ദിവ്യദൂതിന്റെ ഉറവിടം


അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി

1 min read
Read later
Print
Share

മനുഷ്യചരിത്രത്തിൽ ദൈവത്തെ നിഷേധിച്ചവർ കുറച്ചുമാത്രം

ആരാണ് ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതും സൂര്യനെയും ചന്ദ്രനെയും വഴക്കിത്തന്നതുമെന്ന് നീ അവരോടു ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ പറയും. പിന്നെങ്ങനെയാണവർ വഴിതെറ്റിക്കപ്പെടുന്നത്? (ഖുർആൻ 29: 61)

ദൈവമുണ്ട്. മനുഷ്യചരിത്രത്തിൽ ദൈവത്തെ നിഷേധിച്ചവർ കുറച്ചുമാത്രം. മുഹമ്മദ് നബിയുടെ ജനത ആകാശഭൂമികളെ സൃഷ്ടിച്ചതു ദൈവമാണെന്നു വിശ്വസിച്ചിരുന്നതായി ഖുർആൻ പറയുന്നു. എത്ര ദൈവമുണ്ടെന്നതായിരുന്നു സന്ദേഹം. ദൈവം (പരബ്രഹ്മം) ഒന്നേയുള്ളൂ. ഒരേ ഒരു ദൈവമുണ്ടാകാനേ തരമുള്ളൂ. കാരണം പ്രപഞ്ചത്തിന്റെ പിന്നിലുള്ള ശക്തികളുടെ അവസാനത്തെ ശക്തിയാണ് ദൈവം. അവസാനം ഒന്നേയുണ്ടാകൂ. ഒന്നിലധികമുള്ളത് അവസാനത്തേതാകുകയില്ല.

പരബ്രഹ്മമായ ദൈവം ഒന്നേയുള്ളൂ. അതിൽ തർക്കങ്ങളില്ല.ഗ്രന്ഥം ലഭിച്ചവരേ! നമുക്കിടയിലെ സമവായത്തിലേക്കു വരിക; അല്ലാഹുവിനെ അല്ലാതെ ആരാധിക്കാതിരിക്കുക; ഒന്നിനെയും അവന്റെ പങ്കാളിയാക്കാതിരിക്കുക; അല്ലാഹുവിനെയല്ലാതെ നമ്മിൽ ചിലരെ നാം ദൈവങ്ങളാക്കാതിരിക്കുക (ഖുർആൻ 3: 64)
വേദഗ്രന്ഥം ലഭിച്ചവരെയാണ് ഖുർആൻ സംബോധന ചെയ്യുന്നത്. വേദം ലഭിച്ചവർ ദൂതന്മാർ ആണ്. എവിടെയൊക്കെ ദൂതന്മാർ വന്നു എന്നു നിശ്ചയിച്ചു പറയാനാവില്ല. നിനക്കു മുമ്പ് നാം ദൂതന്മാരെ അയച്ചിട്ടുണ്ട്. നിനക്കു നാം ചരിത്രം പറഞ്ഞുതന്നവരും പറഞ്ഞുതരാത്തവരും അക്കൂട്ടത്തിലുണ്ട്. (ഖുർആൻ 40: 78). മനുഷ്യർ താമസിക്കുന്നയിടങ്ങളിലെല്ലാം ദൈവദൂത് എത്തിയിരിക്കണം.

ദൂതന്മാരെ അയയ്ക്കുന്നത് ഒരേയൊരു ദൈവമാണ്. ദിവ്യസന്ദേശങ്ങൾ കൈമാറാനാണ് എല്ലാവരും നിയുക്തരായത്. അതു കൊണ്ടുതന്നെ അവർക്കിടയിൽ വിവേചനം കല്പിക്കാൻ പാടില്ല. നിങ്ങൾ പറയുക; അല്ലാഹുവിലും അവനിൽ നിന്നു ഞങ്ങൾക്ക് അവതീർണ്ണമായതിലും ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅഖൂബിനും സന്തതികൾക്കും അവതീർണമായതിലും മൂസ, ഈസ എന്നിവർക്ക് നൽകപ്പെട്ടതിലും പ്രവാചകന്മാർക്ക് അവരുടെ രക്ഷിതാവിൽ നിന്ന് നൽകപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപ്പിക്കുന്നില്ല. ഞങ്ങൾ അവനു കീഴ്‌പ്പെട്ടവരാകുന്നു (ഖുർആൻ 2: 136)
ദിവ്യദൂതിന്റെ ഉറവിടം ഒന്നാണ്. ഒരേ ദൈവത്തിലാണ് എല്ലാവരും വിശ്വസിക്കുന്നത്. സൃഷ്ടികളൊക്കെ ഒരുപോലെ ദൈവത്തിന്റെ ആശ്രിതരാണ്. നമുക്കു സ്നേഹിച്ചു കഴിയാം. പരസ്പരം ഉൾക്കൊള്ളാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram