-
ശബരിമല: മകരവിളക്കിനായി കാത്തുനിന്ന് ഭക്തജനലക്ഷങ്ങള്‍ സന്നിധാനത്ത്. വൈകിട്ട് 6.45 ന് അകം ശ്രീകോവിലില്‍ ദീപാരാധന നടക്കും. അതിന് മുമ്പ് പന്തളത്തുനിന്നുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള സംഘം സന്നിധാനത്തെത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ഭഗവാന്റെ ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടിലും ദീപാരാധന നടക്കും.
ഈ സമയത്ത് ആകാശത്ത് മകര നക്ഷത്രം മിന്നിമറയും. ഈ അപൂര്‍വ കാഴ്ചകള്‍ കണ്ട് പുണ്യം നേടാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് സന്നിധാനത്തും പരിസരങ്ങളിലുമായി തമ്പടിച്ചിരിക്കുന്നത്.
താപസ ഭാവത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ. എന്നാല്‍ വില്ലാളിവീരനായ ഭാവത്തില്‍ കാണണമെന്ന പിതാവായ പന്തളത്ത് രാജാവിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായാണ് ഈ ഒരു ദിവസം തിരുവാഭരണങ്ങള്‍ സ്വീകരിക്കുന്നത്. ഈ വിശ്വാസത്തിന്റെ ഭാഗമായാണ് പന്തളത്തുനിന്ന് തിരുവാഭരണങ്ങളും പിതൃസ്ഥാനീയരായ പന്തളം രാജകുടുംബത്തില്‍ നിന്നുള്ള പ്രതിനിധിയും എല്ലാ മകരസംക്രമ ദിനത്തിലും സന്നിധാനത്തെത്തുന്നത്.
ശബരിമലയില്‍ ക്ഷേത്രം സ്ഥാപിച്ചതെന്ന് കരുതുന്നതും മകരസംക്രമ ദിനത്തിലാണെന്നാണ് വിശ്വാസം. അയ്യപ്പന്‍ ജനിച്ചെന്ന് കരുതുന്നതും, അയ്യപ്പന്‍ ശബരിമല ക്ഷേത്രത്തിലെ ധര്‍മ ശാസ്താവിന്റെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചെന്ന് കരുതുന്നതും ഈ ദിനത്തിലാണ്. ഇത്രത്തോളം പ്രാധാന്യമാണ് മകരസംക്രമ ദിനത്തില്‍ ശബരിമലയ്ക്കുള്ളത്.
മകരസംക്രമ സന്ധ്യയില്‍ അയ്യനെയും പൊന്നമ്പലമേട്ടിലെ ദീപാരാധനയും ആകാശത്തെ മകര നക്ഷത്രത്തെയും കണ്ട് സായൂജ്യമടയാന്‍ ഭക്തര്‍ കാത്തുനില്‍ക്കുകയാണ്.
Content Highlights: lakhs of devotees waiting for Sabarimala Makaravilakku