നാന്‍ജിങ്: ചൈനയില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സായ് പ്രണീത് ക്വാര്‍ട്ടർഫൈനലിൽ പ്രവേശിച്ചു. ഡെന്‍മാര്‍ക്കിന്റെ എച്ച്.കെ വിറ്റിന്‍ഹസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ലോക 26-ാം നമ്പര്‍ താരം പ്രണീത് ക്വാര്‍ട്ടറില്‍ ഇടംനേടിയത്. സ്‌കോര്‍ 21-13, 21-11. ഇതാദ്യമായാണ് പ്രണീത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്.
വിറ്റിന്‍ഹസിനെതിരേ തികച്ചും ആധികാരികമായിട്ടായിരുന്നു പ്രനീതിന്റെ വിജയം. മത്സരത്തിന്റെ തുടക്കത്തില്‍ മികച്ച കളി പുറത്തെടുത്തത് വിറ്റിന്‍ഹസായിരുന്നു. എന്നാല്‍ പിന്നില്‍ നിന്നശേഷം മികച്ച കളി പുറത്തെടുത്ത പ്രനീത് ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ തുടക്കം മുതല്‍ തന്നെ മികച്ച കളി പുറത്തെടുത്ത പ്രനീത് ഡെന്‍മാര്‍ക്ക് താരത്തെ തീര്‍ത്തും നിഷ്പ്രഭനാക്കി.
ഇന്ത്യയുടെ സൈന നേവാളും നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. വനിത സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ നാലാം സീഡായ തായ്ലന്‍ഡിന്റെ രത്ചനോക്ക് ഇന്തനോനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍പിച്ചത്. ഇതോടെ തുടര്‍ച്ചയായി എട്ടു തവണ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സൈന സ്വന്തമാക്കി. വാശിയേറിയ മത്സരത്തില്‍ 21-16, 21-19 എന്ന സ്‌കോറിനായിരുന്നു പത്താം സീഡായ സൈനയുടെ വിജയം.
അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ലോക ആറാം നമ്പര്‍ താരം കിഡംബി ശ്രീകാന്ത് മലേഷ്യയുടെ ഡാരന്‍ ല്യൂവിനോട് പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. സ്‌കോര്‍: 18-21, 18-21.
Content Highlights: Badminton world championship Sai Praneeth MAke it to quarters