ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍. രണ്ടാം റൗണ്ടില്‍ തായ്വാന്റെ പായ് യു പോയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് (21-14, 21-15) സിന്ധുവിന്റെ മുന്നേറ്റം. ലോക ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ റണ്ണറപ്പും അഞ്ചാം സീഡുമായ സിന്ധു 42 മിനിറ്റില്‍ വിജയം പിടിച്ചെടുത്തു.
രണ്ടാം ഗെയിമില്‍ ഇടവേളയ്ക്കു പിരിയുമ്പോള്‍ 11-10 ന് പിന്നിലായതൊഴിച്ചാല്‍ തായ്വാനീസ് താരത്തിനെതിരേ സിന്ധു തികഞ്ഞ മേധാവിത്തം പുലര്‍ത്തി. തുടര്‍ന്ന് എതിരാളി മൂന്നു പോയന്റ് നേടുന്നതിനിടെ 11 പോയന്റുകള്‍ വാരി സിന്ധു ഗെയിമും മത്സരവും സ്വന്തമാക്കി. ആദ്യ ഗെയിം 18 മിനിറ്റും രണ്ടാം ഗെയിം 24 മിനിറ്റും നീണ്ടുനിന്നു.
ഒമ്പതാം സീഡിലുള്ള, അമേരിക്കയുടെ സാങ് ബീവെന്‍ ആയിരിക്കും പ്രീ ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി.
അതേസമയം ഡബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ ജോഡികള്‍ തോറ്റുപുറത്തായി. വനിതാ ഡബിള്‍സില്‍ സിക്കി റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം ഏഴാം സീഡായ ചൈനീസ് ജോഡിയോട് പരാജയപ്പെട്ടു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍: 22-20,21-16.
മറ്റൊരു മത്സരത്തില്‍ മേഘ്‌ന ജക്കാംപുഡി-പൂര്‍വിഷ എസ് റാം ജോഡി ജപ്പാന്റെ ശിഹോ തനാക-കൊഹറു യൊനമോട്ട സഖ്യത്തോട് തോറ്റു. സ്‌കോര്‍: 21-8,21-18.
പുരുഷ ഡബിള്‍സില്‍ മനു ആത്രി-സുമീത് റെഡ്ഡി സഖ്യത്തിനും തോല്‍വിയായിരുന്നു ഫലം. ആറാം സീഡ് ചൈനീസ് ജോഡി ഹാന്‍ ചെങ് കെയി-സോഹോ ഡോങ് സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡി തോറ്റത്. സ്‌കോര്‍: 21-16,21-19.
Content Highlights: PV Sindhu World Badminton Championship