ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങള്‍ മുന്നേറ്റം തുടരുന്നു. പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവും ക്വാര്‍ട്ടറിലെത്തി.
13-ാം സീഡ് ഹോങ് കോങ്ങിന്റെ ചെങ് യിയെ പരാജയപ്പെടുത്തിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. ആദ്യ ഗെയിമില്‍ തോറ്റ സിന്ധു പിന്നീട് അടുത്ത രണ്ട് ഗെയിമിലും ഹോങ് കോങ് താരത്തെ നിഷ്പ്രഭയാക്കി. സ്്‌കോര്‍: 16-21, 21-9,21-11. മത്സരം ഒരു മണിക്കൂറും 27 മിനിറ്റും നീണ്ടു നിന്നു. അഞ്ചാം സീഡ് ചൈനയുടെ സണ്‍ യുവാണ് നാലാം സീഡായ സിന്ധുവിന്റെ ക്വാര്‍ട്ടറിലെ എതിരാളി.
പതിനാലാം സീഡായ ഡെന്‍മാര്‍ക്കിന്റെ ആന്ദ്രെ അന്റോണ്‍സെനെയാണ് എട്ടാം സീഡായ ശ്രീകാന്ത് തോല്‍പിച്ചത്. സ്‌കോര്‍: 21-14, 21-18. മത്സരം 42 മിനിറ്റ് നീണ്ടുനിന്നു. ക്വാര്‍ട്ടറില്‍ ഒന്നാം സീഡായ ദക്ഷിണ കൊറിയയുടെ സോന്‍ വാന്‍ ഹോയോ പതിനൊന്നാം സീഡ് തനോങ്സാക് സേന്‍സൊംബൂന്‍സുക്കോ ആയിരിക്കും ശ്രീകാന്തിന്റെ എതിരാളി.
അതേസമയം മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തരിച്ചടിയേറ്റു. ഇന്ത്യന്‍ ജോഡികളായ പ്രണവ് ജെറി ചോപ്രയും സിക്കി റെഡ്ഡിയും മൂന്നാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യന്‍ ജോഡികളായ പ്രവീണ്‍ ജോര്‍ഡന്‍-ഡെബ്ബി സുശാന്തോ ജോഡിയോടാണ് തോറ്റത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍: 22-20, 18-21, 18-21.