ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; മിക്‌സഡ് റിലേയില്‍ ഇന്ത്യയ്ക്ക് നിരാശ


1 min read
Read later
Print
Share

മിക്‌സഡ് റിലേയില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം. റെക്കോഡോടെ അമേരിക്ക ഒന്നാമത്

ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4x400 മിക്‌സഡ് റിലേയില്‍ മലയാളിക്കരുത്തിലിറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. ഞായറാഴ്ച രാത്രി നടന്ന ഫൈനലില്‍ മലയാളികളായ മുഹമ്മദ് അനസ്, വി.കെ. വിസ്മയ, ജിസ്‌ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നീ മലയാളികളടങ്ങിയ ഇന്ത്യന്‍ ടീം സമയം മെച്ചപ്പെടുത്തിയെങ്കിലും ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

മൂന്നുമിനിറ്റ് 09.34 സെക്കന്‍ഡില്‍ ലോക റെക്കോഡ് സമയത്തോടെ അമേരിക്ക സ്വര്‍ണം നേടിയപ്പോള്‍ ജമൈക്ക വെള്ളിയും (3:11.78) ബഹ്‌റൈന്‍ (3:11.82) വെങ്കലവും നേടി.

മൂന്നുമിനിറ്റ് 15.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഇന്ത്യ സീസണിലെ മികച്ച സമയം കുറിച്ചു. ഇന്ത്യ നേരത്തെ തന്നെ ഒളിമ്പിക്‌സ് യോഗ്യത നേടിയിരുന്നു. ശനിയാഴ്ച പ്രാഥമിക ഘട്ടത്തില്‍ മൂന്നുമിനിറ്റ് 16.14 സെക്കന്‍ഡിലാണ് മലയാളി സംഘം ഓട്ടം പൂര്‍ത്തിയാക്കിയത്. ബ്രസീല്‍ ഇന്ത്യയ്ക്ക് പിന്നിലായി ഫിനിഷ് ചെയ്തു.

പ്രാഥമിക ഘട്ടത്തിലെന്നപോലെ, മുഹമ്മദ് അനസ്, വിസ്മയ, ജിസ്‌ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നീ ക്രമത്തിലാണ് ഇന്ത്യ ഓടിയത്. എട്ടാമത്തെ ട്രാക്കില്‍ ഓടിയ അനസ് ഓട്ടം അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ മുന്‍നിരയിലായിരുന്നു. എന്നാല്‍ രണ്ടാം ലാപ്പില്‍ വിസ്മയ ഓട്ടം അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ പിറകിലായി. മൂന്നാമത് ബാറ്റണ്‍ സ്വീകരിച്ച ജിസ്‌നയ്ക്കും സ്ഥാനം മെച്ചപ്പെടുത്താനായില്ല. ദോഹ ലോകചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്.

2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. മുഹമ്മദ് അനസ്, എം.ആര്‍. പൂവമ്മ, ഹിമ ദാസ്, ആരോക്യ രാജീവ് എന്നിവരടങ്ങിയ ടീം അന്ന് മൂന്നുമിനിറ്റ് 15.71 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണമണിഞ്ഞത്.

Content Highlights: IAAF World Championships Indian mixed relay team finishes seventh

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram