ന്യൂഡല്‍ഹി: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 51 താരങ്ങളുടെ പട്ടികയില്‍ എട്ടു മലയാളികള്‍ ഇടം പിടിച്ചു. ജിന്‍സണ്‍ ജോണ്‍സണ്‍, മുഹമ്മദ് അനസ്, പി കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, എം.പി ജാബിര്‍, പി.യു ചിത്ര, ജിസ്‌ന മാത്യു, വി.കെ വിസ്മയ എന്നിവരാണ് പട്ടികയിലുള്ള മലയാളി താരങ്ങള്‍. അടുത്ത മാസം 21 മുതല്‍ 24 വരെ ദോഹയിലാണ് ഏഷ്യന്‍ അത്ലറ്റിക്‌സ് നടക്കുക.
25 പുരുഷന്‍മാരും 26 വനിതകളുമാണ് ടീമിലുള്ളത്. നാല് പാദങ്ങളിലായി നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രിയിലെയും പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുത്തത്. നീരജ് ചോപ്ര, ആരോക്യ രാജീവ്, ഹിമ ദാസ്, ദ്യുതീ ചന്ദ് തുടങ്ങിയവരും ടീമിലുണ്ട്. ജിന്‍സണ്‍ 1500, 800 മീറ്ററുകളില്‍ മത്സരിക്കും.
അതേസമയം ഹൈജമ്പിലെ ദേശീയ റെക്കോഡിന് ഉടമ തേജസ്വിന്‍ ശങ്കര്‍ ടീമിലിടം നേടിയില്ല. ഫെഡറേഷന്‍ കപ്പില്‍ മത്സരിക്കാത്തതാണ് തേജസ്വിന് വിനയായത്. ലോങ്ജമ്പിലെ പ്രതീക്ഷയായ മലയാളി താരം ശ്രീശങ്കറും ടീമില്‍ ഇല്ല. പരിക്കിനെ തുടര്‍ന്നാണ് ശ്രീശങ്കര്‍ വിട്ടുനില്‍ക്കുന്നത്.
നിലവില്‍ കാന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ തേജസ്വിന്‍ ഫെഡറേഷന്‍ കപ്പില്‍ മത്സരിക്കാനാകില്ലെന്ന് നേരത്തെ തന്നെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനെ അറിയിച്ചിരുന്നു. പരീക്ഷാ സമയമായതിനാലാണ് യുവഅത്‌ലറ്റ് മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. നിലവില്‍ ഇരുപതുകാരന്റെ പേരിലാണ് ഹൈജമ്പിലെ ദേശീയ റെക്കോഡ് (2.29 മീറ്റര്‍). ഈ അടുത്ത് ടെക്‌സാസില്‍ നടന്ന ബിഗ് 12 കൊളീജിയേറ്റ് അത്‌ലറ്റിക് മീറ്റില്‍ തേജസ്വിന്‍ സ്വര്‍ണം നേടിയിരുന്നു. 2.28 മീറ്ററാണ് തേജസ്വിന്‍ പിന്നിട്ടത്. കഴിഞ്ഞ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ താരം പിന്നിട്ടത് 2.24 മീറ്ററാണ്.
തേജസ്വിന് മെഡല്‍ കിട്ടുമെന്ന കാര്യം പരിഗണിച്ചില്ലെന്നും അതുകൊണ്ടുതന്നെ ദോഹയില്‍ ഒരു മെഡല്‍ നഷ്ടപ്പെട്ടാല്‍ ഒന്നും സംഭവിക്കില്ലെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ആദില്ലെ സുമരിവാല വ്യക്തമാക്കി. ഇവിടെ വന്ന് ഒരു മീറ്റില്‍ മത്സരിച്ച് മികവ് തെളിയിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. പക്ഷേ തേജസ്വിന്‍ വന്നില്ല. അതുകൊണ്ടുതന്നെ അവനെ ടീമിലേക്ക് തിരഞ്ഞെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സുമരിവാല ചൂണ്ടിക്കാട്ടി.
സുമരിവാലയുടെ പ്രതികരണത്തോട് ട്വിറ്ററിലൂടെ തേജ്വസിന്‍ മറുപടി നല്‍കിയിട്ടുണ്ട്. എ.എഫ്.ഐ സംഘടിപ്പിച്ച ഫെഡറേഷന്‍ കപ്പില്‍ മത്സരിക്കാത്തതിനാലാണ് എന്നെ തഴഞ്ഞത് എന്ന് അറിയാം. ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ എന്റെ പ്രകടനത്തെ വിലയിരുത്താന്‍ സുമരിവാലയ്ക്ക് ഒരു അവകാശവുമില്ല. തേജസ്വിന്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.
അതേസമയം ഫെഡറേഷന്‍ കപ്പില്‍ നിന്ന് വിട്ടുനിന്ന ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ പരിശീലനത്തിനായി പോയതിനാലാണ് നീരജ് ചോപ്ര മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്.
Content Highlights: High jumper Tejaswin Shankar kept out of Asian Championships squad