തൃശ്ശൂര്‍: ആഘോഷപ്പൂരത്തിന്റെ ലഹരിയിലേക്ക് പൂരപ്രേമികള്‍ ഒഴുകിത്തുടങ്ങി, തൃശ്ശൂര്‍ പൂരം തുടങ്ങി. മേളത്തിനൊപ്പം താളമിട്ടും ആനച്ചന്തം കണ്ണിലാവാഹിച്ചും വെടിക്കെട്ടില്‍ വിസ്മയിച്ചും പൂരത്തിലലിയാന്‍ ആയിരങ്ങളാണ് തൃശ്ശൂര്‍ നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
രാവിലെ ഘടകപൂരങ്ങളുടെ വരവോടെയാണ് പൂരത്തിന് തുടക്കം. 11.30-ന് മഠത്തിനുള്ളില്‍ തളിരിട്ടുതുടങ്ങുന്ന പഞ്ചവാദ്യപ്പൂമരം പുറത്തെത്തി പടര്‍ന്നുപന്തലിക്കും. രണ്ടിന് വടക്കുന്നാഥക്ഷേത്രത്തിലെ ഇലഞ്ഞിച്ചോട്ടില്‍ പാണ്ടിമേളം താളക്കുട ചൂടിക്കും. തെക്കോട്ടിറക്കം പിന്നിട്ട് അഞ്ചരയാകുമ്പോള്‍ കുടമാറ്റത്തിന് അരങ്ങൊരുങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കുടമാറ്റം കാണാനുണ്ടാവും.
രാത്രിപ്പൂരം ഒരുമണിവരെ തുടരും. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വെടിക്കെട്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ പകല്‍പൂരത്തിനു താളംവീഴും. തുടര്‍ന്ന് ദേവിമാര്‍ യാത്ര പറയുന്ന ഉപചാരംചൊല്ലലോടെ പൂരം പൂര്‍ത്തിയാകും. അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തീയതി വിളംബരം ചെയ്യുന്നതോടെ തൃശ്ശൂര്‍ അതിനായുള്ള കാത്തിരിപ്പ് തുടങ്ങും.
ഇന്നലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസ്സിലേറി നെയ്തലക്കാവിലമ്മ വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരനട തുറന്നതോടെയാണ് പൂരാവേശത്തിലേക്ക് തൃശ്ശൂര്‍ നഗരം ഉണര്‍ന്നത്. കുടമാറ്റം നടക്കുന്ന പൂരവഴിയായ തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മ വരുന്നതു കാണാന്‍ ഒരു പൂരംതന്നെ ചൊവ്വാഴ്ച തേക്കിന്‍കാട്ടിലെത്തിയിരുന്നു.
തിരുവമ്പാടി വിഭാഗം ചമയപ്രദര്‍ശനവും തേക്കിന്‍കാട്ടിലെ ആനനിരക്കലും എല്ലാം ചേര്‍ന്ന് പൂരനഗരി രാത്രിയിലും ഉറങ്ങാതിരുന്നു. രാത്രി 12 വരെ ചമയപ്രദര്‍ശനങ്ങള്‍ അരങ്ങേറി. സ്വരാജ് റൗണ്ടിലെ പൂരപ്പന്തലുകള്‍ വര്‍ണവെളിച്ചം വിതറി.
പൂങ്കുന്നത്ത് തീവണ്ടികള്‍ക്ക് താത്കാലിക സ്റ്റോപ്പ്
പൂരം പ്രമാണിച്ച് മൂന്ന് തീവണ്ടികള്‍ക്ക് പൂങ്കുന്നത്ത് ബുധനാഴ്ച സ്റ്റോപ്പ് അനുവദിച്ചു. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ്, മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എന്നിവയ്ക്കാണ് സ്റ്റോപ്പ്. ഇരുദിശകളിലേക്കുമുള്ള തീവണ്ടികള്‍ ഇവിടെ നിര്‍ത്തും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സി.എന്‍. ജയദേവന്‍ എം.പി. ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് റെയില്‍വേയുടെ തീരുമാനം.