പ്രാഗ്: പതിനെട്ടു ദിവസങ്ങള്‍ക്കിടെ അഞ്ചാം അന്താരാഷ്ട്ര സ്വര്‍ണം സ്വന്തമാക്കി യുവ അത്‌ലറ്റ് ഹിമാ ദാസ്.
ശനിയാഴ്ച ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന നോവെ മെസ്റ്റോ നാദ് മെറ്റുജി ഗ്രാന്റ് പ്രിക്‌സില്‍ 400 മീറ്ററിലാണ് ഹിമാ ദാസ് സ്വര്‍ണം നേടിയത്. 52.09 സെക്കന്‍ഡിലാണ് ഹിമ ഫിനിഷ് ചെയ്തത്. ഈ സീസണില്‍ ഇതുവരെയുള്ള ഹിമയുടെ മികച്ച സമയമാണിത്. പരിക്കു കാരണം ഇക്കഴിഞ്ഞ ഏപ്രിലില്‍ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഹിമ 400 മീറ്ററില്‍ മത്സരിക്കുന്നത്.
ജൂലായ് രണ്ടിനു ശേഷം ഹിമ സ്വന്തമാക്കുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര സ്വര്‍ണമാണിത്.
ജൂലായ് രണ്ടിന് പോളണ്ടിലെ പോസ്‌നന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രിയില്‍ 200 മീറ്ററിലെ സ്വര്‍ണനേട്ടത്തോടെയാണ് ഹിമയുടെ കുതിപ്പ് തുടങ്ങിയത്. 23.65 സെക്കന്‍ഡിലാണ് ഹിമ ഫിനിഷ് ചെയ്തത്.
ജൂലൈ 9-ന് പോളണ്ടിലെ തന്നെ കുട്നോ അത്ലറ്റിക് മീറ്റിലും 200 മീറ്ററില്‍ ഹിമ സ്വര്‍ണം നേടി. 23.97 സെക്കന്‍ഡില്‍ ഹിമ ഫിനിഷിങ് ലൈന്‍ തൊട്ടു.
ജൂലായ് 13-ന് ചെക്ക് റിപ്പബ്ലിക്കിലെ ക്ലാഡ്‌നോ അത്‌ലറ്റിക്‌സ് മീറ്റില്‍ 200 മീറ്ററില്‍ വീണ്ടും സ്വര്‍ണം. 23.43 സെക്കന്‍ഡിലായിരുന്നു ഫിനിഷ്.
പിന്നാലെ ചെക്ക് റിപ്പബ്ലിക്കിലെ തന്നെ ടാബോര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ 200 മീറ്ററിലെ സ്വര്‍ണ നേട്ടം. 23.25 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹിമ നാലാം അന്താരാഷ്ട്ര സ്വര്‍ണവും സ്വന്തമാക്കി.
Content Highlights: Hima Das bags fifth gold medal in 18 days