ദുബായ്: ദുബായിലെ നോമ്പുതുറയിൽ ഇത്തവണ ചക്കയാണ് താരം. ചക്ക കൊണ്ടുള്ള പലഹാരങ്ങൾ മുതൽ മലയാളിയുടെ ഓർമയിലുള്ള ചക്കപ്പുഴുക്ക് വരെ തീൻമേശയിലെത്തുന്നുണ്ട് ഈ ഇഫ്താർ നാളുകളിൽ.
കേരളത്തിന്റെ ദേശീയ പഴമായതോടെയാണ് ചക്കയ്ക്ക് ഗൾഫിലും പ്രിയമേറിയത്. ഈ അവസരം മുതലാക്കാൻ വിവിധ മലയാളി െറസ്റ്റാറന്റുകളിൽ ചക്ക വിഭവങ്ങൾ സ്ഥാനം പിടിച്ചു. ദുബായിലെ കാലിക്കറ്റ് നോട്ടുബുക്ക് െറസ്റ്ററന്റുകളിൽ ഇരുപത്തഞ്ച് തരം ചക്ക വിഭവങ്ങളോടെ ഒരുക്കുന്ന നോമ്പുതുറയാണ് ഇതിൽ ശ്രദ്ധേയം.
പഴുത്ത ചക്ക അട, ചക്ക ചട്ടിപ്പത്തിരി, ചക്ക മസാലറോൾ, ചക്ക എരിശ്ശേരി സമൂസ, ചക്കപ്പഴം ഉണ്ണിസുഖിയൻ, ചക്ക ഹൽവ, ചക്ക കേസരി, ചക്ക കട്‌ലറ്റ് എന്നിവയടക്കം 20- തരം പലഹാരങ്ങളും ചക്കപ്പുഴുക്ക്, ചക്കക്കുരു ബീഫ് ഉലത്തിയത്, ചക്ക ചേർത്തുള്ള മട്ടൻ വരട്ടിയത്, ചക്കയും ചിക്കനും ചേർത്തുള്ള കറി ഉൾപ്പെടെ 15 പ്രധാന ഭക്ഷണവുമാണ് ഇവിടത്തെ തീൻമേശയിൽ അണിനിരക്കുന്നത്. ചക്കവിഭവങ്ങൾ കഴിക്കാൻ മാത്രം നിത്യേന മലയാളികളോടൊപ്പം ഇതര രാജ്യക്കാരും എത്തുന്നതായി കാലിക്കറ്റ് നോട്ട്ബുക്ക് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഷെഫ് വിജീഷ് പറയുന്നു. ചക്കവിഭവങ്ങളുടെ ഇഫ്താർ കിറ്റും ഇവിടെ ലഭ്യമാണ്.
മലയാളികളെ സംബന്ധിച്ചിടത്തോളം ചക്ക ഗൃഹാതുരത്വമുണ്ടാക്കുന്ന പഴമാണ്. ഇവിടെ ചക്കയ്ക്ക് നല്ല വിലയായതിനാൽ പലപ്പോഴും സാധാരണക്കാർ തങ്ങളുടെ ചക്കക്കൊതി അടക്കിവയ്ക്കുന്നു. ഒരു മുഴു ചക്കയ്ക്ക് 250 ദിർഹവും പത്തോളം ചൊളകളുള്ള കഷ്ണത്തിന് പത്ത് ദിർഹത്തോളവും സൂപ്പർ- ഹൈപ്പർമാർക്കറ്റുകളിൽ നൽകണം. തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ചക്കകൾ യു.എ.ഇ.യിൽ ലഭ്യമാണെങ്കിലും അതിന് കേരളത്തിലെ ചക്കയുടെ സ്വാദുണ്ടായിരിക്കില്ല. കേരളത്തിൽ നിന്ന് നേരിട്ട് ചക്ക എത്തിച്ചാണ് മിതമായ നിരക്കിൽ ചക്ക വിഭവങ്ങളൊരുക്കുന്നതെന്ന് വിജീഷ് പറയുന്നു. വിവിധ എമിറേറ്റുകളിലുള്ള ആറ് െറസ്റ്റാറന്റുകളിലായി മുപ്പത് കിലോ ചക്കയാണ് അവർ നിത്യേന ഉപയോഗിക്കുന്നത്. ഇപ്രാവശ്യം വിവിധ സംഘടനകളുടെ ഇഫ്താറുകളിലും ചക്കവിഭവങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്.