
ഇത് തമിഴ്നാട് ആർക്കോണം ജ്യോതിനഗറിലെ ജവഹർനഗറിൽ താമസിക്കുന്ന സീതാലക്ഷ്മി. 50 വയസ്സുമുതൽ തുടരെ 24വർഷമായി അയ്യപ്പസന്നിധാനത്ത് വ്രതം നോറ്റെത്തുന്ന മാളികപ്പുറമാണ്. നിനച്ചിരിക്കാതെ കൈവന്ന അസുലഭ ഭാഗ്യമാണ് സീതാലക്ഷ്മിക്ക് ആദ്യ അയ്യപ്പദർശനം.
1994-95ലെ ശബരിമല തീർഥാടനകാലത്ത് സീതാലക്ഷ്മിയുടെ മകൻ ഗോപാലകൃഷ്ണന്റെ മാലയിടൽ ചടങ്ങ് നടക്കുകയായിരുന്നു. വീട്ടിൽനടന്ന ചടങ്ങിൽ ഗുരുസ്വാമി ഗോപാലകൃഷ്ണന് മാലയിടാൻ തുടങ്ങിയതും കറന്റുപോയി. ചുറ്റും ഇരുട്ടുപരക്കുമ്പോൾ ഗുരുസ്വാമി പൂജിച്ച മാലയിട്ടു. എന്നാൽ, മാല വീണത് ഗോപാലകൃഷ്ണന്റെ കഴുത്തിലല്ല; അമ്മ സീതാലക്ഷ്മിയുടെ കഴുത്തിൽ. അത് അയ്യപ്പഭഗവാന്റെ പ്രത്യേക നിയോഗമായി കരുതിയ സീതാലക്ഷ്മി അന്നുമുതൽ പിന്നീടങ്ങോട്ട് ഒരിക്കൽപോലും ശബരിമല ദർശനം മുടക്കിയിട്ടില്ല.
വരും തീർഥാടനകാലത്ത് അയ്യപ്പദർശനത്തിന്റെ കാൽനൂറ്റാണ്ട് തികയ്ക്കും എന്നതിൽ ഉറച്ച വിശ്വാസം. ‘ആ മുഖത്തേക്ക് നോക്കിയാൽ തന്നെ ദുഃഖം തീരുകയല്ലേ... വിഷമങ്ങൾ ഒന്നും പറയേണ്ട കാര്യമില്ലല്ലോ. എല്ലാവർക്കും തോന്നുന്നപോലെ തന്നെ എന്റെ സ്വന്തംവീട്ടിലെ ആളെപ്പോലെയാണ് എനിക്കും എന്റെ അയ്യപ്പൻ,’ മാളികപ്പുറം പറഞ്ഞുതീരില്ല, അയ്യനെക്കുറിച്ച്.
ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പമാണ് സീതാലക്ഷ്മിയുടെ തീർഥാടനം. ഇവിടെയൊരുക്കിയിട്ടുള്ള ക്രമീകരണങ്ങളിൽ മതിപ്പേറെയാണിവർക്ക്. പ്രത്യേകിച്ച് പോലീസിൽ. ‘കണ്ണടച്ച് പോലീസിനെ വിശ്വസിക്കാം. സ്വന്തം അമ്മയെപ്പോലെയാണവർ നോക്കുന്നത്. എന്തു സഹായവും ചെയ്തുതരും. പണമടക്കം വിശ്വസിച്ചേൽപ്പിച്ച് പതിനെട്ടാംപടി കയറിയിട്ടുണ്ട്. ഒരു കുഴപ്പവുമുണ്ടായിട്ടില്ല,’ -സീതാലക്ഷ്മി പറഞ്ഞു.