ദോഹ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിക്ക് എട്ടാം സ്ഥാനം. ചൊവ്വാഴ്ച രാത്രി നടന്ന ഫൈനലില്‍ 61.12 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചെങ്കിലും മെഡല്‍ എന്ന സ്വപ്നം വിദൂരത്തായി. ഓസ്‌ട്രേലിയയുടെ കെല്‍സി ലീ ബാര്‍ബര്‍ 66.56 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയപ്പോള്‍ ചൈനയുടെ ഷിയിങ് ലിയു (65.88 മീറ്റര്‍) വെള്ളിയും ചൈനയുടെ തന്നെ ഹ്യൂയി ലിയു (65.49 മീ) വെങ്കലവും നേടി.
തിങ്കളാഴ്ച യോഗ്യതാ റൗണ്ടില്‍ 62.43 മീറ്റര്‍ എറിഞ്ഞ് ദേശീയ റെക്കോഡ് തിരുത്തിയ അന്നുവിന് ഫൈനലില്‍ ആ ദൂരം കണ്ടെത്താനായില്ല. രണ്ടാമത്തെ ശ്രമത്തിലാണ് 61.12 മീറ്റര്‍ മറികടന്നത്. ദേശീയ റെക്കോഡിനൊപ്പം ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗം ജാവലിന്‍ ത്രോ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും അന്നു സ്വന്തമാക്കിയിരുന്നു. 12 പേര്‍ പങ്കെടുത്ത ഫൈനലില്‍ എട്ടാമതായെങ്കിലും ഈ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യക്തിഗത നേട്ടം അന്നുവിന്റെ പേരിലായി.
27-കാരിയായ ഈ ഉത്തര്‍പ്രദേശ് താരത്തിന്റെ കരിയറില്‍ അമ്പരപ്പിക്കുന്ന നേട്ടങ്ങളും അവിശ്വസനീയമായ തകര്‍ച്ചയുമുണ്ടായിരുന്നു.
തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍, അഞ്ചുതവണ ദേശീയ റെക്കോഡിനെ മറികടന്ന മികവ്, ലണ്ടന്‍ ലോകഅത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യതനേടിയ ആദ്യ ഇന്ത്യന്‍ വനിത അങ്ങനെ ജാവലിന്‍ത്രോയില്‍ നേട്ടങ്ങളുടെ ഒരു വസന്തകാലമുണ്ടായിരുന്നു അന്നു റാണിക്ക്. എന്നാല്‍, പൊടുന്നനെ മികവിന്റെ ഉന്നതിയില്‍നിന്ന് താഴേക്കുവീണു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍സ്ഥാനം കിട്ടിയില്ല.
ആറാമത്തെ വരവ്
2014-ല്‍ ലഖ്നൗവില്‍നടന്ന ദേശീയ ഇന്റര്‍-സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിലാണ് അന്നു റാണി ആദ്യം റെക്കോഡിട്ടത്. 58.83 മീറ്റര്‍ എറിഞ്ഞതോടെ 2000-ത്തില്‍ ഗുര്‍മീത് കൗറിന്റെ റെക്കോഡ് മാഞ്ഞു. ദോഹയില്‍ കഴിഞ്ഞ ദിവസം സൃഷ്ടിച്ചത് ആറാമത്തെ ദേശീയ റെക്കോഡ്. അതിനിടെ 60 മീറ്റര്‍ എറിയുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്രനേട്ടവും സ്വന്തമായി.
വന്‍ വീഴ്ച
ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യതനേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായതിന് പിന്നാലെയായായിരുന്നു അന്നുവിന്റെ പതനം. 60 മീറ്ററില്‍ മറികടക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍നിന്ന് അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ടു. ഭുവനേശ്വറില്‍നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതൊന്നും താരത്തെ തുണച്ചില്ല. ഒന്നരവര്‍ഷത്തോളം നിരാശയുടെ കാലമായിരുന്നു.
തിരിച്ചുവരവ്
പട്യാലയില്‍നടന്ന ഫെഡറേഷന്‍ കപ്പ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 62.34 മീറ്റര്‍ എറിഞ്ഞ് ദേശീയ റെക്കോഡ് തിരുത്തിയതോടെ ലോകചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതലഭിച്ചു. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടി.
Content Highlights: IAAF World Athletics Championships Annu Rani manages 8th place