ഗ്ലാസ്‌ഗോ: ഒന്നാന്തരമായി പൊരുതിത്തുടങ്ങിയ ഇന്ത്യ സൈന നേവാൾ ഒടുവില്‍ തളർന്നു. ജാപ്പനീസ് താരവും റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവുമായ നൊസോമി ഒകുഹരയുടെ ചെറുപ്പത്തിന്റെ കരുത്തിന് മുന്നിൽ തോറ്റുകൊടുത്ത് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു.
കഴിഞ്ഞ തവണ ജക്കാർത്തയിൽ വെള്ളി നേടിയ സൈനയുടെ ആദ്യ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വെങ്കലമാണിത്. ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ജപ്പാനീസ് താരമെന്ന റെക്കോഡും വിജയത്തോടെ ഒകുഹര സ്വന്തമാക്കി
ഇന്ത്യ ഏറെ പ്രതീക്ഷ വച്ച വനിതാ സിംഗിൾസിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു സൈനയുടെ തോൽവി. ഒന്നാം ഗെയിം ഏറെക്കുറെ അനായാസമായി നേടിയ സൈന രണ്ടാം ഗെയിമിൽ പൊരുതിയും നിർണായകമായ മൂന്നാം ഗെയിമിൽ പൊരുതാതെയുമാണ് കീഴടങ്ങിയത്. സ്കോർ: 21-12, 17-21, 10-21.മത്സരം ഒരു മണിക്കൂറും 14 മിനിറ്റും നീണ്ടുനിന്നു.
ആദ്യ ഗെയിം ഏറെക്കുറെ എളുപ്പത്തിൽ സ്വന്തമാക്കിയ സൈന്യ്ക്ക് രണ്ടാം ഗെയിമിലെ ഒകുഹുരയുടെ കുതിപ്പിനെ മറികടക്കാൻ കഴിഞ്ഞില്ല. തുടക്കം മുതൽ തന്നെ ലീഡ് നേടി മുന്നേറിയ ഒകുഹരയ്ക്കെെതിരെ പത്ത് പോയിന്റിനുശേഷമാണ് സൈന തിരിച്ചുവന്നത്. എന്നാൽ, അനാവശ്യമായ ചില പിഴവുകൾക്ക് സൈനയ്ക്ക് വലിയ വില കൊടുക്കേണ്ടിവരുന്നതാണ് പിന്നീട് കണ്ടത്.
ടൂര്‍ണമെന്റ് പന്ത്രണ്ടാം സീഡായ സൈന നിലവിലെ റണ്ണറപ്പാണ്. സൈനയും ഒകുഹരയും ഇതുവരെ ഏഴ് തവണ ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണയും ജയം സൈനയ്ക്കായിരുന്നു. ഈ വര്‍ഷം നടന്ന ഓള്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റിലാണ് സൈന അവസാനമായി ഒകുഹരയെ തോല്‍പിച്ചത്.
ഇന്ത്യയുടെ പി.വി.സിന്ധുവാണ് ഇനി ടൂർണമെന്റിൽ അവശേഷിക്കുന്ന ഇന്ത്യൻ താരം.