ശബരിമല: അയ്യപ്പസ്വാമിയെ നേരിൽക്കണ്ട് അനുഗ്രഹം വാങ്ങാൻ ഇസ്രായേലിൽനിന്ന് അവർ ശബരിമല സന്നിധാനത്തെത്തി. ഇസ്രായേലിലെ റിട്ട. എൻജിനീയറുടെ നേതൃത്വത്തിലെത്തിയ സംഘത്തിന് സഹായം ചെയ്തുകൊടുത്തത് ഒരു മാധ്യമപ്രവർത്തകൻ.
ഇവരെത്തിയ വിവരം മാധ്യമപ്രവർത്തകൻ, സുരക്ഷാചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ ഡോ. എ.ശ്രീനിവാസിന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം ദേവസ്വം ഭാരവാഹികളുമായി ബന്ധപ്പെട്ടു.
തുടർന്നാണ് ദർശനത്തിന് അവസരം ഒരുക്കിയത്. ഗാബി, താലി, ഡോവ്, സെവി എന്നീ നാല് എൻജിനീയർമാർക്കും ക്ഷേത്രദർശനം നടത്തുമ്പോൾ പാലിക്കേണ്ട രീതികൾ സ്പെഷ്യൽ ഓഫീസർ വിശദീകരിച്ചുകൊടുത്തു. തിരുസന്നിധിയിൽ ചമ്രംപടിഞ്ഞിരുന്നാണ് അവർ അത് ശ്രദ്ധയോടെ കേട്ടത്.
ഉച്ചപ്പൂജാസമയത്താണ് ഇവർ എത്തിയത്. ഭഗവാനെ വണങ്ങി പ്രസാദം വാങ്ങി. പോലീസ് മെസിൽനിന്ന് ഭക്ഷണവും കഴിച്ച് സംഘം മലയിറങ്ങി. നാലുപേരും ജൂതമതവിശ്വാസികളാണ്. ശബരീശനെ തൊഴാനായത് അനുഗ്രഹമാണെന്ന് നാലുപേരും പറഞ്ഞു. നാലുപേരുടെയും ഭാര്യമാർ പമ്പ വരെ എത്തിയിരുന്നു.
content highlights: devotees from Israel offers prayer at sabarimala