ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് മുന്നേറ്റം. രണ്ട് തവണ വെങ്കലം നേടിയ സിന്ധു വനിതാ സിംഗിള്‍സിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
പുരുഷ സിംഗിള്‍സില്‍ പതിനഞ്ചാം സീഡായ ഇന്ത്യയുടെ ബി. സായി പ്രണീത് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഹോങ് കോങ്ങിന്റെ നാന്‍ വെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സായി പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-18, 21-17.
ഇന്ത്യയുടെ മറ്റൊരു താരമായ അജയ് ജയറാമും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഓസ്ട്രിയയുടെ ലൂക്ക വ്രാബെര്‍ക്കെതിരെയായിരുന്നു അജയ് ജയറാമിന്റെ വിജയം. സ്‌കോര്‍: 21-14,21-12.
എന്നാല്‍, മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ഇന്ത്യയുടെ സുമീത്ത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം ചൈനയുടെ പതിമൂന്നാം സീഡായ വാങ് യില്‍യു-ഹ്വാങ് ഡോങ്പിങ് ടീമിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 17-21, 21-18, 5-21.
രണ്ടാം റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ കിം ഹ്യോ മിന്നിനെയാണ് ടൂര്‍ണമെന്റ് നാലാം സീഡായ സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-16, 21-14. മത്സരം 49 മിനിറ്റ് നീണ്ടുനിന്നു.
കിമ്മിനെതിരെ സിന്ധു നേടുന്ന നാലാമത്തെ ജയമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് കിം സിന്ധുവിനെ തോല്‍പിച്ചത്.
തീര്‍ത്തും ഏകപക്ഷീയമായിരുന്നു ആദ്യ ഗെയിമില്‍ സിന്ധുവിന്റെ ജയം. തുടര്‍ച്ചയായി എട്ട് പോയിന്റ് നേടിയശേഷമാണ് സിന്ധു എതിരാളിക്ക് ഒരു പോയിന്റ് വിട്ടുകൊടുത്തത്. പിന്നീട് തിരിഞ്ഞുനോക്കിയതേയില്ല.
രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ കിം അല്‍പം പ്രതിരോധിച്ചെങ്കിലും വെല്ലുവിളി ഏറെനേരം നീണ്ടുനിന്നില്ല. സിന്ധുവിന്റെ അനുഭവസമ്പത്തിന് മുന്നില്‍ അടിയറവു പറയുകയും ചെയ്തു.