ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വേഗമേറിയ താരത്തെ ശനിയാഴ്ച അറിയാം. മീറ്റിലെ സുപ്രധാന ഇനമായ പുരുഷവിഭാഗം 100 മീറ്റര്‍ ഫൈനല്‍ ശനിയാഴ്ച രാത്രി 12.45-ന് നടക്കും.
അമേരിക്കന്‍ താരങ്ങളായ ജസ്റ്റിന്‍ ഗാറ്റ്ലിന്‍, ക്രിസ്റ്റ്യന്‍ കോള്‍മാന്‍, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിനെ, ജമൈക്കയുടെ യോഹാന്‍ ബ്ലെയ്ക്, കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെ, നൈജീരിയയുടെ റെയ്ഡമണ്ട് എകേവോ എന്നിവരാണ് മെഡല്‍ സാധ്യതയില്‍ മുന്നിലുള്ളത്.
ജസ്റ്റിന്‍ ഗാറ്റ്ലിന്‍ നിലവിലെ ജേതാവാണെങ്കിലും യുവതാരം ക്രിസ്റ്റ്യന്‍ കോള്‍മാന് ഇക്കുറി കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നു. 2017 ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ 9.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഗാറ്റ്ലിന്‍ ചാമ്പ്യനായി. ക്രിസ്റ്റ്യന്‍ കോള്‍മാന്‍ (9.94 സെക്കന്‍ഡ്) വെള്ളിനേടി. 100 മീറ്ററില്‍ ലോകറെക്കോഡുകാരനും മൂന്നുതവണ ലോകചാമ്പ്യന്‍ഷിപ്പ് ജേതാവുമായ ഉസൈന്‍ ബോള്‍ട്ടിനെ രണ്ടുപേരും മറികടന്നു. 9.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബോള്‍ട്ട് മൂന്നാംസ്ഥാനത്തായി.
ജസ്റ്റിന്‍ ഗാറ്റ്ലിന് 37 വയസ്സായി. ഈ പ്രായത്തില്‍ അദ്ഭുതം സൃഷ്ടിക്കാന്‍ ഗാറ്റ്ലിന് കഴിയുമോ എന്ന് സംശയമുണ്ട്. 23-കാരനായ ക്രിസ്റ്റ്യന്‍ കോള്‍മാനാകട്ടെ, ഈ വര്‍ഷം 9.86 സെക്കന്‍ഡ്, 9.85, 9.81 എന്നിങ്ങനെ മൂന്നുതവണ ഫിനിഷ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന 100 മീറ്റര്‍ പ്രാഥമിക റൗണ്ടില്‍ മികച്ച സമയം (9.98 സെക്കന്‍ഡ്) കുറിച്ചതും കോള്‍മാന്‍ തന്നെ. ഹീറ്റ്‌സില്‍ 10 സെക്കന്‍ഡില്‍ താഴെയുള്ള സമയത്ത് ഫിനിഷ് ചെയ്തത് കോള്‍മാന്‍ മാത്രം.
കഴിഞ്ഞവര്‍ഷം ബ്രസ്സല്‍സ് ഡയമണ്ട് ലീഗില്‍ 9.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതാണ് കോള്‍മാന്റെ കരിയറിലെ മികച്ച സമയം. മെഡല്‍ സാധ്യതയില്‍ ഉണ്ടായിരുന്ന നൈജീരിയയുടെ ഒഡുറുഡുവിന് ഫൈനലിലെത്താനായില്ല.
Content Highlights: IAAF World Athletic Championships men's 100m final