കണ്ട പൂരം... കേട്ട പൂരം


ജയരാജ് വാര്യര്‍

2 min read
Read later
Print
Share

കാലം ഒരുപാട് കഴിഞ്ഞിട്ടും നമ്മെ ചിന്തിപ്പിക്കുന്ന ഏറ്റവും വലിയ ആഘോഷം തന്നെയാണ് തൃശ്ശൂര്‍ പൂരം. മതേതരമഹിമയുടെ ഉയര്‍ന്ന മസ്തകം, ഘടകകക്ഷികള്‍ക്ക് (പൂരങ്ങള്‍ക്ക്) തുല്യസ്ഥാനം, കാഴ്ചക്കാര്‍ക്ക് ഒരേ മനം, ഒരേ സ്വരം... ഒരേ താളം.

വെളിയന്നൂരില്‍ ബസ്സിറങ്ങി പലേടത്തുനിന്നും സംഭാരം കുടിച്ച്, കടുകിട്ട ബലൂണുകള്‍ വീശി, താളംപിടിച്ച് ആനച്ചൂരും പന്തത്തിന്റെ ഗന്ധവും ആസ്വദിച്ച ബാല്യം തന്നെയാണ് ഇന്നും. കൊമ്പും കുഴലും തീര്‍ക്കുന്ന 'പെപ്പരപേ' എന്ന ശബ്ദത്തിന് സമാനമായി ഒരു ബലൂണുണ്ടായിരുന്നു. ഊതിവിട്ടാല്‍ അത് 'പേ' എന്നാണ് ശബ്ദിക്കുക. കടുകിട്ട ബലൂണും 'പേ' എന്ന് മിണ്ടുന്ന ബലൂണും കിട്ടിയാല്‍ അന്ന് ആഹ്ലാദമായിരുന്നു.

ആനകളും വാദ്യകലാകാരന്മാരുമായിരുന്നു അന്നത്തെ താരങ്ങള്‍. പൊന്നില്‍കുളിച്ച കരിവീരന്മാരും വിയര്‍പ്പില്‍ മുങ്ങിയ വാദ്യമേളക്കാരും എന്നും വിസ്മയം ജനിപ്പിച്ചവരായിരുന്നു.

കാലം ഒരുപാട് കഴിഞ്ഞിട്ടും നമ്മെ ചിന്തിപ്പിക്കുന്ന ഏറ്റവും വലിയ ആഘോഷം തന്നെയാണ് തൃശ്ശൂര്‍ പൂരം. മതേതരമഹിമയുടെ ഉയര്‍ന്ന മസ്തകം, ഘടകകക്ഷികള്‍ക്ക് (പൂരങ്ങള്‍ക്ക്) തുല്യസ്ഥാനം, കാഴ്ചക്കാര്‍ക്ക് ഒരേ മനം, ഒരേ സ്വരം... ഒരേ താളം.

ഒരേ കോമ്പൗണ്ടില്‍ താമസിക്കുന്നവര്‍ തമ്മില്‍ പരസ്പരം അറിയാത്ത കാലമാണിത്. പുതിയ കോളനി, ഫ്‌ലാറ്റ് സംസ്‌കാരം- അവര്‍ക്കുള്ള സന്ദേശമാണ് ഈ പൂരം.

ദേവീദേവന്മാരുടെ കണ്ടുമുട്ടല്‍, പരസ്പരം തിരിച്ചറിയാത്ത അയല്‍ക്കാര്‍ക്കുള്ള ഒരു ഓര്‍മപ്പെടുത്തല്‍. ദേവദേവനായ വടക്കുന്നാഥനെ വണങ്ങി, പരസ്പരം കണ്ടുമുട്ടി താളത്തില്‍ അലിഞ്ഞ്, ചമയത്തില്‍ക്കുണുങ്ങി പിരിഞ്ഞുപോകുന്ന പൂരങ്ങള്‍.

ഷര്‍ട്ടും പാന്റ്സും ജുബ്ബയും ചുരിദാറും ചെരിപ്പും ധരിച്ച് ജാതിമതങ്ങള്‍ക്കതീതരായി ക്ഷേത്രമതിലകത്ത് ആര്‍ക്കും പ്രവേശനം നല്‍കുന്ന സമത്വസുന്ദരദിനം.

ആകാശച്ചിറകില്‍ ഒരേ ഈണത്തില്‍ ശ്രുതിയിലും കൈകൊണ്ട് താളമിടുന്ന ദിനം. ഇരുട്ടിന്റെ മഹാഗര്‍ഭത്തില്‍ ഒളിപ്പിച്ചുവെച്ച രഹസ്യം വെളിച്ചവും പൊന്നും പൂവും വിതറി ആകാശച്ചെരുവില്‍ പൂത്തിറങ്ങുന്ന പൂര രാത്രി.

കഴിഞ്ഞദിവസം ഷൊര്‍ണൂര്‍ റോഡില്‍വെച്ച് ഒരാളെ കണ്ടു. ഡല്‍ഹിയിലാണ് ജോലി. പൂരത്തിന് പത്തുദിവസം മുമ്പ് പതിവായി നാട്ടിലെത്തുന്ന പൂരസ്‌നേഹി.

''പത്തൂസം മുമ്പ് ഇമ്മളെത്തും. ലീവ് കിട്ടീലെങ്കിലും ജോലി പോട്ടേന്നുവെയ്ക്കും. മ്മക്ക് എന്തൂട്ട് തേങ്ങ്യാ? മ്മക്ക് പൂരം കഴിഞ്ഞിട്ടേള്ളൂ ജോലീം കീലീം... പൂരം മ്മക്ക് അലക്കണം... പൂരംന്ന് പറഞ്ഞാ പെടക്ക്യന്നെ.. പെടാന്ന് പറഞ്ഞാ... ജാതി പെടാ...''

വര്‍ഷങ്ങള്‍ക്കുമുമ്പ് പത്തനംതിട്ടയില്‍നിന്ന് ഒരാള്‍ പൂരം കാണാന്‍ വന്നു. കൂട്ടുകാരന്റെ ക്ഷണപ്രകാരമാണ് വരവ്. സാക്ഷാല്‍ തൃശ്ശൂര്‍ക്കാരനായ ചങ്ങാതി സംഘാടകരില്‍ പ്രധാനിയുമാണ്. മൊബൈല്‍ ഫോണോ, മറ്റു സൗകര്യങ്ങളോ ഇല്ലാത്ത കാലമാണ്. അമ്പലത്തിന്റെ മുമ്പില്‍ വന്നിട്ട് കമ്മിറ്റി ഓഫീസില്‍ കയറി രാമചന്ദ്രനെ ചോദിച്ചാല്‍ മതി എന്നാണ് പറഞ്ഞിരുന്നത്.

പത്തനംതിട്ടക്കാരന്‍ എത്തിയപ്പോള്‍ രാത്രിയായി. ക്ഷേത്ര ഓഫീസിലെത്തി ചോദിച്ചു.

രാമചന്ദ്രന്‍ ഒണ്ടോ?

ഓഫീസിലെ ഗൗരവക്കാരന്‍ പറഞ്ഞു.

''പ്പന്നെ ഇവിടെ ഇണ്ടാര്‍ന്നു. കുളിപ്പിക്കാന്‍ കെണ്ടോയി''.

പത്തനംതിട്ടക്കാരന്‍ ഞെട്ടി. 'ഈശ്വര...രാമചന്ദ്രനെ കുളിപ്പിക്കാന്‍ കൊണ്ടുപോയിരിക്കുന്നു. അപ്പോള്‍...?

വീണ്ടും ഒന്നുകൂടെ കറങ്ങിയശേഷം മറ്റൊരു കമ്മിറ്റിയംഗത്തോട് തിരക്കി.

''നമ്മുടെ രാമചന്ദ്രനെ കണ്ടോ?

കമ്മിറ്റിക്കാരന്‍ പറഞ്ഞു: ''അയ്... ഇപ്പന്നെ കൊണ്ടോയേള്ളോ... പട്ട ഇടുക്കാന്‍ പോയിരിക്ക്യാ...''

''എന്റമ്മേ... കുളിപ്പിച്ചതും പോരാതെ... വീണ്ടും പട്ടയടിക്കാന്‍ പോയോ..?

പത്തനംതിട്ടക്കാരന്‍ ശരിക്കും വിയര്‍ക്കാന്‍ തുടങ്ങി. ഒന്നുംകൂടി കറങ്ങിത്തിരിഞ്ഞ് ഓഫീസിലെത്തി. ഇത്തവണ കണ്ടുപിടിക്കും, തീര്‍ച്ച.

'രാമചന്ദ്രന്‍ എവിടെ ഒണ്ട്?''

ഓഫീസില്‍ ഇരുന്ന മൂന്നാമന്‍ കമ്മിറ്റി പറഞ്ഞു: 'തലേക്കെട്ട് കെട്ടിക്കാന്‍ കൊണ്ടുപോയി'

(ആദ്യം കുളിപ്പിച്ചു...പിന്നെ പട്ടയടിച്ചു..., ഇനി തലേക്കെട്ടും കെട്ടിച്ചാല്‍ പൂരം കുശാലായല്ലേ.)

അവസാനം രണ്ടും കല്പിച്ച് രാമചന്ദ്രനെ തിരിച്ചറിയാന്‍ ഒരു സൂചന 'ക്ലൂ' (അന്നില്ലാത്തത്) നല്‍കി.

''നല്ലപോലെ തടിച്ച്...വെളുത്ത് മീശയില്ലാത്തയാളാ രാമചന്ദ്രന്‍...''

കമ്മിറ്റിക്കാരന്‍ പറഞ്ഞു.

''മാഷേ, ഇവിടെ ഒരു രാമചന്ദ്രനെ ഉള്ളൂ. അതും വെളുത്തിട്ടല്ല. കറുത്ത് തടിച്ച്... രണ്ടുകൊമ്പും നാലുകാലും രണ്ട് ചെവിയുമുള്ള രാമചന്ദ്രന്‍.''

അപ്പോഴാണ് ആഗതന് വിഷയം പിടികിട്ടിയത്.

ഇതൊരു കഥയാണോ യാഥാര്‍ത്ഥ്യമാണോ ഫലിതമാണോ? അറിയില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram