ഗ്ലാസ്‌ഗോ: റിയോ ഒളിമ്പിക്‌സിനുശേഷം ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ പി.വി.സിന്ധുവിന്റെ ചുണ്ടില്‍ നിന്ന് ചരിത്രവിജയം തട്ടിത്തെറിച്ചു.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാന്‍ ഒരുങ്ങിയിറങ്ങിയ സിന്ധു വനിതാ ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹരയോടാണ് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റത്.
ആദ്യ ഗെയിം കൈവിട്ടശേഷം രണ്ടാം ഗെയിമില്‍ ഉജ്വലമായി തിരിച്ചുവന്നെങ്കിലും അവസാന ഗെയിമില്‍ അടിപതറി. സ്‌കോര്‍: 19-21, 22-20, 20-22
കഴിഞ്ഞ റിയോ ഒളിമ്പിക്‌സിന്റെ സെമിയില്‍ തന്നെ തോല്‍പിച്ച സിന്ധുവിനോടുള്ള മധരപ്രതികാരം കൂടിയായി നൊസോമിക്ക് ഈ ജയം.
ഇന്ത്യയുടെ സൈന നേവാള്‍ നേരത്തെ വെങ്കലം നേടിയിരുന്നു. സെമിയില്‍ സൈനയെ തോല്‍പിച്ചാണ് ഒകുഹര കലാശപ്പോരില്‍ സിന്ധുവിനെ നേരിട്ടത്.
ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനക്കാരിയായ ഒകുഹരയുടെ ആദ്യ ലോക കിരീടമാണിത്. സിന്ധു വെള്ളി നേടിയ റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയിരുന്നു ഈ ജാപ്പനീസ് താരം.