ദോഹ: മലയാളിയായ ലോങ്ജമ്പര്‍ എം. ശ്രീശങ്കറിന് ലോക അത്‌ലറ്റിക് മീറ്റില്‍ ഫൈനലിലെത്താനായില്ല. മീറ്റിലെ ആദ്യ ഇനമായ ലോങ്ജമ്പില്‍ 7.62 മീറ്ററാണ് ശ്രീശങ്കര്‍ ചാടിയത്. ഫൈനലിന്റെ യോഗ്യതാമാര്‍ക്ക് 8.15 മീറ്ററായിരുന്നു. ഈയിനത്തില്‍ 8.20 മീറ്റര്‍ ചാടി ദേശീയ റെക്കോഡിട്ട ശ്രീശങ്കറിന് ദോഹയില്‍ അതിനടുത്ത് എത്താനായില്ല.
ആദ്യചാട്ടത്തില്‍ 7.52 മീറ്റര്‍ മറികടന്നു. രണ്ടാമത്തെ അവസരത്തില്‍ 7.62 മീറ്റര്‍. മൂന്നാം ചാട്ടം ഫൗളായി. 8.40 മീറ്റര്‍ മറികടന്ന ക്യൂബയുടെ യുവാന്‍ മിഗ്വേല്‍ എച്ചെവാരിയ യോഗ്യതാറൗണ്ടില്‍ ഒന്നാമനായി. 27 പേര്‍ പങ്കെടുത്ത യോഗ്യതാറൗണ്ടില്‍ ശ്രീശങ്കര്‍ 22-ാം സ്ഥാനത്തായി.
സമീപകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ അത്‌ലറ്റാണ് പാലക്കാട് സ്വദേശിയായ ലോങ്ജമ്പര്‍ എം. ശ്രീശങ്കര്‍. കഴിഞ്ഞവര്‍ഷം ഭുവനേശ്വറില്‍നടന്ന ഓപ്പണ്‍ അത്ലറ്റിക്‌സില്‍ 8.20 മീറ്റര്‍ ചാടിക്കടന്ന് ദേശീയ റെക്കോഡ് സ്ഥാപിച്ചു. ഇക്കുറി പാട്യാല ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ ഒരിക്കല്‍ക്കൂടി എട്ടുമീറ്റര്‍ കടന്നിരുന്നു.
Content Highlights: World Athletics Championships Long Jumper Sreeshankar Fails