ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവും ജപ്പാനീസ് താരം നസോമി ഒകുഹരയും തമ്മിലുള്ള ഫൈനല്‍ ആവേശം നിറഞ്ഞതായിരുന്നു. മത്സരഫലം അങ്ങോട്ടും ഇങ്ങോട്ടും മാറിമറഞ്ഞുകൊണ്ടേയിരുന്നു. ശ്വാസമടക്കിപ്പിടിച്ചാണ് എല്ലാവരും ഫൈനല്‍ കണ്ടത്.
ആ കാണികളുടെ കൂട്ടത്തില്‍ സൈന നേവാളുമുണ്ടായിരുന്നു. എമിറേറ്റ്‌സ് അറീനയില്‍ ഒരു മണിക്കൂറും അമ്പതു മിനിറ്റും നീണ്ടു നിന്ന മത്സരത്തിനൊടുവില്‍ സൈന തന്റെ പഴയ ഗുരുവും സിന്ധുവിന്റെ ഇപ്പോഴത്തെ പരിശീലകനുമായ പുല്ലേല ഗോപീചന്ദിന്റെ അടുത്തെത്തി. എന്നിട്ട് ഇങ്ങിനെ പറഞ്ഞു.' ഈ മത്സരം കണ്ട് ഞാന്‍ ഇല്ലാതായിപ്പോയി, എന്തൊരു മനോഹരമായൊരു ഫൈനലായിരുന്നു അത്'
സൈനയും സിന്ധുവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ കൂടി ഇല്ലാതാക്കുന്നതായിരുന്നു ഈ പ്രതികരണം. റിയോ ഒളിമ്പിക്‌സില്‍ സിന്ധു വെള്ളി നേടിയപ്പോള്‍ അഭിനന്ദിച്ച് സൈന
ട്വീറ്റ് ചെയ്യാതിരുന്നതെല്ലാം ചര്‍ച്ചയായിരുന്നു. എന്നാല്‍ സിന്ധുവിന്റെ കഴിവിനെ സൈന അംഗീകരിച്ചതോടെ അത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് അവസാനമായത്.
മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ 19-21, 22-20, 20-22 എന്ന സ്‌കോറിന് പരാജയപ്പെട്ട സിന്ധു വെള്ളി നേടി. അതേസമയം ലോകചാമ്പ്യന്‍ഷിപ്പിന്റെ സെമി വരെയെത്തിയ സൈന വെങ്കലവും സ്വന്തമാക്കി.