നാന്‍ജിങ്: പത്താമത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ഇന്ത്യയുടെ ദിവസമായിരുന്നു. വനിതാ-പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നേവാളിനും സായ് പ്രണീതിനും പിന്നാലെ പി.വി സിന്ധുവും ക്വാര്‍ട്ടറില്‍ കടന്നു.
ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍ 21-10, 21-18. ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിന്റെ ക്വാര്‍ട്ടറിലെ എതിരാളി.
നേരത്തെ നാലാം സീഡായ തായ്‌ലന്‍ഡിന്റെ രത്ചനോക്ക് ഇന്തനോനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് സൈന നേവാളും ക്വാര്‍ട്ടറില്‍ കടന്നിരുന്നു. തുടര്‍ച്ചയായി എട്ടു തവണ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ താരമെന്ന റെക്കോഡും ഇതോടെ സൈന സ്വന്തമാക്കിയിരുന്നു.
ഡെന്‍മാര്‍ക്കിന്റെ എച്ച്.കെ വിറ്റിന്‍ഹസിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ സായ് പ്രണീതും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പ്രനീതിന്റെ വിജയം. ഇതാദ്യമായാണ് പ്രനീത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്.
അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ലോക ആറാം നമ്പര്‍ താരം കിഡംബി ശ്രീകാന്ത് മലേഷ്യയുടെ ഡാരന്‍ ല്യൂവിനോട് പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. സ്‌കോര്‍: 18-21, 18-21.
Content Highlights: badminton world championship pv sindhu to quarters