തൃശ്ശൂര്‍: പൂരപ്രേമികളുടെ മനം നിറച്ച് തൃശൂര്‍ പൂരത്തിന്റെ ആവേശമായ കുടമാറ്റത്തിന് സമാപ്തിയായി. പാറമേക്കാവിന്റെയും തിരുവമ്പാടിയുടേയും ഗജവീരന്മാര്‍ തിടമ്പേറ്റി കുടമാറിയപ്പോള്‍ ഇന്ത്യന്‍ സൈന്യവും ശബരിമലയുമെല്ലാം കുടകളില്‍ വർണങ്ങളായി നിരന്നു.
കഥകളിരൂപങ്ങൾ, തട്ട്കുടകൾ, എൽ.ഇ.ഡി.ബൾബുകൾ പിടിപ്പിച്ച കുടകൾ, മിക്കിമൗസ്, ശബരിമല, ഇന്ത്യന്‍ സൈന്യം എന്നിവയെല്ലാം പലനിറങ്ങളില്‍ വിരിഞ്ഞു. പാറമേക്കാവ്- തിരുവമ്പാടി വിഭാഗങ്ങള്‍ ആവേശത്തോടെ കുടകള്‍ മാറിയപ്പോള്‍ കൊട്ടിക്കയറിയ താളത്താളത്തിനൊത്ത് പൂരപ്രേമികള്‍ കൈ മെയ്യ് മറന്ന് പൂരാവേശം കൊണ്ടു. ആവേശത്തോടെ ആർപ്പുവിളികളുയർത്തുകയായിരുന്നു പതിനായിരങ്ങൾ.
ഇലഞ്ഞിത്തറ മേളത്തിനു ശേഷം പാറമേക്കാവ് ഭഗവതി തെക്കേ ഗോപുരനടയിലൂടെ പുറത്തേയ്ക്കിറങ്ങുന്ന ചടങ്ങിനു ശേഷം 5.30ഓടെയാണ് കുടമാറ്റത്തിന് തുടക്കമായത്. വര്‍ണക്കുടകളുമായി പാറമേക്കാവിന്റെ 15 ആനകളും തിരുവമ്പാടിയുടെ 15 ആനകളും മുഖാമുഖം അണിനിരന്നതോടെ തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും വര്‍ണാഭമായ ചടങ്ങുകള്‍ക്ക് തുടക്കമാവുകയായിരുന്നു.
കൊട്ടിക്കയറിയ ഇലഞ്ഞിത്തറമേളത്തിന്റെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയില്‍ മേളപ്രമാണി പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ അരങ്ങേറിയ വാദ്യവിസ്മയത്തിന് വൈകുന്നേരം 4.30 ഓടെയാണ് കലാശമായത്.
ലോകത്തിലേറ്റവും വലിയ സംഗീത വാദ്യപരിപാടിയാണ് ഉച്ചയ്ക്കു ശേഷം അരങ്ങേറിയ ഇലഞ്ഞിത്തറമേളം. പാറമേക്കാവ് വിഭാഗത്തിന്റേതാണ് ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്മാരാരുടെ പ്രാമാണ്യത്തില്‍ 21-ാമത് തവണയാണ് ഇലഞ്ഞിത്തറമേളം നടന്നത്. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് മേളം നടക്കുന്ന ഇലഞ്ഞിത്തറയെന്നാണ് വിശ്വാസം.
ഉച്ചയ്ക്കു മുന്‍പ് പഞ്ചവാദ്യത്തിന്റെ മാസ്മരിക ലഹരി ഉണര്‍ത്തി ബ്രഹ്മസ്വം മഠത്തില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടന്നു. കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തിലാണ് പഞ്ചവാദ്യം നടന്നത്. പഞ്ചവാദ്യം ആസ്വദിക്കാന്‍ നൂറുകണക്കിന് ആസ്വാദകരാണ് എത്തിയിരുന്നത്.
സ്മരിക ലഹരി ഉണര്‍ത്തി ബ്രഹ്മസ്വം മഠത്തില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടന്നു. കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തിലാണ് പഞ്ചവാദ്യം നടന്നത്. പഞ്ചവാദ്യം ആസ്വദിക്കാന്‍ നൂറുകണക്കിന് ആസ്വാദകരാണ് എത്തിയിരുന്നത്.
നിറപൂരം, നിറയെ പൂരം
തൃശ്ശൂർ: നിറഞ്ഞത് പൂരമായിരുന്നു; മനസ്സിലും മണ്ണിലും വിണ്ണിലും. നിയന്ത്രണങ്ങളും ആശങ്കയും സുരക്ഷയുമെല്ലാം അതിലലിഞ്ഞു. കനത്തസുരക്ഷയും കടുത്ത നിയന്ത്രണങ്ങളും തൃശ്ശൂർ പൂരത്തെ ഒട്ടുമേ ബാധിച്ചില്ല. തർക്കവും നിയന്ത്രണങ്ങളും ആളെക്കൂട്ടുമെന്ന തൃശ്ശൂരിന്റെ പതിവ് ഓർമപ്പെടുത്തി ആൾക്കടൽ പൂരനഗരിയിലേക്കൊഴുകിയെത്തി.
ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നാളിതുവരെ കണ്ടിട്ടില്ലാത്ത വൻ സുരക്ഷ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പൂരത്തലേന്നുവരെ നീണ്ട ആശങ്കയും.
എന്നാൽ, ജനക്കൂട്ടം തിങ്കളാഴ്‌ച പുലർച്ചെ മുതൽ ഒഴുകുകയായിരുന്നു. കൈവഴികളെല്ലാം സംഗമിച്ചത് വടക്കുന്നാഥനിൽ. ഉരുകിത്തിളയ്ക്കുന്ന മേടച്ചൂടിലും മഠത്തിൽവരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും മതിയാവോളം ആസ്വദിച്ച് ഒരു പൂരത്തിനുകൂടി അവർ കൂട്ടുകൂടി. ചൊവ്വാഴ്‌ച പകൽപ്പൂരം കഴിഞ്ഞ് ഉപചാരംചൊല്ലി ഭഗവതിമാർ മടങ്ങുംവരെയും ഈ ഒഴുക്കിന് അവസാനമില്ല.
തിങ്കളാഴ്‌ച രാവിലെ ഏഴിന് ഘടകപൂരങ്ങളുടെ വരവോടെയായിരുന്നു പൂരച്ചടങ്ങുകളുടെ തുടക്കം. എട്ട് ഘടകക്ഷേത്രങ്ങളിൽ കണിമംഗലം ശാസ്താവ് വാദ്യമേളങ്ങളോടെ ആനപ്പുറമേറി ആദ്യമെത്തി. തുടർന്ന് മറ്റു ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാരും മുറപ്രകാരമെത്തി വടക്കുന്നാഥനെ വണങ്ങി.
തിരുവമ്പാടി ഭഗവതിയുടെ ബ്രഹ്മസ്വംമഠത്തിലേക്കുള്ള വരവും രാവിലെ തുടങ്ങി. തിരുവമ്പാടി ചന്ദ്രശേഖരൻ കോലമേറ്റി. മഠത്തിനു മുന്നിൽ കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയുടെ പഞ്ചവാദ്യം പന്ത്രണ്ടരയോടെ അവസാനിപ്പിച്ച് എഴുന്നള്ളിപ്പായി.
പാറമേക്കാവ് ഭഗവതിയുടെ തിടമ്പും ശിരസ്സിലേറ്റി ഗുരുവായൂർ നന്ദന്റെ വടക്കുന്നാഥനിലേക്കുള്ള എഴുന്നള്ളിപ്പിനും പന്ത്രണ്ടരയോടെ തുടക്കമായി.
ക്ഷേത്രമതിൽക്കകത്ത് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം ആസ്വദിക്കാനുള്ള തിരക്ക് ഉച്ചയോടെ തുടങ്ങിയിരുന്നു. ക്ഷേത്രത്തിലേക്ക് എല്ലാവരെയും കടത്തിയത് കർശനപരിശോധനയ്ക്കു ശേഷമായിരുന്നു. പെരുവനം കുട്ടൻമാരാർ ഇരുപത്തിയൊന്നാം വർഷമാണ് ഇലഞ്ഞിത്തറമേളത്തിന് പ്രാമാണ്യം വഹിച്ചത്.
പാറമേക്കാവിനു മുന്നിലെ മേളത്തിനിടയിൽ പെരുവനം കുട്ടൻമാരാർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായെങ്കിലും നേതൃത്വം നൽകാൻ ഇലഞ്ഞിത്തറയിലെത്തി ആസ്വാദകർക്ക് ആവേശം പകർന്നു. ഇതേസമയത്തുതന്നെ മതിൽക്കെട്ടിനു പുറത്ത് ശ്രീമൂലസ്ഥാനത്ത് കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലായിരുന്നു തിരുവമ്പാടിയുടെ പാണ്ടിമേളം. മേളം അവസാനിച്ചപ്പോഴേക്കും തെക്കോട്ടിറക്കത്തിനുള്ള സമയമായി.
വൈകീട്ട് ആറിന് പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും 15 ആനകൾ വീതം മുഖാമുഖം അണിനിരന്നതോടെ കുടമാറ്റം തുടങ്ങി. തൃശ്ശൂർ പൂരത്തിലെ മതിവരാക്കാഴ്‌ചയായ കുടമാറ്റത്തിൽ ഇരുവിഭാഗങ്ങളും വർണങ്ങളുടെ രഹസ്യക്കൂട്ടൊഴുക്കി. എൽ.ഇ.ഡി. ബൾബുകൾ പിടിപ്പിച്ച കുടകളിലൂടെ പാറമേക്കാവ് ദൃശ്യവിസ്‌മയം തീർത്തു. കൂടുതൽ രൂപങ്ങൾ പ്രദർശിപ്പിച്ച് തിരുവമ്പാടിയും.
രാത്രി പതിനൊന്നോടെ പാറമേക്കാവ് ഭഗവതിക്കു മുന്നിൽ പരയ്ക്കാട് തങ്കപ്പൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചവാദ്യം അരങ്ങേറി.
ചൊവ്വാഴ്‌ച രാവിലെ എട്ടിനാണ് പകൽപ്പൂരം. ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ഭഗവതിമാർ ഉപചാരംചൊല്ലി മടങ്ങുക.
Content Highlights: thrissur pooram, kudamattam, Elanjithara Melam