗ്ലാമറും സിനിമയില്‍ ഘടകമാണെന്നായി വിജയന്‍. ' നിനക്ക് സായിപ്പിന്റെ വെളുപ്പാണ്. പക്ഷെ, എന്നെ പോലെ ഗ്ലാമറില്ലാതെ പോയില്ലേ ?' വിജയന്റെ ചോദ്യത്തിന് മുന്നില്‍ ബൈചുങ്ങ് ക്ലീന്‍ ബൗള്‍ഡായി. എപ്പോഴും തമാശകള്‍ പറഞ്ഞ് ചിരിക്കാനും ചിരിപ്പിക്കാനും കഴിവുള്ള വിജയന്റെ സാന്നിധ്യം ടീമിന് നല്‍കുന്ന കരുത്തിനെ കുറിച്ച് ബൈചുങ്ങ് വാചാലനായി. ഗ്രൗണ്ടിനകത്തും പുറത്തും നൂറ് ശതമാനം ടീംമാനാണ് വിജയനെന്നും തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത് വിജയനൊപ്പം കളിക്കുമ്പോളാണെന്നും ഗോളടിക്കുന്നതിനേക്കാള്‍ ഗോളടിപ്പിക്കുന്ന ഫുട്‌ബോളറാണ് വിജയനെന്നുമായിരുന്നു ബൈചുങ്ങിന്റെ വിശകലനം.

അടുത്ത ദിവസം യു.എ.ഇക്കെതിരെ ഗ്രൗണ്ടില്‍ കണ്ടതും അതുതന്നെയായിരുന്നു. 1990-ലെ ഇറ്റലി ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ കളിച്ച ചരിത്രമുള്ള യു.എ.ഇക്കെതിരെ ഇന്ത്യ ജയം നേടി. വിജയന്‍ നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോവക്കാരനായ മിഡ്ഫീല്‍ഡര്‍ ജൂള്‍സ് അല്‍ബര്‍ട്ടോ ആ മല്‍സരത്തിലെ ഒരേയൊരു ഗോള്‍ നേടിയത്. തന്റെ ഏറ്റവും മികച്ച നാളുകള്‍ പിന്നിട്ടു കഴിഞ്ഞിരുന്ന 33-കാരനായ വിജയനെ കോച്ച് സുഖ്‌വീന്ദര്‍ സിങ്ങ് മല്‍സരത്തിന്റെ തുടക്കത്തില്‍ കളിക്കാനിറക്കിയിരുന്നില്ല. രണ്ടാം പകുതിയുടെ 45-ാം മിനുട്ടില്‍ സബ്സ്റ്റ്യൂട്ടായാണ് വിജയന്‍ കളിക്കാനിറങ്ങിയത്. വിജയന്‍ ഗ്രൗണ്ടിലെത്തിയതോടെ ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് പൊടുന്നനെ ചടുലതയും ശൗര്യവും കൈവന്നു. സമര്‍ത്ഥമായ ഇടപെടലുകളിലൂടെ മനോഹരമായ മുന്നേറ്റങ്ങള്‍ മെനഞ്ഞ വിജയന്‍ ചില ബാക്ക്പാസുകളും സമര്‍ത്ഥമായ ലോബുകളും കൊണ്ട് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. വിജയന്‍ ഉണ്ടാക്കിയ ഉണര്‍വില്‍ നിന്ന് ടീം തുടരെ നടത്തിയ ആക്രമണങ്ങള്‍ക്കിടയക്ക് ലഭിച്ച ഒരു ത്രോയില്‍നിന്നായിരുന്നു നിര്‍ണായക ഗോളിന്റെ പിറവി. ഖാലിദ് ജമീല്‍ ഉയര്‍ത്തി എറിഞ്ഞ പന്ത് പെനാല്‍ട്ടി ബോക്‌സില്‍ താണിറങ്ങിയപ്പോള്‍ വിജയനത് ഒരു യു.എ.ഇ. ഡിഫന്‍ഡറുടെ തലയ്ക്ക് മുകളിലൂടെ മറിച്ചുകൊടുത്തു. കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ജൂള്‍സ് യു.എ.ഇയുടെ വലക്കകത്തേക്ക് ചെത്തിയിടുകയും ചെയ്തു. വിജയന്‍ മാജിക്ക് എന്നത് എന്താണെന്ന് കണ്ടറിഞ്ഞാണ് അന്ന് കണ്ഠീരവാ സ്റ്റേഡിയത്തിലെ ഗ്യാലറികളില്‍ കളികണാനെത്തിയ ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടം ഇറങ്ങിപ്പോയത്.

മല്‍സര ശേഷം ചെന്നുകണ്ടപ്പോല്‍ വിജയന്‍ വലിയ സന്തോഷത്തിലായിരുന്നു. ' നമ്മളെ കൈയ്യില്‍ ഏത് വലിയവനേയും പൂട്ടാനുള്ള മരുന്നൊക്കെയുണ്ട്. നല്ല കളിക്കാരില്ലാത്തതല്ല പ്രശ്‌നം. വേണ്ട സമയത്ത് എല്ലാം ഒത്തുവരണം.'- അത്രയേ വിജയന്‍ പറഞ്ഞുള്ളൂ.

2003-ല്‍ ആഫ്രോ ഏഷ്യന്‍ ഗെയിംസിന് ഹൈദരാബാദിലേക്ക് പുറപ്പെടും മുമ്പേ വിജയന്‍ വിളിച്ചു ' ഇതോടെ നമ്മള് കളി നിര്‍ത്താണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റല്ലേ ? ഇന്ത്യയെ ചാമ്പ്യന്‍മാരാക്കി അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം.' - റിട്ടയര്‍മെന്റിനെ കുറിച്ച് സംസാരിക്കുമ്പോള്‍ വിജയന്റെ വാക്കുകളില്‍ സങ്കടം നിറയുന്നുണ്ടായിരുന്നു.

ആഫ്രോ ഏഷ്യന്‍ ഗെയിംസ് മാതൃഭൂമിക്ക് വേണ്ടി കവര്‍ ചെയ്യാന്‍ ഹൈദരാബാദില്‍ എത്തി അടുത്ത ദിവസം തന്നെ ഫുട്‌ബോള്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ ചെന്ന് വിജയനെ കണ്ടു. വിജയന് അര്‍ഹിക്കുന്ന യാത്രയപ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ക്യാപ്റ്റന്‍ ബൈച്ചുങ്ങും ടീമംഗങ്ങളും. വിജയന്‍ വിരമിക്കുന്നത് ഇന്ത്യന്‍ ഫുട്ബാളിന് വലിയ നഷ്ടമാണെന്നും വ്യക്തിപരമായി തനിക്ക് അതിലേറെ നഷ്ടമാണെന്നുമായിരുന്നു മാധ്യമങ്ങളോട് ക്യാപ്റ്റന്റെ പ്രതികരണം 'വര്‍ഷങ്ങളായി എന്റെ ആത്മാര്‍ഥ സുഹൃത്താണ് വിജയന്‍. കളിക്കളത്തിനകത്തും പുറത്തും എന്നെ സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്ത കൂട്ടുകാരന്‍. വിജയന് പകരക്കാരനെ കണ്ടെത്താനാവില്ല. വീരോചിതമായ യാത്രയയപ്പ് നല്‍കേണ്ടത് ഞങ്ങളുടെ കടമയാണ്. ഞങ്ങള്‍ വിജയനുവേണ്ടി ജയിക്കും.' - ബൈചുങ്ങ് പറഞ്ഞു. ടീമിലെ മലയാളികളും വിജയന്റെ കൂട്ടുകാരുമായ എം. സുരേഷും ജോപോളുമെല്ലാം വലിയ ആവേശത്തിലായിരുന്നു.

രണ്ട് ഗ്രൂപ്പുകളിലായായിരുന്നു ആഫ്രോ - ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിലെ ആദ്യഘട്ടം മല്‍രങ്ങള്‍. അവസാന നിമിഷം ഘാന പിന്‍മാറിയതുകൊണ്ട്. ഇന്ത്യയുടെ ഗ്രൂപ്പില്‍ പിന്നെ രണ്ട് ടീമുകളേ ഉണ്ടായിരുന്നുള്ളൂ. മലേഷ്യയും റുവാണ്ടയും. റുവാണ്ടയെ 3-1-നും മലേഷ്യയും 2-0-നും ഇന്ത്യ തോല്‍പ്പിച്ചു. രണ്ട് മാച്ചുകളിലും വിജയന്‍ ഗോള്‍ നേടുകയും ചെയ്തു. സിംബാബ്‌വെയായിരുന്നു സെമിയിലെ പ്രതിയോഗികള്‍. വിജയന്റെ മിടുക്കിനു മുന്നില്‍ സിംബാബ്‌വെയും വീണു. തുടക്കത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ടീമിനെ എട്ടുമിനുട്ടിനുള്ളില്‍ രണ്ടു ഗോളടിച്ച് വിജയന്‍ വിജയപാതയിലേക്കെത്തിക്കുകയായിരുന്നു. ഈ സെമി ഫൈനല്‍ മല്‍സരം കാണാന്‍ വിജയന്റെ ഭാര്യ രാജിയും മക്കളും ഹൈദരാബാദിലെത്തിയിരുന്നു. കളി കഴിഞ്ഞ ഉടന്‍ അവരെ കാണാന്‍ വിജയന്‍ ഗ്യാലറിയിലേക്ക് പോയി. വിജയന്‍ രാജിയേയും മക്കളേയും കാണാന്‍ വരുമെന്ന് തോന്നിയതു കൊണ്ട് ഞാന്‍ നേരത്തെ തന്നെ അവരുടെയടുത്ത് ചെന്ന് ഇരുപ്പുറപ്പിച്ചിരുന്നു. വിജയന്‍ മക്കളോട് ചോദിച്ചു ''എങ്ങിനെയുണ്ടായിരുന്നു കളി''. അടിപൊളിയായിരുന്നു എന്നായിരുന്നു ഏഴുവയസ്സുകാരന്‍ ആരോമലിന്റെ മറുപടി. അതു കേട്ടപ്പോള്‍ വിജയന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. 'എന്റെ കളികാണാന്‍ ഇത്രദൂരം ട്രെയിനില്‍ യാത്രചെയ്ത് വന്ന അവരെ നിരാശപ്പെടുത്താതെ കഴിഞ്ഞല്ലോ? '- വിജയന്‍ ദൈവത്തിന് നന്ദി പറഞ്ഞു.

2003 ഒക്ടോബര്‍ 31-നായിരുന്നു ഫൈനല്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ വിജയന്‍ ബൂട്ടഴിക്കുന്ന ദിവസം. പ്രതിയോഗികള്‍ ഉസ്‌ബെക്കിസ്ഥാന്‍. അവര്‍ക്കെതിരെ തകര്‍പ്പന്‍ പോരാട്ടമാണ് ഇന്ത്യ നടത്തിയത്. വിജയന്‍ അക്ഷാരാര്‍ത്ഥത്തില്‍ മുന്നില്‍ നിന്ന് പൊരുതി. ആറാം മിനുട്ടില്‍ തന്നെ ഉസ്‌ബെക്കിന്റെ പെനാല്‍ട്ടി ബോക്‌സില്‍ താണിറങ്ങിയ പന്ത് അങ്ങോട്ടേക്ക് ഓടിയെത്തിയ വിജയന്‍ ഹെഡ് ചെയ്തപ്പോള്‍ ഗോളെന്നുറപ്പിച്ചതാണ്. പക്ഷെ ഉസ്‌ബെക്ക് ഗോള്‍കീപ്പര്‍ അത് കുത്തിപ്പൊക്കി. പിന്നെയും ഇന്ത്യയുടെ മധ്യനിരയില്‍ റെന്നഡി സിങ്ങും തോബാസിങ്ങും ജോപോളും അധ്വാനിച്ച് കളിക്കുകയും വിജയനും ബൈച്ചുങ്ങും ഉസ്‌ബെക്ക് ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തുകയും ചെയ്തു. പക്ഷെ ഗോള്‍ മാത്രം പിറന്നില്ല. കളിയുടെ അവസാന മിനുറ്റില്‍ നേടിയ ഗോളിലൂടെ ഉസ്‌ബെക്കുകാര്‍ ഇന്ത്യയുടേയും വിജയന്റേയും സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി. മുഖംപൊത്തിപ്പിടിച്ച് എല്ലാം തകര്‍ന്നവനെ പോലെ ഗ്രൗണ്ടില്‍ നിന്ന് കയറിവരുന്ന വിജയനെ കണ്ടപ്പോള്‍ ദു:ഖം തോന്നി. ഒരു പതിറ്റാണ്ടിലധികം നീണ്ട അന്താരാഷ്ട്ര കരിയറിന്റെ അവസാനമാണ്. രാജ്യത്തിന് വേണ്ടി 79 മല്‍സരങ്ങള്‍ കളിച്ച് 40 ഗോളുകള്‍ നേടിയ വിജയന്റെ ഈ അവസാന മല്‍സരത്തില്‍ ഒരു വിജയം എല്ലാവരും കൊതിച്ചിരുന്നു.

റിട്ടയര്‍മെന്റിന് ശേഷം അന്നേ ദിവസത്തേക്ക് ഒരു വിരുന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ ആസൂത്രണം ചെയ്തിരുന്നു. കളി ജയിച്ചാലും തോറ്റാലും എത്താമെന്ന് വിജയന്‍ വാക്കു തന്നതുമായിരുന്നു. പക്ഷെ അതും നടക്കാതെ പോയി. അവസാന മല്‍സരം കഴിഞ്ഞ ഉടന്‍ ഉത്തേജക മരുന്ന് പരിശോധനക്ക് വിജയനെ കൊണ്ടുപോയി. മണിക്കൂറുകള്‍ വേണ്ടി വന്നു അതുകഴിഞ്ഞ് പുറത്തുവരാന്‍. അപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു. ഞങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന വിരുന്ന് നടന്നില്ല. അടുത്ത ദിവസം രാവിലെ വിളിച്ചപ്പോള്‍ വിജയന്‍ പറഞ്ഞു. ' ഇന്ത്യക്ക് അവിസ്മരണീയമായ ജയം സമ്മാനിച്ച് ബൂട്ടഴിക്കണമെന്നായിരുന്നു ആഗ്രഹം. അത് നടക്കാതെ പോയതില്‍ എനിക്ക് ദു:ഖമുണ്ട്. പക്ഷെ നിരാശയില്ല. കോലോത്തുംപാടത്ത് കൂട്ടുകാര്‍ക്കൊപ്പം പന്തു തട്ടി നടക്കുമ്പോള്‍ ഒന്നും കൊതിച്ചിരുന്നില്ല. കളിക്കുമ്പോള്‍ വിശപ്പറിയില്ലായിരുന്നു. അങ്ങനെ വിശപ്പടക്കാനാണ് ഞാനും കൂട്ടുകാരും പന്ത് കളിച്ചത്. എന്നാല്‍ ആ പന്ത് എനിക്കെല്ലാം തന്നു. നല്ല ജീവിതം, കുടുംബം, പ്രശസ്തി... അങ്ങനെ എല്ലാം. ഇനി വലിയ മോഹങ്ങളൊന്നുമില്ല. മരിക്കും വരെ പന്തു കളിച്ചു കൊണ്ടിരിക്കും. അതുമാത്രം മതി. '

സൗഹൃദങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന പ്രകൃതമാണ് വിജയന്റേത്. ഫുട്‌ബോള്‍ ഗ്രൗണ്ടിനകത്തും പുറത്തും എണ്ണിയാലൊടുങ്ങാത്ത സൗഹൃദങ്ങള്‍ വിജയനുണ്ട്. അതില്‍ കൂലിപ്പണിക്കാരും കടല വില്‍പ്പനക്കാരും തൊട്ട് സിനിമയിലെ സൂപ്പര്‍ താരങ്ങളും രാജ്യമറിയുന്ന കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാമുണ്ട്. ക്രിക്കറ്റ്താരം ശ്രീശാന്ത് വിഷമ ഘട്ടങ്ങളില്‍ പലപ്പോഴും ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി ആശ്രയിക്കുന്നത് വിജയനെയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദത്തില്‍ പെട്ട് ശ്രീശാന്ത് തിഹാര്‍ ജയിലിലായ സമയത്ത് വിജയന്‍ വിളിച്ചിരുന്നു. ' ശ്രീശാന്തിന് എന്താണ് പറ്റിയത്? ഒരിക്കലും അവന്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. അവനെ സഹായിക്കാന്‍ കഴിയുന്നതെല്ലാം നമുക്ക് ചെയ്യണം. നമ്മളുടെയെല്ലാ പിന്തുണയുണ്ടെന്ന് അവനോട് പറയണം.'- അപ്പോള്‍ വിജയന്റെ വാക്കുകളില്‍ ഒരു അനിയനോടുള്ള വാല്‍സല്യമുണ്ടായിരുന്നു. ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ കളിച്ചു തുടരെ കൊണ്ടിരിക്കുന്ന കാലത്ത് മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികക്ക് വേണ്ടി ഒരു ഫീച്ചര്‍ തയ്യാറാക്കുന്നതിനായി പി.ടി ഉഷയേയും വിജയനേയും കൂട്ടി ശ്രീശാന്തിന്റെ വീട്ടില്‍ പോയത് ഓര്‍ക്കുന്നു. മൂന്നു താരങ്ങള്‍ തമ്മിലുള്ള സംഭാഷണവും ഫോട്ടോ ഷൂട്ടുമെല്ലാം കഴിഞ്ഞപ്പോള്‍ ശ്രീശാന്തിന്റെ അമ്മയോട് വിജയന്‍ പറഞ്ഞത് ഇതായിരുന്നു. ' കളിയില്‍ നിന്ന് കിട്ടുന്ന പണമൊന്നും പാഴാക്കി കളയാതിരിക്കാന്‍ ശ്രദ്ധിക്കണം. എപ്പോഴും അവന്റെ മേലില്‍ ഒരു ശ്രദ്ധ വേണം. കളിയില്‍ നിന്ന് റിട്ടയര്‍ ചെയ്താലാണ് ആ പണത്തിന്റെ ആവശ്യം വരിക.'

വിജയന്‍ പലര്‍ക്കും കടമായി നല്‍കിയ പണം തിരികെ കിട്ടാന്‍ ഇപ്പോഴും ഏറെയുണ്ട്. കളിച്ചു കൊണ്ടിരുന്ന ക്ലബ്ബിന്റെ ഉടമകള്‍ക്ക് കടമായി പണം നല്‍കി തിരികെ കിട്ടാതെ പോയ സംഭവം വിജയന്‍ ആരോടും പറയാറില്ല. പക്ഷെ, അതൊരു വലിയ തുകയാണ്. പന്തു കളിക്കാന്‍ വേണ്ടി മാത്രം ജനിച്ച ജന്‍മമാണെന്ന് വിജയന്റേതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ, പിന്നീട് എപ്പോഴോ സിനിമയേയും വിജയന്‍ പ്രണയിച്ചു തുടങ്ങി. മലയാളത്തിലും തമിഴിലുമായി ഒരു ഡസനിലധികം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പ്രമുഖതാരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച വിജയന്‍ തമിഴ് സിനിമകളിലും ഇപ്പോള്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നു.' ഫുട്‌ബോളില്ലാതെ എനിക്ക് ജിവിക്കാനാവില്ല. ഫുട്‌ബോള്‍ തന്ന സൗഭാഗ്യമാണ് സിനിമാനടന്‍ എന്ന പദവിയും.'- വിജയന്‍ പറയുന്നു.

1992 മുതല്‍ 2003 വരെ ഇന്ത്യയ്ക്കുവേണ്ടി കളിച്ച വിജയന്‍ കുറേകാലം ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെ.സി.ടി. മില്‍സ്, ചര്‍ച്ചില്‍ ബ്രദേഴ്സ്, എഫ്.സി. കൊച്ചിന്‍ തുടങ്ങിയ ടീമുകള്‍ളെ പ്രതിനിധീകരിച്ച വിജയന്‍ ദേശീയഫുട്ബോളില്‍ ചൂടാത്ത കിരീടങ്ങളില്ല. പലതവണ രാജ്യത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. അര്‍ജുന പുരസ്‌കാരം അടക്കമുള്ള ബഹുമതികള്‍ നേടി. അത് എന്തൊക്കെ ആയാലും എത്ര ഉയരത്തിലെത്തിയാലും ഐ.എം വിജയന്‍ വെറും പന്തുകളിക്കാരനാണ്. തുകല്‍ പന്തില്‍ ഉച്ഛാസവായു നിറച്ച് അതിന് പിറകെ ഓടുന്ന ഓട്ടമാണ് ഈ കോലോത്തുംപാടത്തുകാരന്റെ ജീവിതം.

Content Highlights: IM Vijayan Diary of A Sports reporter

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram