''നമുക്ക് എന്തൂട്ട് പൂരം, രണ്ട് പൂരംണ്ട്. അടുക്കള പൂരോം, പിന്നെ പകല്‍പ്പൂരോം''-തൃശ്ശൂരിലെ സ്ത്രീകളില്‍ കൂടുതല്‍ പേരും ഇങ്ങനെയാണ് പറയുക. കാഴ്ചയ്ക്കും കേള്‍വിക്കും ഒരാണ്ടിന്റെ ഓര്‍മ്മയാണ് പൂരം. അടുത്ത മേടത്തിലെ പൂരനാള്‍ വരെ കാത്തുവെയ്ക്കാന്‍ ഈ 36 മണിക്കൂര്‍ വിസ്മയം ഒപ്പിയെടുക്കണം.
ആനച്ചൂരും മേളത്തിന്റെ മുഴക്കവുമുള്ള തേക്കിന്‍കാട്ടില്‍ അലയുന്ന പുരുഷാരത്തിലെ പെണ്‍കാഴ്ചകളെ നിരീക്ഷിച്ചിട്ടുണ്ടോ? ഒന്നര ദിവസത്തെ പൂരം മുഴുവനും കണ്ട സ്ത്രീകള്‍ അപൂര്‍വ്വമായിരിക്കും. ആണ്‍കൂട്ടം കയ്യടക്കുന്ന പൂരപ്പറമ്പില്‍ നിന്ന് പിന്‍വാങ്ങുന്ന ഇവര്‍ക്ക് ഇത്തവണയും മാറ്റമില്ല. തൃശ്ശൂരില്‍ ജനിച്ചുവളര്‍ന്ന പല സ്ത്രീകളും പറയും പൂരം മുഴുവനായും ആസ്വദിച്ച് കണ്ടില്ലായെന്ന്.
പൂരത്തിന്റെ സൗന്ദര്യമായ തെക്കോട്ടിറക്കവും ഇലഞ്ഞിത്തറമേളവും നടക്കുന്നിടത്ത് സ്ത്രീകള്‍ വിരളം. പൂരനാളില്‍ പുലര്‍ച്ചെ വടക്കുംനാഥനെ ഒന്ന് വണങ്ങാന്‍ ഇവരെത്തും. മഠത്തില്‍ വരവും ഒരാഘോഷമാക്കി മാറ്റും. കണിമംഗലം ശാസ്താവിന്റെ വരവുതൊട്ട് പൂരത്തിനായി മനസ് നല്‍കും. രാവിലെ തട്ടകങ്ങളിലെ സ്ത്രീകള്‍ പാറമേക്കാവിലും തിരുവമ്പാടിയിലും എത്തും.
ആനയെ കുളിപ്പിച്ച് അണിയിച്ചൊരുക്കി ഭഗവതിയുടെ തിടമ്പേറ്റി പുറപ്പെടുവിക്കുമ്പോള്‍ ഭക്തിയുടെ പാരമ്യത്തില്‍ കൈകൂപ്പിനില്‍ക്കുന്നവരില്‍ പുരുഷന്മാര്‍ അപൂര്‍വ്വം. ദേവിയെ പുറത്തേക്ക് എഴുന്നള്ളിക്കും വരെ സ്ത്രീകള്‍ക്കാണ് മുന്‍തൂക്കം. എന്നാല്‍ പുറത്തോട്ട് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ തിരക്കിന്റെ പ്രളയം. രണ്ടു സ്ത്രീ ദൈവങ്ങളും സ്ത്രീകളുടെ പിന്നെ കാഴ്ചകള്‍ക്ക് അകലെയാകും. ചെമ്പട കൊട്ടി, പാണ്ടിയിലമര്‍ന്ന്, ഇലഞ്ഞിച്ചോട്ടില്‍ എത്തുമ്പോഴേയ്ക്കും കേള്‍വി മാത്രമായി ഒതുങ്ങിപ്പോവും ഇവര്‍ക്ക്.
മേളം ഉച്ചസ്ഥായിയിലാവുമ്പോള്‍ കൈവിരലുകളില്‍ ആവേശം നിറച്ച് താളമിടുന്ന ആണ്‍ ആരാധകര്‍ക്ക് നടുവില്‍ സ്ത്രീകളെ കാണുന്നത് നന്നേ കുറവ്. ഇതും കഴിഞ്ഞ് കുടമാറ്റമാണ്. വടക്കുംനാഥന്റെ മുന്നില്‍ തേക്കിന്‍കാടോളം പോന്ന ജനങ്ങള്‍ക്ക് അഭിമുഖമായി രണ്ട് ദേവിമാരും നില്‍ക്കുമ്പോള്‍ തെക്കേ ഗോപുരനടയുടെ ഭാഗത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു ചെറിയ സ്ത്രീക്കൂട്ടം. വിദേശികള്‍ക്കായി കെട്ടിയുയര്‍ത്തിയ സ്റ്റേജ് കാരണം മറുഭാഗത്ത് സ്ത്രീകളുടെ കാഴ്ച മറയും. റോഡും മുനിസിപ്പല്‍ ഓഫീസും കഴിഞ്ഞിറങ്ങുന്ന ജനക്കൂട്ടത്തിനിടയില്‍ എണ്ണിപ്പെറുക്കിയാല്‍ ചിലരെ കാണാം. വെടിക്കെട്ടും ഇതുപോലെ തന്നെ. ഉള്ളു കുലുങ്ങുന്ന, കണ്ണ് മഞ്ഞളിക്കുന്നത്രയടുത്തു നിന്ന് വെടിക്കെട്ട് കണ്ട സ്ത്രീകളുണ്ടാവുമോ? സ്ത്രീകള്‍ക്ക് തൃശ്ശൂര്‍ പൂരം ഒരു ലോങ്ഷോട്ടാണ്. ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നോ വളരെ അകലെയുള്ള ഒരു കാഴ്ചയോ ആണ് അവര്‍ക്കത്.
ഉയരം കൂടിയ വടക്കുംനാഥക്ഷേത്രത്തിന്റെ മുന്നില്‍ തലയെടുപ്പുള്ള ആനപ്പുറത്തു നിന്ന് കുടയുയര്‍ത്തുന്നതു കൊണ്ട് ആ ലോങ്ഷോട്ടില്‍ അവരോര്‍ത്തുവെയ്ക്കുന്നത് കുടമാറ്റമായിരിക്കും. വളരെ അകലെനിന്നും കുടയുടെ വര്‍ണങ്ങള്‍ കാണാം എന്നതു ഭാഗ്യം. സുരക്ഷയുടെ പേരില്‍ പല കെട്ടിടങ്ങളിലും കയറാന്‍ പറ്റാത്തത് ഇത്തവണ ആശങ്കയിലാഴ്ത്തും ഇവരെ.
ആറാട്ടുപുഴയിലും പെരുവനത്തും മേളക്കാരുടെ പിറകില്‍ നിന്ന് താളംപിടിക്കുന്ന സ്ത്രീകളെ കാണാം. പുലര്‍ച്ചെയുള്ള എഴുന്നള്ളിപ്പുകള്‍ക്കുപോലും ഒപ്പം നടക്കാനും പൂരപ്പറമ്പില്‍ അലയാനും ദേശത്തെ പെണ്ണുങ്ങളുണ്ടാകും.
തൃശ്ശൂര്‍ പൂരത്തിനെത്തുന്നവരില്‍ കൂടുതലും വരത്തന്മാരാണ്. അന്യജില്ലകളില്‍നിന്നുള്ള ആണ്‍കൂട്ടം. പെണ്‍സംഘങ്ങള്‍ നന്നേ കുറവ്. ദേശക്കാരികള്‍ക്ക് അടുക്കളപ്പൂരമാണ് പ്രധാനം. ഒരവധിക്കാലത്തിന്റെ മധുരമുണ്ട് പൂരക്കാലത്തിന്. പഠിത്തം പൂട്ടിയ കുട്ടികളും ആണ്ടിലൊരിക്കല്‍ എത്തുന്ന ബന്ധുക്കളും പരിചയക്കാരുമൊക്കെ ഈ വീടുകളില്‍ പൂരം തീര്‍ക്കും. വെച്ചുവിളമ്പി ആതിഥേയരാവുന്ന തൃശ്ശൂര്‍ക്കാരികള്‍ പൂരം കാണാതെ കണ്ട് സംതൃപ്തരാവുന്നു.
പൂഴിമണല്‍ വീഴാത്ത തിരക്കിനിടയില്‍ സ്ത്രീകള്‍ക്ക് സ്വസ്ഥമായി പൂരം കാണാന്‍ കഴിയില്ല എന്ന് പണ്ടു മുതലേ തിരിച്ചറിഞ്ഞതുകൊണ്ടാവുമോ അവര്‍ക്കായി പകല്‍പ്പൂരം ഉണ്ടായത്. മേളവും കുടമാറ്റവും വെടിക്കെട്ടും ഒക്കെയായി 'മിനി തൃശ്ശൂര്‍ പൂരം' തന്നെയാണ് പിറ്റേന്ന് ഉച്ചവരെ. സ്ത്രീകള്‍ പൂരപ്പറമ്പ് കയ്യടക്കുന്ന സമയം. ഇന്ന് സ്ത്രീകളുടെ പൂരമാണ് എന്ന് പലരും പറയും. ഞങ്ങള്‍ക്കുമുണ്ട് സ്വന്തമായി പൂരക്കാഴ്ച എന്ന് പറയാന്‍ ചടങ്ങുകളുടെ തനിയാവര്‍ത്തനം അവിടെ നടക്കുന്നു. ലോങ്ഷോട്ടില്‍ കാണുന്ന പൂരത്തിന്റെ ഭംഗിയും ആവേശവും അത്ര കണ്ടില്ലെങ്കിലും ഈ പൂരം അവര്‍ സ്വസ്ഥമായി ആഘോഷിക്കുന്നു.