ശബരിമല: മണ്ഡല പൂജയ്ക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. തിങ്കളാഴ്ച മാത്രം ഒന്നര ലക്ഷത്തിനടുത്ത് തീര്‍ത്ഥാടകരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്.
ചൊവ്വാഴ്ച നട തുറന്നതുമുതല്‍ തുടരുന്ന തീര്‍ത്ഥാടകരുടെ തിരക്ക് നേരം പുലര്‍ന്നിട്ടും തുടരുകയാണ്. തിരക്ക് കുറയ്ക്കാന്‍ നിലയ്ക്കലിലും പമ്പയിലും തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നുണ്ട്. സന്നിധാനത്ത് നിന്ന് ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്നവരുടെ തിരക്ക് കുറഞ്ഞതിന് ശേഷമാണ് പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇതിനോടൊപ്പം തന്നെ കാനന പാതവഴിയെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജയ്ക്ക് രണ്ടുദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നുള്ള തങ്കയങ്കി ഘോഷയാത്ര വ്യാഴാഴ്ച സന്നിധാനത്ത് എത്തിച്ചേരും. വ്യാഴാഴ്ച ഉച്ചയോടെ പമ്പയില്‍ എത്തുന്ന തങ്കയങ്കിക്ക് ശരംകുത്തിയില്‍ വെച്ച് ആചാരപരമായ സ്വീകരണം നല്‍കും.
വ്യാഴാഴ്ച സൂര്യഗ്രഹണമായതിനാല്‍ രാവിലെ 7.30 മുതല്‍ 11.30 വരെ നട അടച്ചിടും. ഈ സമയങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമുണ്ടാകും. അതേസമയം പോലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ സന്നിധാനത്തും ശരണപാതയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Content Highlights: rush of pilgrims to Sannidhanam continues