ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ബി. സായി പ്രണീതിന്റെ സ്വപ്‌നതുല്ല്യമായ കുതിപ്പിന് അവസാനം. മുപ്പത്തിയാറു കൊല്ലത്തിനുശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെങ്കല മെഡല്‍ നേടി എന്ന ചരിത്രനേട്ടമാണ് സായി പ്രണീതിന് സ്വന്തമായുള്ളത്. ലോക ചാമ്പ്യനെ വീഴ്ത്തി ഫൈനലില്‍ പ്രവേശിക്കാനുള്ള സായിയുടെ മോഹം സെമിയില്‍ പൊലിഞ്ഞു. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്റെ കെന്റോ മൊമൊട്ടയോട് ഏകപക്ഷീയമായ ഗെയിമുകള്‍ക്കാണ് സായി പ്രണീത് തോറ്റത്. സ്‌കോര്‍: 21-13, 21-8 മത്സരം 42 മിനിറ്റ് നീണ്ടുനിന്നു.
പ്രകാശ് പദുക്കോണിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പുരുഷ താരം ലോക ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടുന്നത്.
19 മിനിറ്റ് നീണ്ടുനിന്നു ഒന്നാം ഗെയിമില്‍ കരുത്തനായ എതിരാളിക്കെതിരേ പത്ത് പോയിന്റ് വരെ ഒപ്പത്തിനൊപ്പം പോയിന്റ് നേടി മുന്നേറിയ സായി പ്രണീത് പിന്നീട് മൊമൊട്ടയുടെ വേഗമേറിയ സ്മാഷുകള്‍ക്ക് മുന്നിലാണ് അടിപതറിയത്.
രണ്ടാം ഗെയിമില്‍ സായി പ്രണീതിനെ അപകടകാരിയായി വളരാന്‍ അനുവദിച്ചതേയില്ല പരിചയസമ്പന്നനായ മൊമൊട്ട. രണ്ട് പോയിന്റ് വരെ മാത്രമാണ് ഒപ്പം പിടിക്കാന്‍ കഴിഞ്ഞതും. പിന്നീട് ഏകപക്ഷീയമായി പോയിന്റുകള്‍ വാരിക്കൂട്ടുകയായിരുന്നു ലോകചാമ്പ്യന്‍. മൊമൊട്ടയുടെ രണ്ടാം ലോകചാമ്പ്യൻഷിപ്പ് ഫൈനലാണിത്. ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ലോക ചാമ്പ്യൻഷിപ്പിൽ നിന്നുള്ള സമ്പാദ്യം.
ഇന്ത്യയുടെ പി.വി.സിന്ധു നേരത്തെ വനിതാ വിഭാഗം ഫൈനലിൽ പ്രവേശിച്ചിരുന്നു.
Content Highlights: BSaiPraneeth Kento Momota BWF World Badminton Semifinal