ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ബഹ്റൈന്റെ സല്‍വ ഈദ് നാസര്‍. വനിതകളുടെ 400 മീറ്ററില്‍ സ്വര്‍ണം നേടുന്ന ആദ്യ ഏഷ്യക്കാരിയെന്ന റെക്കോഡ് 21-കാരി സ്വന്തമാക്കി.
വ്യാഴാഴ്ച രാത്രി 48.14 സെക്കന്‍ഡില്‍ സല്‍വ 400 മീറ്റര്‍ പൂര്‍ത്തിയാക്കി. വനിതകളുടെ 400 മീറ്റര്‍ ചരിത്രത്തിലെ മികച്ച മൂന്നാമത്തെ സമയമാണിത്. കഴിഞ്ഞ 34 വര്‍ഷത്തിനിടയില്‍ ഏറ്റവും മികച്ചതും. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഈയിനത്തില്‍ സല്‍വയ്ക്കായിരുന്നു സ്വര്‍ണം. ബഹാമസിന്റെ ഷൗനെ മില്ലര്‍ യുയിബോയ്ക്കാണ് വെള്ളി (48.37 സെക്കന്‍ഡ്). ജമൈക്കയുടെ ഷെറിക്ക ജാക്സണ്‍ (49.47) വെങ്കലവും നേടി.
നിരാശപ്പെടുത്തി ജിന്‍സണ്‍
പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ഇന്ത്യയ്ക്കായി മത്സരിച്ച മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. വ്യാഴാഴ്ച രണ്ടാമത്തെ ഹീറ്റ്സില്‍ മത്സരിച്ച ജിന്‍സണ്‍ പത്താം സ്ഥാനത്താണ് ഓട്ടം (മൂന്ന് മിനിറ്റ് 39.86 സെക്കന്‍ഡ്) പൂര്‍ത്തിയാക്കിയത്. ഇതോടെ സെമിയിലും പ്രവേശിക്കാനായില്ല. ഹീറ്റ്സില്‍ ആകെ മത്സരിച്ച 43 പേരില്‍ 34-ാം സ്ഥാനത്തെത്താന്‍ മാത്രമേ 28-കാരന് സാധിച്ചുള്ളൂ.
വീണ്ടും ദേശീയ റെക്കോഡ് പുതുക്കി അവിനാഷ്
പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യന്‍താരം അവിനാഷ് സാബ്ലെക്ക് ദേശീയ റെക്കോഡ്. ഫൈനലില്‍ എട്ട് മിനിറ്റ് 21.37 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വന്തം പേരിലെ റെക്കോഡ് പുതുക്കിയത്. നേരത്തെ ഹീറ്റ്സില്‍ എട്ട് മിനിറ്റ്25.33 സെക്കന്റില്‍ ഓടിയെത്തി ദേശീയ റെക്കോഡ് പുതുക്കിയിരുന്നു.മികച്ച സമയം കണ്ടെത്തിയെങ്കിലും 13-ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.കെനിയയുടെ കോണ്‍സെസ്ലൂസ് കിപ്റുട്ടോ (8:01.25) സ്വര്‍ണവും എത്യോപ്യയുടെ ലാമെച്ചെ ഗിര്‍മ (8:01.36) വെള്ളിയും നേടി.
Content Highlights: World Athletics Championships 2019 Salwa Eid Naser creates history