ദോഹ: വനിതകളുടെ ഹൈജമ്പില്‍ മൂന്നാംതവണയും റഷ്യക്കാരിയായ മരിയ ലാസിറ്റ്സ്‌കീന്‍ ജേതാവ്. ചൊവ്വാഴ്ച രാത്രി ഹൈജമ്പ് ഫൈനലില്‍ 2.04 മീറ്റര്‍ ചാടിക്കടന്നാണ് മരിയ ലോകചാമ്പ്യന്‍ഷിപ്പിലെ ഹാട്രിക് നേട്ടം സ്വന്തമാക്കിയത്.
2015 ബെയ്ജിങ് ലോകചാമ്പ്യന്‍ഷിപ്പില്‍ റഷ്യയുടെ പേരിലാണ് മരിയ മത്സരിച്ചതെങ്കില്‍ കഴിഞ്ഞ രണ്ടുതവണയും 'അംഗീകൃത നിഷ്പക്ഷ അത്ലറ്റാ'യിട്ടാണ് മത്സരിച്ചത്. മൂന്നുതവണയും പ്രകടനം മെച്ചപ്പെടുത്താനായി. 2015-ല്‍ 2.01 മീറ്ററും 2017-ല്‍ ലണ്ടനില്‍ 2.03 മീറ്ററും ചാടി.
ഉത്തേജക ഉപയോഗത്തിന്റെപേരില്‍ റഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷനെ അയോഗ്യരാക്കിയതുകൊണ്ടാണ് റഷ്യയില്‍നിന്നുള്ള 30 പേര്‍ നിഷ്പക്ഷ അത്ലറ്റുകളായി മത്സരിച്ചത്. യുക്രൈനിന്റെ യരോസ്ലാവ മഹുചിക് വെള്ളിയും (2.04 മീറ്റര്‍, മൂന്നാം അവസരത്തില്‍) അമേരിക്കയുടെ വഷ്ടി സുന്നിംഗം (2.00 മീറ്റര്‍) വെങ്കലവും നേടി.
Content Highlights: Russian Lasitskene first woman to clinch three world high jump titles