ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി. ഇന്ത്യയുടെ ഏറ്റവും വലിയ കിരീടപ്രതീക്ഷയായിരുന്ന കെ. ശ്രീകാന്തിന് ക്വാര്‍ട്ടര്‍ഫൈനലില്‍ കാലിടറി.
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ദക്ഷിണ കൊറിയയുടെ സോന്‍ വാന്‍ ഹോയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് തോറ്റത്. സ്‌കോര്‍: 14-21, 18-21. മത്സരം 49 മിനിറ്റ് നീണ്ടുനിന്നു.
ടൂര്‍ണമെന്റ് എട്ടാം സീഡായ ശ്രീകാന്തിന് ഒന്നാം ഗെയിമില്‍ മാത്രമാണ് കാര്യമായി ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞത്. ഒരുവേള 8-8 എന്ന സ്‌കോറില്‍ ഒപ്പമെത്തിയ ശ്രീകാന്തിന് പിന്നീട് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
തീര്‍ത്തും ഏകപക്ഷീയമായി മുന്നേറിയ മത്സരത്തിന്റെ അവസാന ഭാഗത്ത് മാത്രമാണ് ശ്രീകാന്തിന് തിരിച്ചുവരാനായത്. ഏഴ് തവണ തുടര്‍ച്ചയായി പോയിന്റ് കരസ്ഥമാക്കിയ ശ്രീകാന്തിന്റെ മുന്നേറ്റം പക്ഷേ, 18 പോയിന്റില്‍ അവസാനിച്ചു. ഒരുവന്നേള പോലും വാന്‍ ഹോ ലീഡ് വിട്ടുകൊടുത്തതുമില്ല.
ശ്രീകാന്തിനെതിരെ സോന്‍ വാന്‍ നേടുന്ന അഞ്ചാമത്തെ വിജയമാണിത്. ഇതുവരെ ഒന്‍പത് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ നാലു തന്നെ ശ്രീകാന്തിനായിരുന്നു ജയം. ഈ വര്‍ഷം നടന്ന ഇന്‍ഡൊനീഷ്യന്‍ ഓപ്പണിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലും ശ്രീകാന്തിനായിരുന്നു ജയം.
വനിതാ വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ പോരാടുന്ന പി.വി.സിന്ധുവിലും സൈന നേവാളിലുമാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷകള്‍.