ദോഹ: പതിറ്റാണ്ടിനുശേഷം ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടില്ലാതെ ആദ്യത്തെ ലോകചാമ്പ്യന്‍ഷിപ്പാണ് ദോഹയില്‍ നടക്കുന്നത്. 2007 മുതല്‍ 2017 വരെ നടന്ന ആറ് ലോകചാമ്പ്യന്‍ഷിപ്പുകളില്‍ ട്രാക്കില്‍ തീപ്പടര്‍ത്തിയാണ് ബോള്‍ട്ട് രംഗം വിട്ടത്.
കഴിഞ്ഞതവണ അവസാന മീറ്റില്‍ 100, 200 മീറ്ററുകളില്‍ ബോള്‍ട്ടിന് സുവര്‍ണനേട്ടം ആവര്‍ത്തിക്കാനായിരുന്നില്ല. അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്ലിന്‍ വേഗമേറിയ താരമായപ്പോള്‍ തുര്‍ക്കിയുടെ റമില്‍ ഗുലിയേവ് 200 മീറ്ററില്‍ സ്വര്‍ണം നേടി. രണ്ടുപേരും ഇത്തവണയും മത്സരരംഗത്തുണ്ടെങ്കിലും നേട്ടം ആവര്‍ത്തിക്കാനാകുമോയെന്ന് കണ്ടറിയണം.
ആറ് ലോകചാമ്പ്യന്‍ഷിപ്പുകളില്‍നിന്ന് 11 സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ബോള്‍ട്ട് നേടി. 100, 200 മീറ്ററുകളില്‍ റെക്കോഡ് സ്ഥാപിച്ചു. 2009-ലെ ബെര്‍ലിന്‍ മീറ്റിലാണ് 100 മീറ്റര്‍ 9.58 സെക്കന്‍ഡില്‍ ഓടിയെത്തി റെക്കോഡിട്ടത്. ഇതേ മീറ്റില്‍ 200 മീറ്ററില്‍ 19.19 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റെക്കോഡ് സ്വന്തം പേരിലാക്കി. മൂന്ന് ചാമ്പ്യന്‍ഷിപ്പുകളില്‍ വേഗമേറിയ താരമായപ്പോള്‍ 200 മീറ്ററില്‍ നാലുതവണ സ്വര്‍ണമണിഞ്ഞു.
ഇത്തവണ വേഗമേറിയ താരമാകാന്‍ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍, ജസ്റ്റിന്‍ ഗാട്ലിന്‍, ക്രാവണ്‍ ഗില്ലെസ്പി, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിനെ, ഐവറികോസ്റ്റിന്റെ അര്‍തര്‍ സിസെ, നൈജീരിയയുടെ ഡിവൈന്‍ ഒഡുഡുരു എന്നിവരാണ് രംഗത്തുള്ളത്.
ഇതില്‍ കോള്‍മാന്‍ 9.81 സെക്കന്‍ഡില്‍ സീസണില്‍ ഓടിയിട്ടുണ്ട്. 200 മീറ്ററില്‍ അമേരിക്കയുടെ നോഹ ലൈലസ്, കെന്നത് ബെഡ്നാരെക്, നൈജീരിയയുടെ ഡിവൈന്‍ ഒഡുഡുരു, നിലവിലെ ചാമ്പ്യന്‍ തുര്‍ക്കിയുടെ റമില്‍ ഗുലിയേവ് എന്നിവരാണ് സുവര്‍ണപ്രതീക്ഷ പുലര്‍ത്തുന്നത്.
Content Highlights: The first World Championship without usain bolt in a decade