ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്പ്രിന്റ് ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയായി ദിന ആഷര്‍ സ്മിത്ത്. ബുധനാഴ്ച രാത്രി നടന്ന 200 മീറ്റര്‍ ഫൈനലില്‍ 21.88 സെക്കന്‍ഡില്‍ ബ്രിട്ടീഷ് റെക്കോഡോടെയാണ് ദിന ഒന്നാമതെത്തിയത്. കഴിഞ്ഞദിവസം 100 മീറ്ററില്‍ ദിന വെള്ളി നേടിയിരുന്നു.
അമേരിക്കയുടെ ബ്രിട്ടാനി ബ്രൗണ്‍ (22.22 സെക്കന്‍ഡ്) വെള്ളിയും സ്വിറ്റ്സര്‍ലന്‍ഡിന്റെ മുജിന്‍ഗ കാംബുന്‍ഡ്ജി (22.51 സെക്കന്‍ഡ്) വെങ്കലവും നേടി. ലണ്ടന്‍ സ്വദേശിയായ ദിന ആഷര്‍ സ്മിത്ത് 2016 റിയോ ഒളിമ്പിക്‌സില്‍ റിലേയില്‍ വെങ്കലവും 2017 ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്പ്രിന്റ് ഇനങ്ങളില്‍ ഇതുവരെ ബ്രിട്ടീഷ് വനിത സ്വര്‍ണം നേടിയിരുന്നില്ല.
ഹാമറില്‍ നാലാമതും പാവല്‍
പുരുഷവിഭാഗം ഹാമര്‍ത്രോയില്‍ തുടര്‍ച്ചയായ നാലാംതവണയും പോളണ്ടിന്റെ പാവല്‍ ഫാജ്ദെക് ജേതാവായി. ബുധാഴ്ച നടന്ന ഫൈനലില്‍ നാലാം ശ്രമത്തില്‍ 80.50 മീറ്റര്‍ മറികടന്നാണ് ഫാജ്ദെക് കിരീടം നേടിയത്. 2013 മോസ്‌കോ (81.97 മീറ്റര്‍), 2015 ബെയ്ജിങ് (80.88 മീ), 2017 ലണ്ടന്‍ (79.86 മീ) എന്നീ ലോക ചാമ്പ്യന്‍ഷിപ്പുകളിലും ഫാജ്ദെക് ജേതാവായിരുന്നു.
110 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കയുടെ ഗ്രാന്റ് ഹോളോവേ (13.10 സെക്കന്‍ഡ് സ്വര്‍ണം നേടി). റഷ്യയുടെ നിഷ്പക്ഷ അത്ലറ്റുകളുടെ സംഘത്തിലെ സെര്‍ജി ഷുബെന്‍കോവ് വെള്ളിയും (13.15 സെക്കന്‍ഡ്) ഫ്രാന്‍സിന്റെ പാസ്‌കല്‍ മാര്‍ട്ടിനറ്റ് ലഗാര്‍ഡെ (13.18 സെ) വെങ്കലവും നേടി.
Content Highlights: IAAF World Championships Dina Asher Smith becomes 200m champion