ഗ്ലാസ്‌ഗോ: ഇന്ത്യയുടെ അഭിമാനമായി തുടരുകയാണ് ആന്ധ്രക്കാരി പുരസല വെങ്കട്ട സിന്ധു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ച് ഒരു മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ് ലോക മൂന്നാം റാങ്കുകാരിയും ടൂര്‍ണമെന്റ് നാലാം സീഡുമായ പി.വി.സിന്ധു.
വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ഫൈനലില്‍ ചൈനയുടെ അഞ്ചാം സീഡ് യു സുന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പിച്ചത്. സ്‌കോര്‍: 21-14, 21-9. ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ തോറ്റാലും വെങ്കല മെഡല്‍ ലഭിക്കും.
സ്‌കോര്‍ നില സൂചിപ്പിക്കുംപോലെ തീര്‍ത്തും ഏകപക്ഷീയമായിരുന്നു 39 മിനിറ്റ് മാത്രം നീണ്ടുനിന്ന ക്വാര്‍ട്ടര്‍ പോരാട്ടം. യു സുന്നിനെതിരെ സിന്ധു നേടുന്ന നാലാമത്തെ വിജയമാണിത്. കഴിഞ്ഞ വര്‍ഷം നടന്ന ചൈന ഓപ്പണിലാണ് സിന്ധു അവസാനമായി സുന്നിനെ തോല്‍പിച്ചത്.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നില്‍ കൂടുതല്‍ തവണ മെഡല്‍ നേടിയിട്ടുള്ള ഏക ഇന്ത്യന്‍ താരമാണ് ഇരുപത്തിരണ്ടുകാരിയായ സിന്ധു. 2014ല്‍ നടന്ന കോപ്പന്‍ഹേഗന്‍, 2013ല്‍ നടന്ന ഗ്വാങ്ഷു ലോക ചാമ്പ്യന്‍ഷിപ്പുകളിലാണ് സിന്ധു ഇതിന് മുന്‍പ് വെങ്കല മെഡല്‍ നേടിയത്.
ചൈനയുടെ ഒന്‍പതാം സീഡ് യുഫെയ് ചെന്നാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. തായ്‌ലന്‍ഡിന്റെ രത്ചനോക്ക് ഇന്തനോനിനെയാണ് ചെന്‍ ക്വാര്‍ട്ടറില്‍ തോല്‍പിച്ചത്. 2013ല്‍ രത്ചനോക്കാണ് സെമിയില്‍ സിന്ധുവിനെ തോല്‍പിച്ചത്.