മോസ്‌കോ: റഷ്യയുടെ പോള്‍വാള്‍ട്ട് ഇതിഹാസം യെലേന ഇസിന്‍ബയേവ അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിച്ചു. ഉത്തേജക ഉപയോഗത്തെ തുടര്‍ന്ന് റഷ്യന്‍ അത്‌ലറ്റിക് ടീമിനെ റിയോ ഒളിമ്പിക്‌സില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. തുടര്‍ന്ന് ഇസിന്‍ബയേവക്കും റിയോയില്‍ മത്സരിക്കാനായിരുന്നില്ല. ഈ നിരാശയോടെയും ദു:ഖത്തോടെയുമാണ് ഇസിന്‍ബയേവ വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
താന്‍ മികച്ച ഫോമിലാണുള്ളതെന്നും തന്റെ അഭാവത്തില്‍ ആര് സ്വര്‍ണം നേടിയാലും അത് യഥാര്‍ത്ഥ വിജയമാകില്ലെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് ഇസിന്‍ബയേവ വ്യക്തമാക്കി. താനുള്‍പ്പെടെയുള്ള റഷ്യന്‍ താരങ്ങളോട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി കാണിച്ചത് അനീതിയാണെന്നും ഇസിന്‍ബയേവ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
പോള്‍വാള്‍ട്ടിലെ ലേഡി ബൂബ്കയെന്ന് അറിയപ്പെടുന്ന ഇസിന്‍ബയേവ സമാനതകളില്ലാത്ത താരമാണ്. പോള്‍വാള്‍ട്ടിലെ ലോകറെക്കോര്‍ഡുകാരിയായ ഇസിന്‍ബയേവ ഒളിമ്പിക്‌സില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും നേടിയിട്ടുണ്ട്.