വളാഞ്ചേരി: വെട്ടിച്ചിറ പുന്നത്തല ലക്ഷ്മി നരസിംഹമൂര്‍ത്തീവിഷ്ണുക്ഷേത്രത്തിന് തിലകക്കുറിയായി സമൂഹനോമ്പുതുറ. ക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷ്ഠാദിനച്ചടങ്ങുകളുടെ ഭാഗമായാണ് വ്യാഴാഴ്ച നോമ്പുതുറ സംഘടിപ്പിച്ചത്. ഇഫ്താറില്‍ കുട്ടികളുള്‍പ്പെടെ നാനൂറോളമാളുകള്‍ പങ്കെടുത്തു.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും കഴിഞ്ഞവര്‍ഷം റംസാന്‍വ്രതകാലത്ത് നടന്ന പ്രതിഷ്ഠാച്ചടങ്ങുകള്‍ക്കും നാട്ടുകാരായ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുടെ അകമഴിഞ്ഞ സാമ്പത്തികസഹായമുണ്ടായിരുന്നു.
റംസാന്‍സമയമായതിനാല്‍ ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നടക്കുന്ന പ്രസാദഊട്ടില്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാലാണ് പ്രതിഷ്ഠാദിനച്ചടങ്ങില്‍ നോമ്പുതുറ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞവര്‍ഷവും ഇവിടെ ഇഫ്താര്‍സംഗമം ഒരുക്കിയിരുന്നു. ലളിതമായ നോമ്പുതുറയില്‍ പഴങ്ങളും പച്ചക്കറി ബിരിയാണിയും വിളമ്പി.
ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് ടി. ബാബു, സെക്രട്ടറി പി.ടി. മോഹനന്‍, കെ.പി. ബൈജു, സി. ഉണ്ണിക്കൃഷ്ണന്‍, സി. മായാണ്ടി, കെ.പി. വിശ്വനാഥന്‍ എന്നിവര്‍ക്കുപുറമേ പ്രതിഷ്ഠാദിനച്ചടങ്ങുകളുടെ പ്രോഗ്രാംകമ്മിറ്റി ചെയര്‍മാന്‍ അരീക്കാടന്‍ മമ്മു, കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍, കെ.പി. കരീം, ടി.കെ. ഉണ്ണിഹാജി വെട്ടിച്ചിറ, സലീം കൊട്ടേക്കാടന്‍ തുടങ്ങിയവരും നേതൃത്വംനല്‍കി.