87-ലും മുന്‍പേ നടക്കുന്നു, അമ്പലപ്പുഴ സമൂഹപ്പെരിയോന്‍


1 min read
Read later
Print
Share
kalathil chandrashekharan nair
അമ്പലപ്പുഴ: മുന്നൂറ്റന്‍പതിലേറെ തവണ അയ്യപ്പനെ കണ്ടുതൊഴുതതിന്റെ പുണ്യവുമായി വീണ്ടും ശബരിമലയാത്രയ്‌ക്കൊരുങ്ങുകയാണ് അമ്പലപ്പുഴ സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍. 86 വയസ്സ് പിന്നിട്ടിട്ടും യാത്രയുടെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. തുടര്‍ച്ചയായ ഇരുപത്തൊന്നാം വര്‍ഷമാണ് എരുമേലി പേട്ടയ്ക്കും ശബരിമല തീര്‍ഥാടനത്തിനും അദ്ദേഹം സംഘത്തെ നയിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍നിന്ന് രഥഘോഷയാത്രയായി സംഘം പുറപ്പെടും. ശബരിമല ധര്‍മശാസ്താവിന്റെ മാതൃസ്ഥാനീയരാണ് അമ്പലപ്പുഴ ദേശക്കാര്‍ എന്നാണ് സങ്കല്പം. ആചാരപരമായ ചില അവകാശങ്ങളും അമ്പലപ്പുഴക്കാര്‍ക്ക് ശബരിമലയിലുണ്ട്.

ആചാരവും വ്രതാനുഷ്ടാനവും പാലിച്ച് അമ്പലപ്പുഴ ദേശത്തുനിന്ന് ഏറ്റവും കൂടുതല്‍ തവണ ശബരിമലദര്‍ശനം നടത്തിയിട്ടുള്ള സാത്വികഭക്തനെയാണ് മൂപ്പുമുറയനുസരിച്ച് സമൂഹപ്പെരിയോനായി അവരോധിക്കുക.

1998-ല്‍ അന്നത്തെ സമൂഹപ്പെരിയോന്‍ രാമചന്ദ്രക്കുറുപ്പ് അന്തരിച്ചപ്പോഴാണ് ചന്ദ്രശേഖരന്‍നായര്‍ ഈ സ്ഥാനത്തെത്തിയത്. 21 വര്‍ഷമായി അമ്പലപ്പുഴക്കാരുടെ ആഴിപൂജകള്‍ക്കും ആചാരപ്രകാരമുള്ള ശബരിമലയാത്രയ്ക്കും മുഖ്യകാര്‍മികത്വം വഹിക്കുന്നതിന്റെ സന്തോഷത്തിലാണ് ചന്ദ്രശേഖരന്‍നായര്‍.

സമൂഹപ്പെരിയോനായശേഷം എല്ലാ മലയാളമാസവും നടതുറക്കുമ്പോഴും മറ്റ് വിശേഷങ്ങള്‍ക്കും ശബരിമലദര്‍ശനം നടത്തും. അധ്യാപകജോലിയില്‍നിന്ന് വിരമിച്ച അദ്ദേഹം അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 2012-ല്‍ വിടപറയുന്നതുവരെ മാസപൂജാവേളകകളില്‍ സഹധര്‍മിണി സുകുമാരിയമ്മയും അയ്യപ്പദര്‍ശനത്തിന് ഒപ്പമുണ്ടാകുമായിരുന്നു.

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.സി.ഹരികുമാര്‍ (അധ്യാപകന്‍, കണിച്ചുകുളങ്ങര വി.എച്ച്.എസ്.), കെ.സി.കൃഷ്ണകുമാര്‍ (ചീഫ് സബ് എഡിറ്റര്‍, മാതൃഭൂമി, കോഴിക്കോട്) എന്നിവരാണ് മക്കള്‍. എസ്.മഞ്ജുഷ (ക്ലാര്‍ക്ക്, മജിസ്‌ട്രേറ്റ് കോടതി, അമ്പലപ്പുഴ), ടി.ആര്‍.ജയാദേവി (അധ്യാപിക, ഭാരതീയ വിദ്യാഭവന്‍, കോഴിക്കോട്) എന്നിവര്‍ മരുമക്കളും.

content highlights: sabarimala, kalathil chandrashekharan nair

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram